കൊച്ചി: സൈബര്‍ തട്ടിപ്പുകാരെ വലയിലാക്കാന്‍ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ "ഓപ്പറേഷന് സൈ ഹണ്ടി’ല്‍ പിടികൂടിയത് 300 കോടിയിലധികം രൂപയുടെ തട്ടിപ്പുകള്‍.
382 കേസുകളിലായി 14 ജില്ലകളില്‍നിന്നു 263 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നു മാസം നീണ്ട വിശദമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പോലീസ് നടപടി. തട്ടിപ്പിന്റെ ഭാഗമാണെന്ന് പോലീസ് സംശയിക്കുന്ന 125 പേരെ നോട്ടീസ് നല്കി നിരീക്ഷണത്തില്‍ വിട്ടയച്ചു.
സംശയാസ്പദമായി ചെക്കുകള്‍ ഉപയോഗിച്ചു പണം പിന്‍വലിച്ച 2,683 പേരുടെയും എടിഎം വഴി പണം പിന്‍വലിച്ച 361 പേരുടെയും അക്കൗണ്ടുകള്‍ വാടകയ്ക്കു നല്കിയ 665 പേരുടെയും വിവരങ്ങള്‍ ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍നിന്നു ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ലഭ്യമായ വിവരങ്ങളില്‍ മാസങ്ങള്‍ നീണ്ട പരിശോധനകള്‍ക്കുശേഷം മതിയായ തെളിവുകള്‍ ശേഖരിച്ചാണു പോലീസ് പ്രതികളെ പിടികൂടിയത്.
രാജ്യവ്യാപകമായി സംഘടിത സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി തട്ടിയെടുത്ത പണം ചെക്കുകള്‍ ഉപയോഗിച്ചും എടിഎം വഴിയും പിന്‍വലിച്ച് അനധികൃത സാമ്പത്തികനേട്ടം ഉണ്ടാക്കിയവരെയും അക്കൗണ്ടുകള്‍ വാടകയ്ക്കു നല്കി കമ്മീഷന് പറ്റിയവരെയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നേരിട്ടു ബന്ധമില്ലാത്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെടിട്ടുള്ളവരെയാണു നോട്ടീസ് നല്കി വിട്ടയച്ചിട്ടുള്ളത്. ഇവരെ വിശദമായി പിന്നീട് ചോദ്യം ചെയ്യും.
കേരള പോലീസ് സൈബര്‍ ഓപ്പറേഷന്റെയും റേഞ്ച് ഡിഐജിമാരുടെയും ജില്ലാ പോലീസ് മേധാവിമാരുടെയും മേല്‍നോട്ടത്തില്‍ ഇന്നലെ രാവിലെ ആറുമുതല്‍ ആരംഭിച്ച സംസ്ഥാനവ്യാപക പരിശോധന രാത്രിയോടെയാണു പൂർത്തിയായത്.
അറസ്റ്റിലായവരുടെ പേരില്‍ വഞ്ചനാക്കുറ്റമടക്കം ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പിടിയിലായ പ്രതികള്‍ മുഴുവന്‍ മ്യൂള്‍ അക്കൗണ്ടുകളാണ് ഉപയോഗിച്ചിരുന്നത്. പലര്‍ക്കും വലിയ തുകയാണ് തട്ടിപ്പിനു കമ്മീഷനായി ലഭിച്ചിരുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്കു നല്കിയ സംഭവങ്ങളില്‍ ബാങ്കുകളുടെ പങ്കും പോലീസ് പരിശോധിക്കും.
തട്ടിപ്പിന് ഇരകളാക്കപ്പെട്ടവരുടെ പണം വീണ്ടെടുക്കല്‍ പോലീസിനു വെല്ലുവിളിയാകും. അറസ്റ്റിലായ പ്രതികളുടെ വിദേശബന്ധങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.
സംസ്ഥാനവ്യാപക പരിശോധകള്‍ക്കുശേഷം നടന്ന പത്രസമ്മേളനത്തില്‍ സൈബര്‍ ഓപ്പറേഷൻസ് എഡിജിപി എസ്. ശ്രീജിത്ത്, എറണാകുളം റേഞ്ച് ഡിഐജി സതീഷ് ബിനോ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ എന്നിവര്‍ പങ്കെടുത്തു.
പണം പോയതു മുഴുവന്‍ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ
കൊച്ചി: സൈ ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്ത ഭൂരിഭാഗം കേസുകളിലും പണം നഷ്ടപ്പെട്ടത് ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ. 
തട്ടിപ്പുസംഘം വാഗ്ദാനം ചെയ്യുന്ന അമിതലാഭത്തില്‍ വീണുപോയവരാണ് ഇരകളില്‍ ഒട്ടുമിക്കവരും. ഒടുവില്‍ ലാഭമോ മുതല്‍മുടക്കോ തിരിച്ചുകിട്ടാതാകുന്നതോടെയാണ് ഇവരില്‍ പലരും പോലീസിനെ സമീപിക്കുന്നത്.
സൈ ഹണ്ടില്‍ രജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ 34.8 ശതമാനവും ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി പണം നഷ്ടപ്പെട്ട സംഭവങ്ങളാണ്. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളും ഇത്രയുംതന്നെ വരും. 33 ശതമാനം.
