ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉടൻ കുറ്റപത്രം സമർപ്പിക്കും.
പാക് ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബ (എൽഇടി), ആക്രമണം നടത്തിയ മൂന്ന് പാക് ഭീകരർക്കു സഹായം ചെയ്ത രണ്ട് പ്രദേശവാസികൾ എന്നിവരെ പ്രതിചേർത്താണ് എൻഐഎയുടെ കുറ്റപത്രമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കേസിലെ വിചാരണനടപടികൾക്കായി അഭിഭാഷകനായ ശ്രീസിംഗിനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കി.
പഹൽഗാം ഭീകരാക്രമണത്തിൽ അന്വേഷണം നടത്തുന്ന എൻഐഎയ്ക്ക് അന്വേഷണം പൂർത്തിയാക്കാൻ ജമ്മു കോടതി സെപ്റ്റംബർ 18ന് നൽകിയ 45 ദിവസത്തെ അധികസമയം ഈയാഴ്ച അവസാനിക്കാനിരിക്കെയാണു കേസിലെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണമുണ്ടായി രണ്ടുമാസത്തിനുശേഷം ഭീകരവാദികൾക്ക് അഭയം നൽകിയ പഹൽഗാം പ്രദേശവാസികളായ ബഷീർ അഹമ്മദ് ജോത്തർ, പർവേസ് അഹമ്മദ് ജോത്തർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ജുഡീഷൽ റിമാൻഡ് നീട്ടിനൽകുന്നതിലും അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കുന്നതിലും ആവശ്യമുന്നയിക്കുമോ എന്നതിൽ എൻഐഎ പ്രതികരിച്ചിട്ടില്ല. എങ്കിലും അന്വേഷണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇവരെ രണ്ടുപേരെയും ജമ്മുവിലെ ഒരു ജയിലിൽ ചോദ്യം ചെയ്തുവെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.
ആക്രമണത്തിനു കാരണക്കാരായ ഭീകരവാദികളായ സുലൈമാൻ ഷാ, ഹംസ അഫ്ഗാനി, ജിബ്രാൻ എന്നിവരെ ജൂലൈ 28ന് സുരക്ഷാസേന വധിച്ചിരുന്നു. ഇതിന്റെ പിറ്റേന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഭീകരവാദികൾ പാക്കിസ്ഥാനിൽനിന്നുള്ളവരാണെന്നും ലഷ്കർ ഇ തൊയ്ബയുടെ അംഗങ്ങളായിരുന്നുവെന്നും പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
Tags : Pahalgam terror attack NIA NIA chargesheet