Kerala
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച മില്ലുടമ അറസ്റ്റിൽ. തുഷാന്ത് എന്നയാളാണ് പിടിയിലായത്. തന്നെ മൺവെട്ടി കൊണ്ട് വെട്ടുകയും മില്ലിൽ ഉപയോഗിക്കുന്ന ബെൽറ്റ് കൊണ്ട് അടിച്ചെന്നും തമിഴ്നാട് സ്വദേശി ബാലകൃഷ്ണൻ തുറന്നുപറഞ്ഞിരുന്നു.
ശമ്പളം നൽകാതെ രണ്ടുവർഷമായി സ്ഥാപനത്തിൽ നിന്ന് പുറത്തു വിടാതെ ക്രൂരമായി പീഡിപ്പിച്ചു. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ ബാലകൃഷ്ണനെ നാട്ടുകാർ ഇടപെട്ട് മോചിപ്പിച്ച് ആശുപത്രിയിൽ എത്തിച്ചു.
രണ്ടുവർഷം മുൻപാണ് തെങ്കാശി സ്വദേശിയായ ബാലകൃഷ്ണൻ വട്ടിയൂർക്കാവിലെ ഫ്ലോർമില്ലിൽ ജോലിക്ക് കയറുന്നത്. അന്നുമുതൽ തുടങ്ങിയ പീഡനമാണ്. ശമ്പളം നൽകാതെ ജോലി ചെയ്യിപ്പിച്ചു. കഴിഞ്ഞ ദിവസം ഭക്ഷണം ചോദിച്ചതിന് ക്രൂരമായി മർദിക്കുകയും ചെയ്തു.
സംഭവമറിഞ്ഞ സ്ഥലത്ത് എത്തിയ നാട്ടുകാർ ബാലകൃഷ്ണന്റെ അവസ്ഥ കണ്ടു ഞെട്ടി. ശരീരമാസകലം മുറിവുകൾ. പലതും പഴുത്ത് പൊട്ടിയൊലിച്ച അവസ്ഥയിലാണ്. കൈവിരലുകൾ ഒടിഞ്ഞ് എല്ല് പുറത്തുവന്ന അവസ്ഥയിലായിരുന്നു.
ഒടുവിൽ നാട്ടുകാരുടെ ഇടപെട്ട് ബാലകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്താണ് മില്ലുടമ തുഷാന്തിനെ അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: വിമാനത്താവളത്തിൽ യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിലമ്പൂർ സ്വദേശിയും ലോർഡ് കൃഷ്ണ ഫ്ലാറ്റിൽ താമസക്കാരനുമായ മുരിങ്ങാമ്പിള്ളി വീട്ടിൽ സെബിൻ ബെന്നി (30)യെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
അന്താരാഷ്ട്ര ടെർമിനലിലെ കാർ പാർക്കിംഗ് ഏരിയയിൽ വച്ചായിരുന്നു ഇയാൾ യുവതിയെ മർദിച്ചത്. യുവതിയെ തടഞ്ഞുനിർത്തി കഴുത്തിനു കുത്തിപ്പിടിക്കുകയും നിലത്ത് തള്ളിയിട്ട് ധരിച്ചിരുന്ന തിരിച്ചറിയൽ കാർഡും എൻട്രി പാസും ബലമായി പിടിച്ചുപറിച്ചു കൊണ്ടുപോവുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഇൻസ്പെക്ടർ എം.എച്ച്. അനുരാജ്, എസ്ഐ എസ്.എസ് ശ്രീലാൽ, എഎസ്ഐ റോണി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
National
ചണ്ഡീഗഡ്: ഹരിയാനയിൽ ഐപിഎസ് ഉദ്യോഗസ്ഥൻ വൈ. പുരൺ കുമാർ സ്വയം വെടിവച്ച് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി ശത്രുജീത് സിംഗ് കപൂർ, റോഹ്തക് എസ്പി നരേന്ദ്ര ബിജാർണിയ എന്നിവർക്കെതിരെ കേസ്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും പട്ടികജാതി-പട്ടികവർഗ നിയമപ്രകാരവുമാണ് കേസെടുത്തത്.
