National
ന്യൂഡൽഹി: ഗായകന് സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് സിംഗപ്പൂര്‍ പത്ത് ദിവസത്തിനകം നിർണായക തെളിവുകള്‍ അസം പോലീസിന് കൈമാറും. പ്രത്യേക അന്വേഷണ സംഘം മേധാവിയായ ഡിജിപി മുന്ന പ്രസാദ് ഗുപ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഞ്ച് ദിവസം മുമ്പ് സിംഗപ്പൂര്‍ സന്ദര്‍ശിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ എഴുപതിലേറെ പേരുടെ മൊഴിയെടുത്തു. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്. സിംഗപ്പൂര്‍ പോലീസ് പൂര്‍ണമായി സഹകരിക്കുന്നുണ്ട്.
സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണർ നിയമസഹായവും മറ്റ് പിന്തുണയും നല്‍കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. കഴിഞ്ഞ മാസം 19നാണ് സുബീന്‍ ഗാര്‍ഗ് സിംഗപ്പൂരിൽവച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
National
ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടയിൽ ഡൽഹിയിൽ വൻ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ട രണ്ട് ഐഎസ്ഐഎസ് ഭീകരർ പിടിയിൽ. പിടിയിലായ രണ്ടുപേരുടെയും പേര് അദ്നാൻ എന്നാണെന്ന് പോലീസ് പറഞ്ഞു
ഇവരിൽ ഒരാൾ ഡൽഹിയിലെ സാദിഖ് നഗർ സ്വദേശിയും മറ്റൊരാൾ മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയുമാണ്. തെക്കൻ ഡൽഹിയിലെ ഒരു മാളും ഒരു പാർക്കും ഉൾപ്പെടെ നിരവധി തിരക്കേറിയ സ്ഥലങ്ങളിലാണ് ഇവർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്.
ഐഎസ്ഐഎസിനോട് ആഭിമുഖ്യം പ്രഖ്യാപിക്കുന്ന പ്രതികളുടെ വീഡിയോയും ഡൽഹിയിൽ ആക്രമണം നടത്താൻ സാധ്യതയുള്ള സ്ഥലങ്ങളുടെ ഫോട്ടോകളും പോലീസ് കണ്ടെടുത്തു. സ്ഫോടക വസ്തുവിനുള്ള താത്കാലിക ടൈമറായി ഉപയോഗിക്കുന്ന ഒരു വാച്ചും പിടിച്ചെടുത്തു.
ഡൽഹി സ്വദേശിയായ യുവാവിനെ കഴിഞ്ഞ 16 ന് സാദിഖ് നഗറിൽ നിന്നാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടാമത്തെ അദ്നാനെ ഭോപ്പാലിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഗ്യാൻവാപി മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയയിൽ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് ഭോപ്പാൽ സ്വദേശി നേരത്തെ നിരീക്ഷണത്തിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
National
ന്യൂഡൽഹി: കേരളത്തിലെ ഒരു കോടിയിലധികം വയോധികരും ദുർബലരുമായ ആളുകളുടെ ആയുർദൈർഘ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതിക്ക് ലോകബാങ്കിന്റെ അംഗീകാരം.
ആരോഗ്യ പരിരക്ഷയും പ്രതിരോധശേഷിയും ഉറപ്പുവരുത്താൻ 2460 കോടി രൂപയുടെ (28 കോടി ഡോളർ) പദ്ധതിക്കാണ് ലോകബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് അംഗീകാരം നൽകിയിരിക്കുന്നത്.
കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം എന്ന പദ്ധതി സംസ്ഥാനത്ത് സമഗ്രമായ ആരോഗ്യസംവിധാനം നിർമിക്കുമെന്നും വിപുലീകരിച്ച ഇ-ഹെൽത്ത് സേവനങ്ങൾ, സംയോജിത ഡാറ്റാ പ്ലാറ്റ്ഫോമുകൾ, മെച്ചപ്പെടുത്തിയ സൈബർ സുരക്ഷ എന്നിവയിലൂടെ ഡിജിറ്റൽ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുമെന്നും ലോകബാങ്ക് അറിയിച്ചു.
ഇന്റർനാഷണൽ ബാങ്ക് ഓഫ് റീകണ്‍സ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റിൽ (ഐബിആർഡി) നിന്നുള്ള 28 കോടി ഡോളർ വായ്പയ്ക്ക് 25 വർഷത്തെ കാലാവധിയും അഞ്ചു വർഷത്തെ ഗ്രേസ് പിരീഡുമാണുള്ളത്.
രണ്ടു പതിറ്റാണ്ടിലേറെയായി കേരളം സുസ്ഥിരമായ ആരോഗ്യനേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും സാംക്രമികേതര രോഗങ്ങളും (ഹൈപ്പർടെൻഷൻ, പ്രമേഹം, കാൻസർ) വേഗത്തിൽ പ്രായമാകുന്ന ജനസംഖ്യയും (മൊത്തം ജനസംഖ്യയുടെ 20 ശതമാനത്തിലധികം പ്രായമായവർ) ആരോഗ്യസംവിധാനത്തെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.