ഇതിനു പുറമെ വിവിധ പരസ്യങ്ങള്‍ മുഖേനയുള്ള സാമ്പത്തികതട്ടിപ്പ് (രണ്ടു ശതമാനം), വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ചുള്ള തട്ടിപ്പ് (2.9 ശതമാനം), വ്യാജ ലോണ്‍ ആപ്പുകള്‍ ഉപോഗിച്ചുള്ള തട്ടിപ്പ് (6.2 ശതമാനം), സ്വകാര്യ സാമ്പത്തിക വിവരങ്ങള്‍ മോഷ്ടിച്ച ശേഷമുള്ള തട്ടിപ്പുകള്‍ (6.5 ശതമാനം), നിക്ഷേപം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍( 6.5 ശതമാനം) എന്നിങ്ങനെയാണു രജിസ്റ്റര്‍ ചെയ്ത മറ്റു കേസുകളുടെ കണക്ക്.
കൂടുതല്‍ കേസുകള്‍ കോഴിക്കോട്;അറസ്റ്റ് എറണാകുളത്ത്
ഓപ്പറേഷന് സൈ ഹണ്ടില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട്–67. കോഴിക്കോട് സിറ്റിയില്‍ 43 കേസും റൂറലില്‍ 24 കേസും രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത് എറണാകുളത്താണ്. 46 പേരെ. റൂറലില്‍ 43 പേരും സിറ്റിയില്‍ മൂന്നുപേരും അറസ്റ്റിലായി.
എന്താണ് സൈ ഹണ്ട് ?
സംസ്ഥാന വ്യാപകമായി സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സംഘടിത സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ പിടികൂടുന്നതിനും ഇരകള്‍ക്കു നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമനടപടി വേഗത്തിലാക്കുന്നതിനും കേരള പോലീസ് നടപ്പിലാക്കിയ പദ്ധതി. സൈബര്‍ പോലീസ് ഉള്‍പ്പെടെ പോലീസിലെ എല്ലാ വിഭാഗവും ഓപ്പറേഷന്റെ ഭാഗമാണ്.
മൂന്നു മാസം നീണ്ട രഹസ്യനീക്കം
കൊച്ചി: കാര്യമായ പണം കൈമാറ്റം നടക്കാത്ത അടുത്തിടെ മാത്രം സജീവമായ ബാങ്ക് അക്കൗണ്ടില്‍ ഒരുദിവസം അഞ്ചു ലക്ഷം രൂപ എത്തുന്നു. പണം അക്കൗണ്ടില്‍ ക്രെഡിറ്റായതിനു നിമിഷങ്ങള്‍ക്കകം അത് പിന്‍വലിക്കുന്നു. ഇതില്‍ അസ്വാഭാവികത തോന്നിയ പോലീസ് അക്കൗണ്ട് വിവരങ്ങള്‍ തേടി ഇറങ്ങുന്നു. അന്വേഷണത്തില്‍ ഇത് മ്യൂള്‍ അക്കൗണ്ടാണെന്ന് ഉറപ്പാക്കിയതോടെ വിശദമായ അന്വേഷണം. ഒടുവില്‍ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന ആളിലേക്ക് എത്തിയതോടെ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു.
മൂന്നു മാസം നീണ്ട സൈലന്റ് ഓപ്പറേഷനൊടുവിലാണ് പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്താല്‍ കഴിഞ്ഞിരുന്ന ഇത്തരം സാമ്പത്തികതട്ടിപ്പ് പ്രതികളിലേക്ക് പോലീസ് എത്തിയത്. പതിവില്‍നിന്നു വിപരീതമായി പരാതി ലഭിച്ച ശേഷമായിരുന്നില്ല പോലീസിന്റെ അറസ്റ്റ്. നാഷണല്‍ ക്രൈം പോര്‍ട്ടലില്‍നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലായിരുന്നു വ്യാപക അറസ്റ്റ്. സംശയം തോന്നിയ 2000ത്തില്‍ അധികം ആളുകള്‍ക്കു പിന്നാലെയാണ് ഈ മൂന്നു മാസംകൊണ്ട് പോലീസ് നടന്നത്.
പിടിയിലായവരില്‍ ഹാക്കിംഗ് പഠിക്കാനെത്തിയ ആളും
"ഓപ്പറേഷന് സൈ ഹണ്ടി’ല്‍ പിടിയിലായവരില്‍ ഹാക്കിംഗ് പഠിക്കാന്‍ എത്തിയയാളും. പാലാരിവട്ടത്തെ സ്വകാര്യസ്ഥാപനത്തില്‍ ഹാക്കിംഗ് പഠിക്കാനെത്തിയ ചെങ്ങന്നൂര്‍ പുത്തന്‍കാവ് പള്ളിപ്പടിനിരത്തില് വീട്ടില്‍ ആല്വിന് അജു തോമസാണ് സൈബര്‍ തട്ടിപ്പില്‍ സൗത്ത് പോലീസിന്റെ അറസ്റ്റിലായത്. സ്ഥാപനത്തില്‍ വച്ച് പരിചയപ്പെട്ട പാലക്കാട്, ഇടുക്കി സ്വദേശികളുടെ സഹായത്തോടെ കമ്പനി രൂപീകരിച്ചാണ് സൈബര്‍ തട്ടിപ്പ് നടത്തിയത്. കോഴിക്കോട് സ്വദേശിയും തട്ടിപ്പിന്റെ സൂത്രധാരനാണ്. ഇവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.