തൃശൂർ: പിഎം ശ്രീ പദ്ധതിയിൽ പിണറായി ഭയന്നത് സിപിഐയെ അല്ല, മതതീവ്രവാദ സംഘടനകളെയാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. വിദ്യാഭ്യാസമന്ത്രി മാധ്യമങ്ങളുടെ മുന്നിൽ പദ്ധതി ന്യായീകരിച്ചെങ്കിലും പിന്നീടുണ്ടായ പിന്മാറ്റത്തിൽ മന്ത്രിയുടെ നിലപാട് എന്താണെന്നറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഐയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഇപ്പോഴത്തെ തീരുമാനം എന്നതു വാസ്തവവിരുദ്ധമാണ്. ഇതിലും വലിയ വിഷയങ്ങളിലും ഭിന്നതകളിലും സർക്കാർ സിപിഐയെ മുഖവിലയ്ക്ക് എടുത്തിട്ടില്ല. മതഭീകരവാദ സംഘടനകൾ ഈ പദ്ധതിക്കെതിരേ രംഗത്തുവന്നിരുന്നു. അവരുടെ ഇഷ്ടത്തിനു വഴങ്ങിയാണ് ഇപ്പോഴത്തെ തീരുമാനം.
സമസ്ത, ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് എന്നിവരെ പ്രീതിപ്പെടുത്താനാണ് ഇപ്പോഴത്തെ നീക്കം. ഇക്കാര്യത്തിൽ ഒളിച്ചുകളി അവസാനിപ്പിക്കണം. സർക്കാർ ആരെയാണ് ഭയക്കുന്നത്. മതമൗലികവാദ സംഘടനകളുടെ മുന്നിൽ സർക്കാർ മുട്ടുമടക്കുകയാണ്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
എൻഇപിയിൽ വിദ്യാഭ്യാസമന്ത്രി കാണാത്ത എന്തു പ്രശ്നമാണ് ഉപസമിതി കാണാൻ പോകുന്നത്. സംസ്ഥാനസർക്കാർ ഒപ്പിട്ട ധാരണ മുഖ്യമന്ത്രിക്ക് അറിയില്ലെങ്കിൽ അത് കൂട്ടുത്തരവാദിത്വമില്ലായ്മയാണ്. ഒപ്പിട്ടശേഷം എന്തിനാണു പിന്നോട്ടുപോയതെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മറുപടി പറയണം.
ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരായ വാർത്തകളിൽ കഴമ്പില്ലെന്നും ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സമരത്തിനു നേതൃത്വം നൽകുന്ന പ്രസിഡന്റിനെതിരേ പ്രചാരണം നടത്താനുള്ള ഗൂഢാലോചനയാണ് ഇതിനു പിറകിലെന്നും എം.ടി. രമേശ് കൂട്ടിച്ചേർത്തു.
Tags : M.T. Ramesh PM Shri