റോഡപകടങ്ങളിൽ പ്രതിവർഷം 4,000ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിലൂടെ എമർജൻസി, ട്രോമ പരിചരണത്തിലും വിടവുകളുണ്ടെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ഹൈപ്പർടെൻഷനും പ്രമേഹത്തിനും രജിസ്റ്റർ ചെയ്തിട്ടുള്ള 90 ശതമാനത്തിലധികം രോഗികളെയും വ്യക്തിഗത ഇലക്ട്രോണിക് ട്രാക്കിംഗ് സംവിധാനങ്ങൾ വഴി ചികിത്സിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. സമഗ്രമായ ആരോഗ്യസേവനങ്ങൾ നൽകുന്നതിനായി കിടപ്പിലായ, വീട്ടിൽ കഴിയുന്ന, ദുർബലരായ വയോജനങ്ങൾക്ക് ഒരു ഭവന അധിഷ്ഠിത പരിചരണമാതൃകയും സ്ഥാപിക്കും.
പദ്ധതിയിലൂടെ വയനാട്, കോഴിക്കോട്, കാസർഗോഡ്, പാലക്കാട്, ആലപ്പുഴ ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കാലാവസ്ഥാധിഷ്ഠിത പരിഹാരങ്ങളിലൂടെ ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കടുത്ത ചൂടും വെള്ളപ്പൊക്കവും കൈകാര്യം ചെയ്യുന്നതിനുമുള്ള നടപടികളും പരിശീലിക്കും.
National
ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അടുത്ത മാസം 23ന് വിരമിക്കാനിരിക്കെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ.
നടപടിക്രമങ്ങളുടെ ഭാഗമായി പിൻഗാമിയെ നിർദേശിക്കാൻ ആവശ്യപ്പെട്ടു കേന്ദ്ര നിയമമന്ത്രാലയം ഗവായിക്ക് കത്തു നൽകിയിട്ടുണ്ട്. കീഴ്വഴക്കമനുസരിച്ച് സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയെയാണു ചീഫ് ജസ്റ്റീസ് തന്റെ പിൻഗാമിയായി നിർദേശിക്കുക.
മാനദണ്ഡങ്ങളനുസരിച്ച് ഗവായിക്കുശേഷം സീനിയോറിറ്റിയുള്ള ജസ്റ്റീസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റീസായി ചുമതലയേൽക്കും.
സ്ഥാനമൊഴിയുന്ന ബി.ആർ. ഗവായ് നൽകുന്ന ശിപാർശയ്ക്കു കേന്ദ്രാനുമതിയും രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചുകഴിഞ്ഞാൽ നവംബർ 24ന് പുതിയ ചീഫ് ജസ്റ്റീസ് ചുമതലയേൽക്കും. 2027 ഫെബ്രുവരി ഒന്പതുവരെയായിരിക്കും അദ്ദേഹത്തിന്റെ കാലാവധി.
National
പാറ്റ്ന: ജെഡിയുവിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ 20 വർഷത്തെ ഭരണത്തിലും ബിഹാർ ദരിദ്രസംസ്ഥാനമായി തുടരുകയാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്.
എൻഡിഎ വീണ്ടും അധികാരത്തിലെത്തിയാൽ നിതീഷ് കുമാർ മുഖ്യമന്ത്രിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാറിനെ ബിജെപി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ഗുജറാത്തിൽനിന്നുള്ള രണ്ടു പേരാണ് ഭരണം നടത്തുന്നതെന്നും തേജസ്വി പരിഹസിച്ചു.
പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉദ്ദേശിച്ചായിരുന്നു തേജസ്വിയുടെ പരിഹാസം. പ്രതിപക്ഷ സഖ്യം അധികാരത്തിൽ വന്നാൽ ജനങ്ങളുടെ പരാതികൾ കേൾക്കുമെന്നും താങ്ങാവുന്ന വിലയ്ക്കു മരുന്നുകൾ സർക്കാർ ഉറപ്പാക്കുമെന്നും മുൻ ഉപമുഖ്യമന്ത്രി പറഞ്ഞു.
ബിഹാറിലെ ഓരോ വീട്ടിലും ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആർജെഡി ഭരണകാലത്തെ അഴിമതിയെക്കുറിച്ച് പറയുന്ന പ്രധാനമന്ത്രി നിതീഷ്കുമാറിനെക്കുറിച്ച് മുമ്പ് പറഞ്ഞത് വിഴുങ്ങിയെയെന്നും തേജസ്വി ചോദിച്ചു.
