തിരുവനന്തപുരം: നിരവധി മേഖലകളിൽ മാതൃകയായ കേരളം, അതിദാരിദ്ര്യത്തിൽനിന്ന് മുക്തമാകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി വീണ്ടും രാജ്യത്തിന് വഴി കാണിക്കുന്നു.
കേരളപിറവി ദിനമായ നവംബർ ഒന്നിന് തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകുന്നേരം നാലിനു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ഭക്ഷണം, പാർപ്പിടം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും താങ്ങാനാവാത്ത അവസ്ഥയാണ് അതിദാരിദ്ര്യം. ലോകബാങ്കിന്റെ നിർവചനമനുസരിച്ച് പ്രതിദിനം 180 രൂപയിൽ താഴെ വരുമാനത്തോടെ ജീവിക്കുന്നവരാണ് ഇതിൽ ഉൾപ്പെടുന്നത്. ഇന്ത്യയുടെ ബഹുമുഖ ദാരിദ്ര്യ സൂചിക (എംപിഐ) പോഷകാഹാരം, ഭവനം, ശുചിത്വം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പരിഗണിക്കുന്നു.
2021ൽ സംസ്ഥാന സർക്കാർ ‘അതിദാരിദ്ര്യ നിർമാർജന പദ്ധതി’ (ഇപിഇപി) ആരംഭിച്ചു. തദ്ദേശ പഞ്ചായത്തുകളോടൊപ്പം, ആശ, അങ്കണവാടി പ്രവർത്തകർ ഉൾപ്പെടെയുള്ള സ്ത്രീകളുടെ സ്വയം സഹായ ശൃംഖലകൾ പങ്കാളികളായുള്ള കുടുംബശ്രീയുടെ നേതൃത്വത്തിൽ താഴെ തട്ടിൽ നടത്തിയ സർവേയോടെയാണ് ഇത് ആരംഭിച്ചത്. സർവേയിൽ അതിദാരിദ്ര്യത്തിൽ കഴിയുന്ന 64,006 കുടുംബങ്ങളെ കണ്ടെത്തി. ഇത് സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 0.2 ശതമാനമാണ്.
ഇപിഇപി പദ്ധതിയുടെ കീഴിൽ, ഓരോ കുടുംബത്തിന്റെയും പ്രത്യേക ദാരിദ്ര്യാവസ്ഥകൾക്ക് അനുസൃതമായി മൈക്രോ പ്ലാനുകൾ തയാറാക്കി നടപ്പിലാക്കി. ഈ പദ്ധതിയുടെ ഫലമായി 5,422 പുതിയ വീടുകൾ നിർമിച്ചു. നവംബർ ഒന്നിന് നടക്കുന്ന ചടങ്ങിൽ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുക്കും. സംസ്ഥാന മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
Tags : poverty free extreme poverty Kerala