2001 ബാച്ച് ഉദ്യോഗസ്ഥനായ വൈ. പുരൺ കുമാർ ചണ്ഡീഗഡിലെ സെക്ടർ 11 ലെ തന്റെ വസതിയിൽ വച്ചാണ് ജീവനൊടുക്കിയത്. എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ, ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മാനസിക പീഡനം ആരോപിച്ചിരുന്നു.
പുരൺ കുമാറിന്റെ ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയുമായ അംനീത് പി. കുമാർ, തന്റെ ഭർത്താവിന് നേരെ ജാതി ആക്ഷേപം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. ഹരിയാന മുഖ്യമന്ത്രിക്കും ഇവർ പരാതി നൽകിയിരുന്നു.
സർവീസിലുള്ളവരും വിരമിച്ചവരുമായ 10 മുതിർന്ന ഉദ്യോഗസ്ഥർ മാനസിക പീഡനം നടത്തിയതായി പുരൺ കുമാർ ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചിരുന്നു. ഈ ഉദ്യോഗസ്ഥർ തന്റെ ഔദ്യോഗിക ജീവിതം തകർക്കാൻ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. തുടർച്ചയായ മാനസിക പീഡനത്തിന് താൻ ഇരയായി എന്ന് പുരൺ കുമാർ ആവർത്തിച്ചു പറയുന്നുണ്ട്.
നേരത്തെ റോത്തക്ക് റേഞ്ച് ഇൻസ്പെക്ടർ ജനറലായിരുന്ന പുരണിനെ സെപ്റ്റംബർ 29ന് റോഹ്തക്കിലെ സുനാരിയയിലുള്ള പോലീസ് ട്രെയിനിംഗ് കോളജിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ദളിത് വിഭാഗത്തിൽ നിന്നുള്ള പുരൺ കുമാർ, ഉയർന്ന ജാതിയിലുള്ള മേലുദ്യോഗസ്ഥരിൽ നിന്നും പീഡനം നേരിട്ടതായും ആരോപിച്ചിരുന്നു. 2008ൽ, ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ ജാതിയധിക്ഷേപവുമായി ബന്ധപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ മറ്റ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് ഈ പ്രശ്നം പിന്നീട് പരിഹരിക്കുകയായിരുന്നു.
പുരൺ കുമാറിന്റെ ആത്മഹത്യ ഒരു അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ടതാണെന്ന് സൂചനകളുണ്ടെങ്കിലും, ചണ്ഡിഗഡ് പോലീസ് ഔദ്യോഗികമായി പേരുകൾ പുറത്തുവിട്ടിട്ടില്ല.
നേരത്തെ, ഐപിഎസ് ഉദ്യോഗസ്ഥർക്ക് നൽകിയ സ്ഥാനക്കയറ്റങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പുരൺ കുമാർ മുഖ്യമന്ത്രി നയാബ് സിംഗ് സൈനിക്ക് കത്തയച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ മറികടന്ന്, ധനകാര്യ വകുപ്പിന്റെ മാത്രം സമ്മതത്തോടെയാണ് ഈ സ്ഥാനക്കയറ്റങ്ങൾ അനധികൃതമായി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Kerala
മലപ്പുറം: ഫുട്ബോള്‍ മത്സരത്തിനിടെ കായികാധ്യാപകനെ മര്‍ദിച്ച നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. പരിയാപുരം സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തത്.
മങ്കട ഉപജില്ല സ്കൂള്‍ കായിക മേളക്കിടെ ആയിരുന്നു അധ്യാപകനെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കായിക അധ്യാപകന് ശ്രീരാഗിനാണ് മര്‍ദനമേറ്റത്.
പെരിന്തല്‍മണ്ണ പോളി ടെക്നിക് കോളജ് ഗ്രൗണ്ടില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ഗോള്‍ കീപ്പറെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ശ്രീരാഗിനെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
Kerala
ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ്യുടെ പ്രചാരണവാഹനം തട്ടിയുള്ള അപകടത്തില്‍ കേസെടുത്ത് പോലീസ്. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തത്.