നിതീഷ് കുമാർ സർക്കാരിന്റെ 55 അഴിമതികളെക്കുറിച്ച് പ്രധാനമന്ത്രി മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദ്ദേഹം എന്ത് നടപടിയാണു സ്വീകരിച്ചത്? അഴിമതികൾക്കെതിരേ ഉചിതമായ നടപടിയെടുക്കാത്തതും കുറ്റവാളികൾ സ്വതന്ത്രമായി വിഹരിക്കുന്നതുമായ സ്ഥലമാണ് ‘ജംഗിൾ രാജ്’.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിമിനൽ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും തേജസ്വി ആരോപിച്ചു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നാലു രാജ്യസഭാ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് (എൻസി) മൂന്നു സീറ്റിലും ബിജെപി ഒരെണ്ണത്തിലും വിജയിച്ചു. പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണപ്രദേശമാക്കിയശേഷം ജമ്മു കാഷ്മീൽ നടന്ന ആദ്യ രാജ്യസഭാ തെരഞ്ഞെടുപ്പാണിത്.
ആദ്യ സീറ്റിൽ എൻസിയിലെ അലി മുഹമ്മദ് മിർ വിജയിച്ചു. മിർ 58 വോട്ട് നേടിയപ്പോൾ ബിജെപി സ്ഥാനാർഥിക്ക് 28 പാർട്ടി വോട്ടു മാത്രമാണു ലഭിച്ചത്. രണ്ടാം സീറ്റിൽ എൻസിയിലെ സജ്ജാദ് കിച്ലൂ 57 വോട്ട് നേടി വിജയിച്ചു. ബിജെപിക്ക് 28 വോട്ട് കിട്ടി. ഒരു എൻസി വോട്ട് അസാധുവായി.
മൂന്നും നാലും സീറ്റുകളിലേക്ക് ഒറ്റ വിജ്ഞാപനമായിരുന്നു പുറപ്പെടുവിച്ചിരുന്നത്. ഈ സീറ്റുകളിലേക്ക് നാഷണൽ കോൺഫറൻസ് ജി.എസ്. ഒബ്റോയി, ഇമ്രാൻ നബി ദാർ എന്നിവരെ മത്സരിപ്പിച്ചു.
സത് ശർമയായിരുന്നു ബിജെപി സ്ഥാനാർഥി. ഒബ്റോയി, സത് ശർമ എന്നിവർ വിജയിച്ചു. ഒബ്റോയിക്ക് 31 വോട്ടും ബിജെപി സ്ഥാനാർഥി സത് ശർമയ്ക്ക് 32 വോട്ടും ലഭിച്ചും.
എൻസിയിലെ ഇമ്രാൻ നബി ദാറിന് 21 വോട്ടാണു ലഭിച്ചത്. ബിജെപി സ്ഥാനാർഥിക്ക് നാലു വോട്ട് അധികം ലഭിച്ചു. സ്വതന്ത്രരുടേതാണ് ഈ വോട്ടുകളെന്നാണു നിഗമനം. നാഷണൽ കോൺഫറൻസിന് കോൺഗ്രസ്, സിപിഎം, പിഡിപി പാർട്ടികളുടെ പിന്തുണയുണ്ടായിരുന്നു.
National
ന്യൂഡൽഹി: ഇന്ത്യ-ചൈന സൈനികർ 2020ൽ ഏറ്റുമുട്ടിയ ഗാൽവൻ താഴ്വരയ്ക്കു സമീപം ചൈന പുതിയ വ്യോമ പ്രതിരോധ സൈറ്റ് നിർമിക്കുകയാണെന്നു റിപ്പോർട്ട്.
ഇന്ത്യ-ചൈന തർക്കഭൂമിയിലെ ഒരു ഫ്രിക്ഷൻ പോയിന്റുകളിലൊന്നിനു സമീപം ചൈനയുടെ നിർമാണപ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണെന്ന് ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് ഇന്ത്യ കണ്ടെത്തിയത്.
ഫ്രിക്ഷൻ പോയിന്റുകളിലൊന്നിൽനിന്നും ഏകദേശം 110 കിലോമീറ്റർ മാത്രമകലെ ടിബറ്റിലെ പാങ്കോംഗ് തടാകത്തിന്റെ കിഴക്കൻ ഭാഗത്തെ തീരങ്ങളിലാണു ചൈനയുടെ നിർമാണം.
വ്യോമപ്രതിരോധ സമുച്ചയത്തിൽ കമാൻഡ് ആൻഡ് കണ്ട്രോൾ കെട്ടിടങ്ങൾ, ബാരക്കുകൾ, വാഹന ഷെഡുകൾ, യുദ്ധോപകരണ സംഭരണശാലകൾ, റഡാർ സ്ഥാനങ്ങൾ എന്നിവയുണ്ടെന്ന് വ്യക്തമാകുന്നുണ്ട്.
ദീർഘദൂര എച്ച്ക്യു-9 സർഫസ്-ടു- എയർ മിസൈലുകൾക്ക് ഈ സ്ഥാനങ്ങൾ മറവും സംരക്ഷണവും നൽകുമെന്നാണ് വിദഗ്ധരുടെ അനുമാനം.
