വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മതനേതാക്കൾക്കും മുന്നിൽ മലയാളഗാനം മുഴങ്ങിയപ്പോൾ അത് കേരളക്കരയ്ക്കും അഭിമാനനിമിഷമായി.
മതാന്തര സംവാദങ്ങളും ബന്ധവും സംബന്ധിച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖയായ ‘നോസ്ത്ര എത്താത്തെ’(Nostra aetate) പുറത്തിറങ്ങിയതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് പോൾ ആറാമൻ ഹാളിലായിരുന്നു ‘പ്രതീക്ഷയിൽ ഒന്നിച്ച്’ എന്ന പേരിലുള്ള സംഗീതപരിപാടി.
കേരളത്തിന്റെ പ്രിയ ഗായകൻ വിജയ് യേശുദാസാണ് പ്രശസ്ത കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസിയുടെ അകന്പടിയോടെ ‘ദൈവസ്നേഹം വർണിച്ചിടാൻ വാക്കുകൾ പോരാ......’ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും ...’ എന്നീ ഗാനങ്ങൾ ആലപിച്ചത്. സ്നേഹവും സൗഹൃദവും ദൈവഭക്തിയും നിറഞ്ഞ ഈ ഗാനങ്ങൾ വേദിയിലുണ്ടായിരുന്ന എല്ലാവരെയും ആകർഷിച്ചു.
മതസൗഹൃദത്തിന്റെ സന്ദേശവുമായി ഒരുക്കിയ പരിപാടി മനുഷ്യസ്നേഹത്തിന്റെ പ്രാധാന്യം ശക്തമായി ഉയർത്തിക്കാട്ടി. ചടങ്ങിനിടെ കുട്ടികളുടെ സംഘത്തോടൊപ്പം മാർപാപ്പയും സംഗീതനിമിഷങ്ങളിൽ പങ്കുചേർന്നു. സംസ്കൃതം, ഹിന്ദി, തമിഴ് ഭാഷകളിലായി ഒരുക്കിയ സംഗീതപരിപാടിയിൽ അവസാനനിമിഷമാണു മലയാള ഗാനങ്ങൾ ഉൾപ്പെടുത്തിയത്.
മാർപാപ്പയ്ക്കു മുന്നിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞത് മലയാളി എന്നപേരില്‍ അഭിമാനനിമിഷമായിരുന്നുവെന്ന് സ്റ്റീഫന്‍ ദേവസി പ്രതികരിച്ചു. തന്റെ പിതാവ് യേശുദാസും വത്തിക്കാനില്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നതായി വിജയ് യേശുദാസ് പറഞ്ഞു. ആ ശബ്ദത്തിന്റെ ഒരു ഭാഗം തന്നിലൂടെ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു.
നീതിക്കുവേണ്ടിയുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ഗിവ് ലൈഫ് ഫൗണ്ടേഷനിലെ ഡോ. ബാര്‍ട് ഫിഷറും ഡോ. സഞ്ജന ജോണുമാണ് സംഗീതപരിപാടിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ മതനേതാക്കൾ ഉൾപ്പെടെ രണ്ടായിരത്തോളം പേർ സദസിലുണ്ടായിരുന്നു.
‘നോസ്ത്ര എത്താത്തെ’യ്ക്കു പ്രസക്തിയേറുന്നു: മാർപാപ്പ
സമ്മേളനത്തിൽ പ്രഭാഷണം നടത്തിയ ലെയോ പതിനാലാമൻ മാർപാപ്പ, ‘നോസ്ത്ര എത്താത്തെ’ എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖ ആധുനിക സമൂഹത്തിലും മുൻകാലങ്ങളിലെന്നപോലെ ഏറെ പ്രസക്തമായി തുടരുന്നുണ്ടെന്ന് ഓർമിപ്പിച്ചു.
മതാന്തര സംവാദങ്ങൾക്കു പ്രത്യാശയുടെ വിത്തുപാകുകയാണ് ‘നോസ്ത്ര എത്താത്തെ’ ചെയ്തത്. ഇന്ന് മതങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും സമാധാനവും തുടങ്ങി വിവിധ ഫലങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്.
നിങ്ങളുടെ സാന്നിധ്യം ഇതാണു വ്യക്തമാക്കുന്നതെന്നും സമ്മേളനത്തിൽ പങ്കെടുത്ത വിവിധ മതനേതാക്കളും പ്രതിനിധികളും വത്തിക്കാനിലേക്കുള്ള നയതന്ത്രപ്രതിനിധികളും അടങ്ങുന്ന രണ്ടായിരത്തിലധികം പേരെ ചൂണ്ടിക്കാട്ടി മാർപാപ്പ പറഞ്ഞു. മാനവികതയ്ക്ക് പ്രത്യാശ പകർന്നുകൊണ്ട് മുന്നോട്ടു പോകാൻ മതാന്തര സംവാദങ്ങൾ സഹായിക്കണമെന്നും മാർപാപ്പ ഓർമിപ്പിച്ചു.
നന്മയുടെയും സ്നേഹത്തിന്റെയും പാതയിൽ ഒരുമിച്ച് മുന്നേറാമെന്ന് ആമുഖപ്രഭാഷണം നടത്തിയ മതാന്തര സംവാദ കാര്യാലയസംഘത്തിന്റെ തലവൻ കർദിനാൾ മാർ ജോർജ് കൂവക്കാട്ട് പറഞ്ഞു. ക്രൈസ്തവ ഐക്യത്തിനായുള്ള വത്തിക്കാൻ വിഭാഗം അധ്യക്ഷൻ കർദിനാൾ കുർട്ട് കോഹ്, വിവിധ മതങ്ങളുടെയും ലോകരാജ്യങ്ങളുടെയും പ്രതിനിധികൾ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Vijay Yesudas Stephen Devasi vatican Pope