കൊച്ചി: നടൻ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ അരങ്ങേറ്റം കുറിക്കുന്ന ജൂഡ് ആന്റണി ജോസഫ് ചിത്രമായ ‘തുടക്ക’ ത്തിന്റെ പൂജാചടങ്ങുകള്‍ കൊച്ചിയില്‍ നടന്നു. എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മോഹന്‍ലാലും കുടുംബവും പങ്കെടുത്തു. ആശീര്‍വാദ് സിനിമാസ് ആണ് സിനിമ നിര്‍മിക്കുന്നത്.
പൂജാചടങ്ങില്‍ സംവിധായകന് ജൂഡ് ആന്റണി, ജോസഫ് മോഹന്‍ലാലിന് തിരക്കഥ കൈമാറി. സുചിത്ര മോഹന്‍ലാല്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. മകന് പ്രണവാണ് ആദ്യക്ലാപ്പ് അടിച്ചത്. സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന ആന്റണി പെരുമ്പാവൂരിന്റെ മകന് ആശിഷ് ജോഷിയെയും ആരാധകര്‍ക്കു മോഹന്‍ലാല്‍ പരിചയപ്പെടുത്തി.
“സിനിമയില്‍ വരണമെന്നോ നടനാകണമെന്നോ ആഗ്രഹിച്ച ആളല്ല ഞാന്‍. കാലത്തിന്റെ നിശ്ചയംപോലെ ഞാന്‍ സിനിമയില്‍ വന്നു. പ്രേക്ഷകരാണ് എന്നെ ഒരു നടനാക്കിയത്. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഒരു വിസ്മയമായിട്ടാണ് കണക്കാക്കുന്നത്.
എന്റെ മകളുടെ പേരുതന്നെ വിസ്മയ എന്നാണ്. ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് അവള് പറഞ്ഞു. അതിനുള്ള എല്ലാ സൗകര്യങ്ങളും നമുക്കുണ്ട്. വര്‍ഷങ്ങളായി നടത്തിവരുന്ന ഒരു പ്രൊഡക്ഷന്‍ കമ്പനിയും ഒപ്പം ആന്റണി പെരുമ്പാവൂരുമുണ്ട്’’- മോഹന്‍ലാല്‍ പറഞ്ഞു.
നല്ല സബ്ജക്ട് കിട്ടി. അതിന്റെ പേരുതന്നെ തുടക്കം എന്നാണ്. സിനിമായാത്രയില്‍ എന്റെ ഉയർച്ചതാഴ്ചകളിൽ ഒപ്പം ഒരുപാടു പേര് ഉണ്ടായിരുന്നു. വിസ്മയയ്ക്കും അത്തരമൊരു ഭാഗ്യം ഉണ്ടാകട്ടെയെന്നു പ്രാര്‍ഥിക്കുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ആശീര്‍വാദ് സിനിമാസിന്റെ 25- ാം വാര്‍ഷികത്തിലാണ് വിസ്മയ മോഹന്‍ലാലിന്റെ സിനിമാ പ്രവേശനം പ്രഖ്യാപിച്ചത്. 2018 നുശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് ‘തുടക്കം’. എഴുത്തിലും ചിത്രരചനയിലും യാത്രകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വിസ്മയയുടെ പുതിയ തുടക്കത്തെ ആകാംക്ഷയോടെയാണു പ്രേക്ഷകർ കാത്തിരിക്കുന്നത്.
Tags : Pranav Mohanlal Mohanlal