National
മുംബൈ: പ്രശസ്ത ഇന്ത്യൻ പരസ്യചിത്ര സംവിധായകൻ പിയൂഷ് പാണ്ഡെ (70) അന്തരിച്ചു. അസുഖത്തെത്തുടർന്ന് വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
ഇംഗ്ലീഷ് മാതൃക പിന്തുടർന്നിരുന്ന രാജ്യത്തെ പരസ്യചിത്രനിർമാണശൈലിയെ നർമത്തിന്റെ അകന്പടിയോടെ ഇന്ത്യൻ ശൈലിയിലേക്കു മൊഴിമാറ്റിയെടുക്കുകയായിരുന്നു പാണ്ഡെ. ഏഷ്യൻ പെയിന്റ്സ്, ഫെവിക്കോൾ എന്നിവയിൽ തുടങ്ങി കാഡ്ബറീസിനുവേണ്ടി ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ പരസ്യങ്ങൾവരെ പാണ്ഡെയുടെ പ്രതിഭ വിളിച്ചറിയിക്കുന്നവയായിരുന്നു.
2016ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. പ്രമുഖ പരസ്യക്കമ്പനിയായ ഒഗിള്‍വിയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ വേള്‍ഡ് വൈഡ്, ഒഗിള്‍വി ഇന്ത്യയുടെ എക്സ്ക്യൂട്ടീവ് ചെയര്മാന് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1955 സെപ്റ്റംബര്‍ അഞ്ചിന് ജയ്പുരിലാണു ജനനം.
ജയ്പുര്‍ സെന്റ് സേവ്യേഴ്സ് സ്കൂളിലും ഡല്‍ഹി സെന്റ് സ്റ്റീഫന്സിലുമായിരുന്നു പഠനം. ടീ ടെസ്റ്റിംഗ്, നിർമാണമേഖല എന്നിവയിൽ കുറച്ചുകാലം പ്രവർത്തിച്ചു.
രഞ്ജിട്രോഫിയിൽ രാജസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പിയുഷ് ഗോയൽ തുടങ്ങിയ പ്രമുഖർ പാണ്ഡെയുടെ നിര്യാണത്തിൽ അനുശോചിച്ചു.
National
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങൾ, ലാറ്റിനമേരിക്ക, യുഎസ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യൻ റിഫൈനറികൾ കൂടുതൽ എണ്ണ വാങ്ങിയേക്കും.
റഷ്യയിലെ രണ്ട് പ്രമുഖ ഉത്പാദകർക്കു യുഎസ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് റഷ്യയിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
റഷ്യയിലെ രണ്ട് ക്രൂഡ് ഓയിൽ കന്പനികളായ റോസ്നെഫ്റ്റിനും ലുക്ഓയിലിനും ബുധനാഴ്ചയാണു യുഎസ് ഉപരോധം ഏർപ്പെടുത്തിയത്.
ഈ കന്പനികളുമായുള്ള യുഎസ് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഇടപാടുകൾക്കാണ് ഉപരോധം. രണ്ടു കന്പനികളുമായോ അനുബന്ധ സ്ഥാപനങ്ങളുമായോ ഇടപാടുകൾ നടത്തുന്ന യുഎസ് ഇതര സ്ഥാപനങ്ങൾക്കു പിഴ ചുമത്തുമെന്നും ട്രംപ് ഭരണകൂടം പറയുന്നു.
National
ജയ്സാൽമിർ: രാജസ്ഥാനിലെ ജയ്സാൽമിറിൽ 26 പേരുടെ മരണത്തിനിടയാക്കിയ ബസിലെ അഗ്നിബാധ എയർകണ്ടീഷനിംഗ് സംവിധാനത്തിലെ ഷോർട്ട്സർക്യൂട്ട് മൂലമാണെന്ന് ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു.
കഴിഞ്ഞ 14 ന് തായിയാതിലാണ് അപകടമുണ്ടായത്. ജയസാൽമീറിൽനിന്ന് ജോധ്പുരിലേക്കു യാത്ര പുറപ്പെട്ട് പത്ത് മിനിറ്റിനുള്ളിൽ ബസിൽ തീ ആളിപ്പടരുകയായിരുന്നു.
ബസിനുള്ളിൽ സ്ഫോടകവസ്തുക്കളോ പടക്കമോ ഉണ്ടായിരുന്നില്ലെന്ന് ജോധ്പുരിലെയും ജയ്പുരിലെയും ഫോറൻസിക് സയൻസ് ലബോറട്ടി തയ്യാറാക്കിയ സംയുക്ത റിപ്പോർട്ടിൽ പറയുന്നു. എസി യൂണിറ്റിൽനിന്നുള്ള വയറുകൾ ബസിനു മുകളിൽ കണ്ടെത്തിയിരുന്നു.
National
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയുടെ ധാരാണപത്രത്തിൽ കേരള സർക്കാർ ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ മൂന്നു ദിവസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ കടുത്ത നടപടി ആലോചിക്കുമെന്ന് വ്യക്തമാക്കി സിപിഎമ്മിന് സിപിഐയുടെ കത്ത്. സിപിഎമ്മിനെ നന്ദിഗ്രാം ഓര്‍മിപ്പിച്ചുകൊണ്ടാണ് സിപിഐ ദേശീയ സെക്രട്ടറിയേറ്റിന്റെ കത്ത്.