ഇരുചക്രവാഹനത്തില്‍ തട്ടിയിട്ടും നിര്‍ത്താതെ പോയ വിജയ്യുടെ കാരവാന് പിടിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് പോലീസ് നീക്കം. മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിച്ചില്ല എന്നുള്‍പ്പടെ വിജയ്യെ രൂക്ഷമായ വിമര്‍ശിക്കുന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പും പുറത്തുവന്നിരുന്നു.
അതേസമയം, കരൂര്‍ അപകടത്തില്‍ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. ഐജി അസ്റ ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള സംഘം കരൂരിലേക്ക് തിരിച്ചു. അപകടം അന്വേഷിക്കാന്‍ കോടതി നിയോഗിച്ച പ്രത്യേക സംഘത്തില്‍ രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ ആണുള്ളത്. മറ്റ് അംഗങ്ങളെ സംഘത്തലവനായ അസ്ര ഗാര്ഗിന് തീരുമാനിക്കാം.
Kerala
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിന് ഷാജൻ സ്കറിയയ്ക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഐടി ആക്ട് അടക്കം കേസിൽ ഉൾപ്പെടുത്തിയിടുണ്ട്.
സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളി യുവതിയുടെ പരാതിയാലാണ് കേസ്.
ഷാജൻ ചെയ്ത വീഡിയോയ്ക്ക് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിൽ കമന്റ് ചെയ്ത നാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സന്ഹിത 79, 75(3), 3(5) എന്നീ വകുപ്പുകളും ഐടി ആക്ട് 67 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
Kerala
കണ്ണൂർ: സഹപാഠികളായ പെൺകുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചതിന് വിദ്യാർഥികൾക്ക് ക്രൂര മർദനമേറ്റതായി പരാതി. പൊയിലൂരിലാണ് സംഭവം.
പെൺകുട്ടികളുടെ ബന്ധുക്കൾ കാറിൽ കയറ്റിക്കൊണ്ട് പോയി മർദിക്കുകയായിരുന്നു. രണ്ട് കാറുകളിലായി എത്തിയ എട്ടംഗ സംഘമാണ് മർദിച്ചതെന്ന് മർദനമേറ്റ കുട്ടികളിൽ ഒരാളുടെ പിതാവ് പറഞ്ഞു.
പരിക്കേറ്റ കുട്ടികളെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊളവല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കണ്ണൂർ: പോലീസ് ജില്ലാ ഹെഡ്ക്വാട്ടേഴ്സ് പരിസരത്ത് അതിക്രമിച്ചു കയറി പിറന്നാൾ ആഘോഷം നടത്തിയ അഞ്ച് പേർക്കെതിരെ കേസ്. ഈ മാസം 16-ാം തീയതി നടന്ന സംഭവത്തിലാണ് നടപടി.
പ്രതികൾ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഹെഡ്ക്വാട്ടേഴ്സ് പരിസരത്ത് അതിക്രമിച്ചു കയറുകയും യുവതിയെക്കൊണ്ടു പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. കൂടാതെ, സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നാണെന്നു പറഞ്ഞാണു ധന്യ എന്ന് പേരുള്ള യുവതിയെ വിളിക്കുന്നത്. യുവതിയുടെ വാഹനം ഇടിച്ച് ഒരാൾ മരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തണമെന്നുമാണ് വിഡിയോയിലെ സംഭാഷണങ്ങളിലുള്ളത്. ശേഷം സ്ഥലത്തെത്തിയ യുവതിക്ക് സർപ്രൈസായി പിറന്നാൾ ആഘോഷം നടത്തുകയായിരുന്നു.
ദൃശ്യം പ്രചരിച്ചതിനു പിന്നാലെ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. തുടർന്ന് പ്രതികൾ പോലീസുദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ക്യംപിനകത്ത് കയറിയതെന്നു വ്യക്തമായി. കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് ടൗൺ പോലീസ് സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.
National
ചെന്നൈ: കോയമ്പത്തൂരിൽ സ്ലീവ് ലെസ് വസ്ത്രം ധരിച്ച് പൂ മാർക്കറ്റിൽ എത്തിയ യുവതിയ്ക്കെതിരെ സദാചാര വാദികളുടെ അധിക്ഷേപമെന്ന് പരാതി.
