ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയും
മെല്‍ബണ്‍: ഐസിസി ട്വന്റി-20 ലോക റാങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏറ്റുമുട്ടല്‍ ഇന്ന്. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചു മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് മെല്‍ബണില്‍. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.45നാണ് മത്സരം.
കാന്‍ബറയിലെ ആദ്യ മത്സരം മഴയില്‍ മുടങ്ങിയിരുന്നു. മാനം തെളിഞ്ഞാല്‍ 90,000 കവിയുന്ന കാണികള്‍ക്കു മുന്നില്‍ മെല്‍ബണില്‍ മിന്നിക്കാനുള്ള തയാറെടുപ്പിലാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യ.
സൂര്യ-ഗില്‍ ഫോം
കാന്‍ബറയിലെ ആദ്യ മത്സരത്തില്‍ ഫലമുണ്ടായില്ലെങ്കിലും സൂര്യകുമാര്‍ യാദവും ശുഭ്മാന്‍ ഗില്ലും മികച്ച ഫോമില്‍ ബാറ്റ് ചെയ്തു എന്നത് ടീം ഇന്ത്യക്ക് ആത്മവിശ്വാസം നല്കുന്നു. ഏഷ്യ കപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരായെങ്കിലും സൂര്യകുമാര്‍ യാദവിന്റെ പ്രകടനം മോശമായിരുന്നു.
കാന്‍ബറയില്‍ ഗില്‍ 20 പന്തില്‍ നാല് ഫോറും ഒരു സിക്സും അടക്കം 37 റണ്‍സുമായും സൂര്യകുമാര്‍ 24 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സും അടക്കം 39 റണ്‍സുമായും പുറത്താകാതെ നിന്നപ്പോഴായിരുന്നു മഴയില്‍ മത്സരം മുടങ്ങിയത്.
നഥാന്‍ എല്ലിസ്, ടിം ഡേവിഡ് എന്നിവര്‍ ആദ്യമായാണ് എംസിജിയില്‍ (മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്) രാജ്യാന്തര ക്രിക്കറ്റ് കളിക്കാനിറങ്ങുന്നത്. ട്വന്റി-20യിലെ ലോക ഒന്നാം നമ്പര്‍ സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയെ ഓസീസ് ബാറ്റര്‍മാര്‍ എങ്ങനെ നേരിടുമെന്നതാണ് സുപ്രധാന ചോദ്യം. ഓസ്ട്രേലിയയ്ക്കെതിരേ വരുണ്‍ ചക്രവര്‍ത്തിക്ക് ഇതുവരെ ട്വന്റി-20 ഫോര്‍മാറ്റില്‍ പന്ത് എറിയേണ്ടിവന്നിട്ടില്ലെന്നതും ശ്രദ്ധേയം.
സഞ്ജുവിന് 1000 അരികെ
സഞ്ജു സാംസണിന് രാജ്യാന്തര ട്വന്റി-20യില്‍ 1000 റണ്സിലേക്കുള്ളത് വെറും ഏഴ് റണ്‍സ് അകലം മാത്രം. തിലക് വര്‍മയ്ക്കാകട്ടെ 38 റണ്‍സിന്റെയും.
ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന് നാലു റണ്‍സ് എടുത്താല്‍ 2000 തികയ്ക്കാം. ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് നാല് വിക്കറ്റ് നേടിയാല്‍ ട്വന്റി-20യില്‍ 100 വിക്കറ്റ് നേട്ടത്തിലെത്താം. 2008നുശേഷം ഇന്ത്യ, ഓസ്ട്രേലിയന്‍ മണ്ണില്‍ ട്വന്റി-20 പരമ്പര തോറ്റിട്ടില്ല.
Tags : Twenty20 India x Australia