ബംഗാളിലെ നയ വ്യതിയാനം അന്ന് ചൂണ്ടിക്കാട്ടിയതാണെന്നും സിപിഐ ഓര്‍മ്മിപ്പിക്കുന്നു. സിപിഎം നേതൃത്വവുമായുള്ള ചര്‍ച്ചയിൽ ഇക്കാര്യം പറയും. ബംഗാളിൽ കണ്ട പ്രവണതകൾ കേരളത്തിലെ തുടർഭരണത്തിൽ കാണുന്നുവെന്നും സിപിഐ സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു.
ബിജെപിയെ സഹായിക്കുന്ന നയമാണ് സിപിഎം ഇക്കാര്യത്തിൽ സ്വീകരിച്ചതെന്നും വിമർശനമുണ്ട്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയാണ് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിക്ക് ഇതുസംബന്ധിച്ച കത്ത് നൽകിയത്. പിഎം ശ്രീയിൽ നിന്ന് പിന്മാറണമെന്ന ആവശ്യമാണ് സിപിഐ മുന്നോട്ടുവച്ചിരിക്കുന്നത്.
മൂന്നാം പിണറായി സര്‍ക്കാരെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് പിഎം ശ്രീ വിവാദത്തിൽ എൽഡിഎഫ് നേതൃത്വം ഉലയുന്നത്. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോള്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്.
ഘടകക്ഷികളെ ഇരുട്ടിൽ നിര്‍ത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. 40 ദിവസം കൂടി കഴിഞ്ഞാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കും. ആറു മാസം കഴിഞ്ഞാൽ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പുമുണ്ടാകും.
മൂന്നാം പിണറായി സര്‍ക്കാരിനായി സിപിഎം സര്‍വ ശക്തിയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഈ ഘട്ടത്തിലാണ് മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കം കടുത്ത നിലപാട് വേണമെന്ന് സിപിഐ യോഗത്തിൽ ചര്‍ച്ചയുയരുന്നത്. ഘടകക്ഷികളെ സിപിഎം ഇരുട്ടിൽ നിര്‍ത്തിയെന്നാണ് സിപിഐ വിമര്‍ശനം.
വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും പതിറ്റാണ്ടുകളായുള്ള വര്‍ഗീയ വിരുദ്ധ മുദ്രാവാക്യം ഒറ്റ ദിവസം കൊണ്ട് ഒഴിവാക്കാനാകില്ലെന്നും ഇത് എൽഡിഎഫിന്റെ വഴിയല്ലെന്നും സിപിഐ ഓര്‍മിപ്പിക്കുന്നു. ഏതുസമയത്തും രാജിവയ്ക്കാൻ തയ്യാറെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചു കഴിഞ്ഞു.
തിങ്കളാഴ്ച സംസ്ഥാന നിര്‍വാഹക സമിതി യോഗം ചേരും. എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്നാണ് ബിനോയ് വിശ്വം വ്യക്തമാക്കിയത്. മറുവശത്താകട്ടെ ചര്‍ച്ച ചെയ്യാമെന്നാണ് എംവി ഗോവിന്ദനും ടിപി രാമകൃഷ്ണനും പ്രതികരിച്ചത്.എല്ലാക്കാലത്തും ഒരേ നയത്തിൽ നിൽക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് മന്ത്രി വി.ശിവന്‍കുട്ടി.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയസഭാ തെരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ജൻശക്തി ജനതാ ദൾ(ജെജെഡി) അധ്യക്ഷൻ തേജ് പ്രതാപ് യാദവ്. നവംബർ 14ന് വോട്ടെണ്ണൽ കഴിഞ്ഞാൽ മാത്രമെ സംസ്ഥാനം ഇനി ആര് ഭരിക്കും എന്ന് പറയാൻ സാധിക്കുക എന്നും തേജ് പ്രതാപ് പറഞ്ഞു. ബാക്കിയെല്ലാം അവകാശവാദങ്ങൾ മാത്രമാണെന്നും ജെജെഡി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
"ബിഹാറിലെ സാഹചര്യം എങ്ങനെയാണെന്ന് പറയാൻ പറ്റില്ല. ആരെ വിജയിപ്പിക്കണമെന്ന് ജനങ്ങൾക്ക് അറിയാം. അവരുടെ ബോധ്യത്തിന് അനുസരിച്ച് അവർ വോട്ട് ചെയ്യും. ഇപ്പോൾ അത്രയെ പറയാൻ സാധിക്കുകയുള്ളു.'- തേജ് പ്രതാപ് പറഞ്ഞു.