കോയമ്പത്തൂർ സ്വദേശിയും നിയമവിദ്യാർഥിനിയുമായ ജനനിക്ക് നേരെയാണ് പൂ മാർക്കറ്റിലെ കച്ചവടക്കാരുടെ അധിക്ഷേപം ഉണ്ടായത്. പൊതു ഇടത്തിൽ മാന്യമായ വസ്ത്രം ധരിക്കണം എന്ന ആക്രോശവും യുവതിയോട് കയർക്കുന്നതും അപമാനിക്കുന്നതും ബഹളം വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
യുവതിയ്ക്കൊപ്പം സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഇരുവരും ഫോട്ടോ എടുക്കുന്ന സമയത്താണ് ഒരുകൂട്ടം ആളുകൾ ഇവർക്കെതിരെ പാഞ്ഞടുത്തത്.
മര്യാദയില്ലാത്ത വസ്ത്രം ധരിച്ചതിന് മാര്‍ക്കറ്റില്‍ നിന്നും പുറത്തുപോകാനാണ് വ്യാപാരി ആവശ്യപ്പെട്ടത്. മാര്‍ക്കറ്റ് പൊതുസ്ഥലമാണെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നും വ്യാപാരികളിലൊരാള്‍ പറയുന്നത് വിഡിയോയിലുണ്ട്.
തര്‍ക്കത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തിൽ യുവതി കോയമ്പത്തൂർ കമ്മീഷണർക്ക് നേരിട്ടെത്തി പരാതി നൽകി. എന്നാൽ യുവതി പൂ മാർക്കറ്റിൽ എത്തി റീല്‍ ചിത്രീകരിക്കുകയായിരുന്നുവെന്നും ഇത് തങ്ങളുടെ ജോലിയ്ക്ക് തടസം നിന്നുവെന്നും ചൂണ്ടിക്കാട്ടി വ്യാപാരികളും യുവതിയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
രണ്ട് പരാതികളും പരിശോധിച്ച് പോലീസ് കേസെടുക്കും. കണ്ടാൽ അറിയാവുന്ന ആറ് പേർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
Kerala
കൊച്ചി: അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി എം.ആര്. അജിത്കുമാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി മുന്‍ എംഎല്‍എ പി.വി. അന്‍വറിനെ കക്ഷിചേര്‍ത്തു.
കൂടാതെ വിജിലന്‍സ് കോടതി ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാനായി സര്‍ക്കാര്‍ ഹര്‍ജി നല്കി. വിജിലന്‍സ് കോടതി ഉത്തരവിലെ തുടര്‍നടപടികള്‍ക്കുള്ള സ്റ്റേ ഒരാഴ്ചകൂടി തുടരും.
ജസ്റ്റീസ് എ. ബദറുദ്ദീന്റെ ബെഞ്ച് ഹര്‍ജികള്‍ 25ന് വീണ്ടും പരിഗണിക്കും. അന്‍വറിനെ കക്ഷിചേര്‍ക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തില്ല. എന്നാല്‍ ഇത് അനുവദിക്കരുതെന്നും അന്‍വര്‍ കേസുമായി ബന്ധമില്ലാത്ത കക്ഷിയാണെന്നും അജിത്കുമാര്‍ വാദിച്ചു.
Kerala
കൽപ്പറ്റ: നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഓഫീസര്‍ക്കുനേരെ പീഡന ശ്രമം. വയനാട് സുഗന്ധഗിരിയിൽ നടന്ന സംഭവത്തിൽ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസർക്കെതിരെ അന്വേഷണം ആരംഭിച്ചു.
സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിനെതിരെയാണ് പരാതി. ഉദ്യോഗസ്ഥയുടെ പരാതിയില്‍ വനംവകുപ്പിന്റെ ഇന്റേണല്‍ കമ്മിറ്റി സംഭവം അന്വേഷിക്കുകയും ആരോപണ വിധേയനായ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു.
രാത്രി ഡ്യൂട്ടിക്ക് ഒരു സ്ത്രീയെ മാത്രം നിയമിച്ചതിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും പോലീസ് അന്വേഷണവും നടക്കുന്നുണ്ട്.
