മുംബൈ: ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യയിലെ സ്വർണത്തിന്റെ ആവശ്യകതയിൽ വൻ കുറവ്. മുൻവർഷത്തെ അപേക്ഷിച്ച് 16 ശതമാനം കുറഞ്ഞ് 209.4 ടണ്ണായി. എന്നാൽ, മൂല്യം ഉയരുകയും ചെയ്തു. വിലയിലുണ്ടായ കുതിപ്പിനെത്തുടർന്ന് മൂല്യം 23 ശതമാനം വർധിച്ചു. വേൾഡ് ഗോൾഡ് കൗണ്സിൽ (ഡബ്ല്യുജിസി) ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
ഈ പാദത്തിൽ ആഭരണങ്ങളുടെ ആവശ്യം 31 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. എന്നാൽ, നിക്ഷേപം ലക്ഷ്യമിട്ട് ഉപഭോക്താക്കൾ നാണയങ്ങളും കട്ടികളും വാങ്ങിയതിനാൽ നിക്ഷേപ ആവശ്യം 20 ശതമാനം വർധിച്ചതായി കണക്കുകൾ പറയുന്നു.
നിക്ഷേപ ആവശ്യകത 91.6 ടണ്ണായി ഉയർന്നു. മൂല്യത്തിൽ ഇത് 74 ശതമാനം വർധിച്ച് 88,970 കോടി രൂപയായി. ഉയർന്നവില നിലവാരവുമായി ഉപഭോക്താക്കൾ പൊരുത്തപ്പെടുന്നതിനാൽ ദീർഘകാലത്തേക്ക് മൂല്യം സംഭരിക്കാനുള്ള ഒരു തന്ത്രപ്രധാനമ മാർഗമായാണ് ഇന്ത്യൻ ഉപഭോക്താക്കൾ സ്വർണത്തെ കാണുന്നതെന്ന് ഡബ്ല്യുജിസി റീജണൽ സിഇഒ സച്ചിൻ ജെയ്ൻ പറഞ്ഞു.
നിക്ഷേപ ആവശ്യകതയിൽ 20 ശതമാനം വളർച്ച കാണിച്ചപ്പോൾ ആഭരണ ആവശ്യകതയുടെ അളവ് 31 ശതമാനം കുറഞ്ഞ് 117.7 ടണ്ണായി. ഉപഭോക്താക്കൾ തൂക്കം കുറഞ്ഞതും കാരറ്റ് കുറഞ്ഞതുമായ ആഭരണങ്ങൾക്ക് മുൻഗണന നൽകിയതാണ് ഈ കുറവിന് കാരണം.
സെപ്റ്റംബറിലെ വിൽപ്പനയെ ശ്രാദ്ധപക്ഷവും ബാധിച്ചു. ഹിന്ദുക്കൾക്കിടയിൽ വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാൻ അശുഭകരമായ സമയമായാണ് ഇതിനെ കാണുന്നത്.
വിതരണ കാര്യത്തിൽ സ്വർണ ഇറക്കുമതി മുൻവർഷത്തെക്കാൾ 37 ശതമാനം കുറഞ്ഞ് 194.6 ടണ്ണായി. എന്നാൽ, പുനരുപയോഗം നേരിയ തോതിൽ ഏഴു ശതമാനം കുറഞ്ഞ് 21.8 ടണ്ണായി. വിലയേറിയ ആസ്തിയായ സ്വർണം കൈവശം വയ്ക്കാൻ ഉപഭോക്താക്കൾ ആഗ്രഹിക്കുന്നതാണ് ഇത് കാണിക്കുന്നത്.
ഉത്സവ, വിവാഹ സീസണിൽ പ്രതീക്ഷ
നിലവിലെ ഉത്സവ, വിവാഹ സീസണുകൾ സ്വർണത്തിന് നിർണായകമാണ്. നിലവിലെ ഉയർന്ന വിലയ്ക്കിടയിലും ഉപഭോക്താക്കളുടെ വികാരം പോസിറ്റിവായി തുടരുകയും റീട്ടെയ്ലർമാർ തയാറെടുപ്പുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന മാസങ്ങളിൽ, പ്രത്യേകിച്ച് വിവാഹസീസണിന്റെ പിൻബലത്തിൽ എല്ലാ വിഭാഗങ്ങളിലും ശക്തമായ ആവശ്യകത ഉണ്ടാകുമെന്നാണ് ഡബ്ല്യുജിസി പ്രതീക്ഷിക്കുന്നത്.
ആഗോള ആവശ്യകത റിക്കാർഡിൽ
ഡബ്ല്യുജിസിയുടെ കണക്കുകൾ പ്രകാരം ജൂലൈ-സെപ്റ്റംബർ പാദത്തിൽ ആഗോള സ്വർണ ആവശ്യകത മുൻവർഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനം വർധിച്ച് 1313 ടണ്ണായി. ഇത് എക്കാലത്തെയും ഉയർന്ന ത്രൈമാസ കണക്കാണ്. ഇന്ത്യൻ നിക്ഷേപകരുടെ മനോഭാവത്തെ പിന്തുടർന്ന്, ആഗോള നിക്ഷേപകരും ഈ പാദത്തിൽ ശക്തമായ മുന്നേറ്റം തുടർന്നു.
Tags : High price Gold Price