മഹുവ മണ്ഡലത്തിൽ താൻ തന്നെ വിജയിക്കുമെന്നും അവിടെ വെല്ലുവിള്ളി ഒന്നും ഇല്ലെന്നും തേജ് പ്രതാപ് അവകാശപ്പെട്ടു. ബിഹാറിന് വേണ്ടി പ്രവർത്തിക്കുയെന്ന എന്ന ലക്ഷ്യം മാത്രമെ തനിക്കും പാർട്ടിക്കും ഉള്ളുവെന്നും തേജ് പ്രതാപ് പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
ഉഡുപ്പി: ഉഡുപ്പി ബ്രഹ്മാവറിനു സമീപം നഞ്ചൂരിൽ ബൈക്കിനു കുറുകേ ചാടിയ പുള്ളിപ്പുലി ചത്തു. ബൈക്ക് യാത്രികനു ഗുരുതരമായി പരിക്കേറ്റു. നഞ്ചൂർ സ്വദേശി ഭാസ്കർ ഷെട്ടിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉഡുപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോൾ പെട്ടെന്ന് ബൈക്കിനു മുന്നിലേക്കു പുള്ളിപ്പുലി ഓടിക്കയറുകയായിരുന്നു. ഭാസ്കറിന് വാഹനം നിയന്ത്രിക്കാൻ കഴിയുന്നതിനുമുമ്പ് വാഹനം പുലിയെ ഇടിച്ച് മറിഞ്ഞു.
കഴുത്തിനും തലയ്ക്കും പരിക്കേറ്റ പുലി അപ്പോൾത്തന്നെ ചത്തു. ഓടിക്കൂടിയ നാട്ടുകാരാണ് ഭാസ്കറിനെ ആശുപത്രിയിലെത്തിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ ജഡം പോസ്റ്റ്മോർട്ടത്തിനു ശേഷം മറവുചെയ്തു.
National
പൂന: മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ വനിതാ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രണ്ട് പോലീസ് ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിച്ചുവെന്ന് ഉള്ളംകൈയിൽ കുറിപ്പെഴുതി വച്ചാണ് ഫാൽതൻ താലൂക്കിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ തൂങ്ങിമരിച്ചത്.
ബീഡ് സ്വദേശിനിയാണ് ഇരുപത്തിയെട്ടു വയസുള്ള ഡോക്ടർ. സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരെ ഉടനടി സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ജില്ലാ പോലീസ് സൂപ്രണ്ടിനു നിർദേശം നൽകി. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
സബ് ഇൻസ്പെക്ടർ ഗോപാൽ ബദനെ, മറ്റാരു പോലീസുകാരൻ പ്രശാന്ത് ബങ്കർ എന്നിവർ കഴിഞ്ഞ അഞ്ച് മാസമായി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി സ്വന്തം ഉള്ളംകൈയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരിക്കുന്നത്.
സംഭവത്തിൽ അന്വേഷണം നടത്താൻ സത്താറ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അറിയിച്ചു. ഫഡാനാവിസ് സർക്കാർ സ്ത്രീകളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് കുറ്റപ്പെടുത്തി
National
മുംബൈ: വിവാഹവാഗ്ദാനവും ആൽബത്തിൽ പാടാനുള്ള അവസരവും നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്ന് ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ സച്ചിൻ സാംഘ്വിയെ പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റുഡിയോയിലേക്കു വിളിച്ചുവരുത്തി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. എന്നാൽ, കേസിൽ കഴന്പില്ലെന്നും സച്ചിന് ജാമ്യം ലഭിച്ചെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
National
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഡീലിന്റെ ഭാഗമായാണ് പിഎം ശ്രീ ധാരണാപത്രത്തില്‍ കേരളം ഒപ്പുവച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
പാര്‍ട്ടി ആശയങ്ങളെ ബലികഴിച്ച് രഹസ്യ അജണ്ട നടപ്പിലാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐയെ തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
മുന്നണി മാറ്റത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐയാണ്. സിപിഐ ആണ് നിലപാട് പറയേണ്ടത്. സിപിഐ വിമര്‍ശനം തള്ളിക്കളഞ്ഞു.
സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ഉല്‍പ്പന്നമാണ് ദേശീയ വിദ്യാഭ്യാസ നയം എന്നാണ് സിപിഎമ്മിന്റെ ഭാഷ്യം. ഈ ഉല്‍പ്പന്നം എവിടെ വച്ചാണ് ലഘൂകരിക്കപ്പെട്ടത് എന്നു പറയുന്നില്ല. ഘടകകക്ഷിയെ തള്ളിക്കളഞ്ഞു തീരുമാനമെടുക്കാനുള്ള ചേതോവികാരം എന്താണ്.
പിണറായി വിജയന് സിപിഐയുടെ ആശയപരമായ വിമര്‍ശനങ്ങളെ പോലും തള്ളിക്കളയുന്നുവെന്നും വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോപാൽഗഞ്ചിൽ നിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയ സ്വതന്ത്ര സ്ഥാനാർഥി അനൂപ് കുമാർ ശ്രീവാസ്തവ ജൻ സുരാജ് പാർട്ടിയിൽ ചേർന്നു. പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോറിന്റെ സാന്നിധ്യത്തിലാണ് അനൂപ് കുമാർ ജൻ സുരാജ് പാർട്ടിയിൽ ചേർന്നത്.