National
ന്യൂഡൽഹി: വിവാഹാഭ്യര്‍ഥന നടത്തിയ 52കാരിയായ കാമുകിയെ 26കാരന് കഴുത്ത് ഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം.
ഫറൂഖാബാദ് സ്വദേശിയായ നാലു മക്കളുടെ അമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അരുണ്‍ രാജ്പുത് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട സ്ത്രീയില്‍ നിന്ന് ഒന്നരലക്ഷത്തോളം രൂപയും അരുണ്‍ വാങ്ങിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ടതും വിവാഹാഭ്യര്‍ഥന നടത്തിയതുമാണ് കൊലപാതകത്തിന് കാരണമായി പോലീസ് പറയുന്നത്.
കര്പരി ഗ്രാമത്തില്‍ ഓഗസ്റ്റ് 11നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
ഒന്നര വര്‍ഷം മുന്‍പാണ് അരുണും സ്ത്രീയും തമ്മില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായത്. പ്രായം കുറച്ച് കാണിക്കാന്‍ സ്ത്രീ ഫില്‍റ്ററുകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് യുവാവ് പറയുന്നത്.
പതിവായി ഇവര്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. ഒടുവില്‍ നേരിട്ട് കണ്ടപ്പോഴാണ് യുവതി അല്ലെന്നും 52 വയസുകാരിയാണെന്നും നാലുമക്കളുടെ അമ്മയാണെന്നും അരുണ്‍ തിരിച്ചറിഞ്ഞത്. ഇതോടെ പ്രണയബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങി. എന്നാല്‍ സ്ത്രീ സമ്മതിച്ചില്ല. പിന്നീടും ഇരുവരും ബന്ധം തുടര്‍ന്നു.
ഓഗസ്റ്റ് 11ന് ഫറൂഖാബാദില്‍ നിന്നും അരുണിനെ കാണാന്‍ സ്ത്രീ മെയിന്‍പുരിയിലേക്ക് എത്തി. സംസാരത്തിനിടെ തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം ഇവര്‍ വീണ്ടും ഉന്നയിച്ചു.
ഇതിന് സമ്മതമല്ലെന്ന് അറിയിച്ചതോടെ വായ്പയെടുത്ത് നല്കിയ ഒന്നര ലക്ഷം രൂപ തിരികെ നല്‍കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. കുപിതനായ യുവാവ് സ്ത്രീ ധരിച്ചിരുന്ന ഷാള്‍ കഴുത്തില്‍ കുരുക്കി കൊല്ലുകയായിരുന്നു.
മരിച്ചെന്ന് ഉറപ്പായതോടെ സ്ത്രീയുടെ ഫോണിലെ സിം കാര്‍ഡ് എടുത്തു മാറ്റി. ഫോണിലെ സന്ദേശങ്ങളും നശിപ്പിച്ചു. തുടര്‍ന്ന് കര്പരിയില് മൃതദേഹം ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
അജ്ഞാത മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. കഴുത്തില്‍ കുരുക്കിട്ട പാടുകളും ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് സ്ഥിരീകരിച്ചു. ഇതോടെ കാണാതായ സ്ത്രീകള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.
ഒടുവിലാണ് ഫറൂഖാബാദില്‍ നിന്നും ഒരു സ്ത്രീയെ കാണാതായെന്ന വിവരം ലഭിച്ചത്. ശാസ്ത്രീയ പരിശോധനയില്‍ ഇത് ഇവരാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
National
ബംഗളൂരു: ഓണാഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായി പോലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ മലയാളികളാണെന്ന സൂചന പോലീസിന് ലഭിച്ചതായാണ് വിവരം. കോളജിലെ ചില പൂര്‍വ വിദ്യാർഥികളും സംഘര്‍ത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു.
സോളദേവനഹള്ളി ആചാര്യ കോളജിലെ നഴ്സിംഗ് വിദ്യാർഥി ആദിത്യക്കാണ് കുത്തേറ്റത്. ആക്രമണത്തിൽ ആദിത്യയുടെ സുഹൃത്ത് സാബിത്തിന് തലയ്ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Kerala
തിരുവനന്തപുരം: വടകരയിൽ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ കേസ്.
വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി 28പേർക്കെതിരെ മ്യൂസിയം പോലീസ് ആണ് കേസെടുത്തത്. പോലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്.
മഹിളാ കൊണ്ഗ്രസ് നേതാക്കളായ വീണ എസ്. നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല അടക്കം കേസിൽ പ്രതികളാണ്. കേസിൽ അറസ്റ്റിലായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: പീഡനകേസിൽ റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് കോടതി വേടന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
സെപ്റ്റംബർ ഒൻപതിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചു.
തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് വേടന് ജാമ്യം ലഭിച്ചിരിക്കുന്നത്. യുവഡോക്ടറാണ് വേടനെതിരെ പീഡന പരാതി നൽകിയത്.
കേസെടുത്തതു മുതൽ ഒളിവിലായിരുന്നു വേടൻ. ഉഭയകക്ഷി സമ്മതപ്രകാരമുളള ബന്ധമാണുണ്ടായതെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോൾ ആ ബന്ധത്തെ പീഡനമെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് വേടൻ കോടതിയിൽ വാദിച്ചത്.
Kerala
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ പോലീസ് ചോദ്യം ചെയ്യും.
നടിക്കൊപ്പമുണ്ടായിരുന്ന രഞ്ജിത്, അനീഷ്, സോനു എന്നിവരെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേസിൽ ഉൾപ്പെട്ട ലക്ഷ്മി മേനോൻ ഒളിവിലാണെന്നാണ് സൂചന.
പിടിയിലായവർ ആലുവ, പറവൂർ സ്വദേശികളാണ്. ആലുവ സ്വദേശി അലിയാർ ഷാ സലീമിനാണ് മർദനമേറ്റത്. തന്നെ തട്ടിക്കൊണ്ടു പോയവരുടെ സംഘത്തില്‍ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
ഞായറാഴ്ച കൊച്ചിയിലെ ബാനർജി റോഡിലുള്ള ബാറിൽ വച്ചായിരുന്നു സംഭവത്തിന്റെ തുടക്കം. ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും മറ്റൊരു സംഘം മറുഭാഗത്തുമായുണ്ടായ തർക്കം പിന്നീട് റോഡിലേക്ക് നീങ്ങി. പരാതിക്കാരനും സുഹൃത്തുക്കളും ബാറിൽനിന്ന് മടങ്ങിയതിനു പിന്നാലെ പ്രതികൾ ഇവരുടെ കാറിനെ പിന്തുടർന്നു.
രാത്രി 11.45ഓടെ കലൂരിൽവച്ച് കാർ തടഞ്ഞ് പരാതിക്കാരനെ കാറിൽനിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു. കാറിൽ വച്ച് മുഖത്തും ദേഹത്തുമെല്ലാം മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അലിയാർ ഷാ സലീം പറയുന്നു. പിന്നീട് ഇയാളെ ആലുവ പറവൂർ കവലയിൽ ഇറക്കിവിടുകയായിരുന്നു.
തിങ്കളാഴ്ച നോർത്ത് പോലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതികളിലെത്തുകയായിരുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ ക്രിക്കറ്റ് ടൂർണമെന്റിനിടെ യുവാവ് തോക്കെടുത്ത് ആകാശത്തേയ്ക്ക് നിറയൊഴിച്ചത് പരിഭ്രാന്തി പരത്തി. ഇൻഡോറിലെ മാൽപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നടന്ന രാത്രി മത്സരത്തിനിടെയാണ് സംഭവം.
സംഭവസമയം സ്റ്റേജിൽ നിരവധിയാളുകൾ ഉണ്ടായിരുന്നു. യുവാവ് ഒന്നിലധികം പ്രാവശ്യം ആകാശത്തേയ്ക്ക് നിറയൊഴിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു.
തോക്കുമായി ഇയാൾ എങ്ങനെ സ്റ്റേഡിയത്തിലെത്തി എന്നതിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയെ അപരിചിതൻ പരസ്യമായി ചുംബിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഹൂഗ്ലിയിലെ ഉത്തർപാറയിലെ ഒരു മധുരപലഹാരക്കടയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കുട്ടി മുത്തശിക്കൊപ്പമാണ് ഒരു മധുരപലഹാര കടയിലെത്തിയത്. ഇരുവരും കടയുടെ മുന്നിൽ നിൽക്കുമ്പോൾ ഒരു മധ്യവയസ്കൻ ഇവരെ സമീപിക്കുകയും കുട്ടിയോട് സംസാരിക്കുകയും ചെയ്തു.
