പിറവം: മൊസാംബിക്കിലെ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞു കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പിറവം വെളിയനാട് പോത്തംകുടിലിൽ ഇന്ദ്രജിത്ത് സന്തോഷിന്റെ(22) മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ബോട്ടിനുള്ളിൽനിന്നു ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് ഇന്ദ്രജിത്തിന്റെ മൃതദേഹമാണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. അപകടത്തിൽപ്പെട്ട മറ്റുള്ളവരുടെയും മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം. കൊല്ലം തേവലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണനും അപകടത്തിൽ മരിച്ചിരുന്നു.
കഴിഞ്ഞ 16നു പുലർച്ചെയാണു തുറമുഖത്തുനിന്നു 31 നോട്ടിക്കൽ മൈൽ ദൂരെ നങ്കൂരമിട്ടിരുന്ന സ്വീ-ക്വസ്റ്റ് എണ്ണക്കപ്പലിലേക്കു ജോലിക്കാരുമായി പുറപ്പെട്ട ബോട്ട് മറിഞ്ഞത്. ഇന്ദ്രജിത്ത് ഉൾപ്പെടെ 21 പേരാണു ബോട്ടിൽ ഉണ്ടായിരുന്നത്.
ഷാർജ ആസ്ഥാനമായുള്ള ഏരീസ് മറൈൻ ആൻഡ് എൻജിനീയറിംഗ് സർവീസ് കമ്പനിയിലെ ജോലിക്കാരായിരുന്നു ഇവർ. ശക്തമായ തിരയിൽപ്പെട്ടു മറിഞ്ഞ ബോട്ടിൽനിന്നു കോന്നി സ്വദേശി ആകാശ് ഉൾപ്പെടെ 16 പേർ രക്ഷപ്പെട്ടു.