ഗോപാൽഗഞ്ചിൽ മത്സരിക്കുന്നതിനായി പാർട്ടി പ്രഖ്യാപിച്ചിരുന്ന ശശി ശേഖർ സിൻഹ പത്രിക പിൻവലിച്ചിരുന്നു. തുടർന്ന് ജൻ സുരാജ് പാർട്ടി അനൂപ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെയാണ് അനൂപ് കുമാർ ജൻ സുരാജ് പാർട്ടിയിൽ ചേർന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
ന്യൂഡൽഹി: പിഎം ശ്രീയിൽ ചേർന്ന കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം. എൻഇപിയുടെ ഭാഗമായ പദ്ധതി സ്കൂളുകളുടെ വികസനത്തിൽ നിർണായകമാകുമെന്ന് കേന്ദ്രം വ്യക്തമാക്കി.
എക്സ് പ്ലാറ്റ്ഫോമിലൂടെ കേരള സർക്കാരിനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പങ്കുവച്ചത്.
എൻഇപിയുടെ ഭാഗമായ പദ്ധതിയിലൂടെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി വളർത്തിയെടുക്കുന്നതിനും പ്രവർത്തന മികവ് ഉയർത്തുന്നതിനും ഈ ഒരു പദ്ധതിയിലേക്കുള്ള കൂടിച്ചേരൽ നിർണായകമാകുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം എക്സിൽ കുറിച്ചു.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി മഹാസഖ്യം അധികാരത്തിലെത്തുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. സംസ്ഥാനത്ത് മഹാസഖ്യത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ചരിത്ര ഭൂരിപക്ഷമായിരിക്കും തങ്ങൾക്ക് ലഭിക്കുകയെന്നും തേജസ്വി പറഞ്ഞ
"ബിഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. എൻഡിഎയെ മാറ്റി മഹാസഖ്യത്തിനെ അധികാരത്തിലെത്തിക്കാൻ അവർ തയാറായിരിക്കുകയാണ്. 20 വർഷത്തോളമായി തുടരുന്ന നിതീഷ് കുമാറിന്റെ ഭരണം ഇത്തവണ അവസാനിക്കും.'-തേജസ്വി അവകാശപ്പെട്ടു.
വ്യാഴാഴ്ച മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചിരുന്നു. രാഘോപുർ മണ്ഡലത്തിൽ നിന്നാണ് തേജസ്വി ജനവിധി തേടുന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ റിക്കാര്‍ഡ് ഭൂരിപക്ഷം നേടുമെന്നും സദ്ഭരണം തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സമസ്തിപുരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച പ്രധാനമന്ത്രി, അഴിമതിക്കേസുകളില്‍പെട്ട് നേതാക്കള്‍ ജാമ്യത്തില്‍ നടക്കുകയാണെന്നും അഴിമതിക്കാരെ ബിഹാര്‍ പുറത്ത് നിര്‍ത്തുമെന്നും പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടുപേർ പിടിയിൽ. ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് ഡൽഹി പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ചാവേർ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായാണ് പോലീസ് പറയുന്നത്.
ഡൽഹി, മധ്യപ്രദേശ് സ്വദേശികളായ ഇരുവരുടെയും പേര് അദ്നാൻ എന്നാണ്. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും ദക്ഷിണ ഡൽഹിയിലെ സാദിഖ് നഗറിൽ നിന്നുമായാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. ചാവേറുകളാകാനുള്ള പരിശീലനം ഇവർക്ക് ലഭിച്ചിരുന്നതായിട്ടാണ് സൂചന.
സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്തുന്നതിനും ഇവരുടെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനുമായി ഇന്റലിജൻസ്, സുരക്ഷാ ഏജൻസികൾ ഇവരെ ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ മാസം, സമാനമായ രീതിയിൽ ഭീകരബന്ധമുണ്ടെന്ന് കരുതുന്ന അഞ്ചുപേരെ ഡൽഹി, ജാർഖണ്ഡ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹി പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു.
National
ബംഗളുരു: ഹൈദരാബാദിലെ കർണൂലിൽ ബസിന് തീപിടിച്ച് വൻ ദുരന്തം. നിരവധി പേർ മരിച്ചു. തീ പടര്‍ന്നതോടെ 12 പേർ ജനാലകള്‍ തകര്‍ത്ത് ചാടി രക്ഷപ്പെട്ടു. ബംഗളുരു - ഹൈദരാബാദ് ദേശീയപാതയിൽ കർണൂൽ നഗരത്തിൽനിന്ന് 20 കിലോമീറ്റര്‍ അകലെ ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം ഇന്ന് പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്.
ഹൈദരാബാദിൽനിന്ന് ബംഗളുരുവിലേക്ക് വന്ന കാവേരി ട്രാവൽസ് എന്ന വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്. തീപിടിച്ച് മിനിട്ടുകൾക്കകം ബസ് പൂർണമായും കത്തിനശിച്ചു. എൻജിന്റെ ഭാഗത്തുനിന്നാണ് തീ പടർന്നതെങ്കിലും കാരണം വ്യക്തമല്ല.