തുടർന്ന് ഇയാൾ അനുവാദമില്ലാതെ കുട്ടിയുടെ തലയിൽ തലോടുകയും കവിളിൽ സ്പർശിക്കുകയും ചെയ്തു. പിന്നീട് ഇയാൾ കുട്ടിയുടെ കവിളിൽ ചുംബിച്ചു. തൊട്ടുപിന്നാലെ ഇയാൾ കുട്ടിയുടെ ചുണ്ടിലും ചുംബിക്കാൻ ശ്രമിച്ചു.
എന്നാൽ കുട്ടി പിന്നിലേയ്ക്ക് മാറിപോയി. പെൺകുട്ടി മുത്തശിയോട് ചേർന്ന് നിൽക്കുമ്പോൾ ഇയാൾ കുട്ടിയുടെ തോളിൽ കൈവയ്ക്കുകയും വായിലേക്ക് വിരൽ കടത്തുകയും ചെയ്തു.
ഈ സമയമത്രെയും മറ്റ് ആളുകൾ വരുകയും പോവുകയും ചെയ്യുന്നുണ്ടെങ്കിലും ആരും സംഭവം ശ്രദ്ധിച്ചില്ല. മുത്തശിക്കും കാര്യമൊന്നും മനസിലായില്ല.
സംഭവത്തിൽ പ്രതിയെ കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് കേസ് അന്വേഷിക്കുന്നത്.
Kerala
കൊച്ചി: തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി രക്ഷപ്പെട്ടു. കളമശേരി മെഡിക്കൽ കോളജിൽ മെഡിക്കലിന് എത്തിച്ച പ്രതിയാണ് ചാടിപോയത്.
അസദുള്ള എന്ന പ്രതിയാണ് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. മോഷണക്കേസ് പ്രതിയാണ് രക്ഷപ്പെട്ടത്.
നിരവധി മോഷണ കേസുകളിലെ പ്രതിയാണ് അസദുള്ള. പോലീസ് പ്രതിക്കായി ശക്തമായ അന്വേഷണം ആരംഭിച്ചു.
Kerala
പാലക്കാട്: പോത്തുണ്ടി ഡാം ഉദ്യാനത്തിലെ വനിതാ ജീവനക്കാര്‍ക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
യുവതിയേക്കുറിച്ചുള്ള മോശം പരാമര്‍ശം ജീവനക്കാര്‍ ചോദ്യം ചെയ്തതാണ് പ്രകോപനം. ഉദ്യാനത്തിന്റെ ഗേറ്റടച്ച് ഇവരെ പൂട്ടിയിട്ട ശേഷമായിരുന്നു മര്‍ദനം. പരിക്കേറ്റ ജീവനക്കാര്‍ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
സംഭവത്തില്‍ നാല് പേര്‍ക്കെതിരേ നെന്മാറ പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന നാല് പേര്‍ക്കെതിരെയാണ് കേസ്.
Kerala
പത്തനംതിട്ട: എഴുമറ്റൂരില്‍ പ്ലസ് ടൂ വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ പെരുമ്പെട്ടി പോലീസ് കേസെടുത്തു. രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് നടപടി.
മാക്കാട് ഊന്നുകല്ലില്‍ പുത്തന്‍വീട്ടില്‍ അഭിനവിന് മര്‍ദനമേറ്റെന്ന പരാതിയിലാണ് കേസ്. എഴുമറ്റൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥിയായ അഭിനവിനെ സഹപാഠികള്‍ മര്‍ദിച്ചെന്നായിരുന്നു പരാതി.
അഞ്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്റ്റാഫ് റൂമിന് മുന്നില്‍വച്ച് ആക്രമിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. അഭിനവിന്റെ കണ്ണിലും ചെവിയിലും നെറ്റിയിലും സാരമായി പരിക്കേറ്റിരുന്നു.