40 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് വിവരം. പ്രദേശവാസികളും വഴിയാത്രക്കാരും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണമായും കത്തിനശിച്ചു. പരിക്കേറ്റവരെ കർണൂലിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
ന്യൂഡൽഹി: ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങി രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. ടാങ്ക് വേധ നാഗ് മിസൈലുകൾ ഉൾപ്പെടെ 79,000 കോടി രൂപയുടെ ആയുധങ്ങളും മറ്റു സംവിധാനങ്ങളും വാങ്ങുന്നതിനാണ് പ്രതിരോധ മന്ത്രാലയയത്തിന്റെ അനുമതി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (ഡിഎസി) വിവിധ ശിപാർശകൾക്ക് അനുമതി നൽകിയത്.
നാഗ് മിസൈൽ സംവിധാനം, ഗ്രൗണ്ട് - ബേസ്ഡ് മൊബൈൽ ഇലിന്റ് സിസ്റ്റങ്ങള്‍, ഹൈ മൊബിലിറ്റി വാഹനങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള ഡിഎസി അംഗീകാരം നൽകി. യുദ്ധക്കപ്പലുകൾ, ഇലക്ട്രോണിക് ഇന്റലിജൻസ്, നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ പ്രതിരോധ സംവിധാന പട്ടികയിൽ ഉൾപ്പെടുന്നു.
ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഡിഎസി അനുമതി നൽകുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഓഗസ്റ്റ് അഞ്ചിനു 67,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിരുന്നു.
National
ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രചാരണത്തിനു ഹെലികോപ്റ്റർ വാങ്ങാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നീക്കം തുടങ്ങി. ബംഗളൂരു ആസ്ഥാനമായ കമ്പനിയിൽ നിന്നു നാലു ഹെലികോപ്റ്ററുകളാണു വാങ്ങുന്നത്.
സമ്മേളന വേദിക്കു സമീപം ഹെലിപാഡ് തയാറാക്കും. സമ്മേളനം തുടങ്ങുന്നതിനു 15 മിനിറ്റ് മുന്‍പു മാത്രമേ വിജയ് എത്തൂ. എന്നാൽ ഹെലികോപ്റ്റർ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള അകലം വർധിക്കുമെന്ന ആശങ്കയും ചില പാർട്ടി നേതാക്കൾക്കുണ്ട്.
മുൻ മുഖ്യമന്ത്രി ജയലളിത നേരത്തേ ഹെലികോപ്റ്ററുകളിൽ പര്യടനം നടത്തിയതു വിജയമായിരുന്നു. കരൂരിൽ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേരാണ് മരിച്ചത്.
National
മുംബൈ: നടൻ സഞ്ജയ് ദത്തിനെിരെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉജ്വൽ നികം. 1993ൽ നടന്ന സ്ഫോടനത്തിന്റെ ഗൂഢാലോചനയിൽ നേരിട്ട് ബന്ധമില്ലായിരുന്നെങ്കിലും ദുരന്തം ഒഴിവാക്കാനായി പോലീസിനെ സഹായിക്കാൻ അദ്ദേഹത്തിനാകുമായിരുന്നെന്ന് ഉജ്വൽ പറഞ്ഞു.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ്ക്കെതിരെ ഉജ്വൽ രംഗത്തെത്തിയത്. സഞ്ജയ് ദത്തിന് ആയുധങ്ങളോട് ഭ്രമമാണ്. ആ ഭ്രമമാണ് എകെ-56 റൈഫിൾ കൈവശം വയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചെന്നും അത് അധോലോക നേതാവ് അബു സലേം നൽകിയതാണെന്നും ഉജ്വൽ പറഞ്ഞു.
‘‘മുംബൈ സ്ഫോടനത്തിന് മുന്‍പ് ഒരു വാഹനം നിറയെ ആയുധങ്ങളുമായി അബു സലേം അദ്ദേഹത്തിന്റെ അടുത്ത് എത്തിയിരുന്നു. സഞ്ജയ് അത് കാണുകയും ചെയ്തു. അതിൽനിന്ന് ഒരു തോക്ക് സഞ്ജയ് എടുത്തതിന് ശേഷം ബാക്കി ആയുധങ്ങളുമായാണ് അബു മടങ്ങിയത്.
സ്ഫോടനം നടക്കാൻ പോകുന്നു എന്ന വിവരം അദ്ദേഹത്തിനറിയില്ലായിരുന്നു. എന്നാൽ ആയുധങ്ങൾ കണ്ടപ്പോൾ അദ്ദേഹത്തിന് പോലീസിനെ വിവരം അറിയിക്കാമായിരുന്നു. ആയുധങ്ങൾ നിറഞ്ഞ ടെമ്പോയെക്കുറിച്ച് അദ്ദേഹം അപ്പോൾ തന്നെ വിവരം നൽകിയിരുന്നെങ്കിൽ പോലീസ് ആ വാഹനം പിന്തുടരുമായിരുന്നു. അവർ പ്രതിയെ പിടികൂടുകയും ചെയ്യുമായിരുന്നു. സ്ഫോടനത്തെ കുറിച്ച് അറിയില്ലെങ്കിലും ആയുധങ്ങളെക്കുറിച്ച് അറിയിച്ചാൽ ദുരന്തം ഒഴിവാക്കാമായിരുന്നു’’– ഉജ്വൽ പറഞ്ഞു.