ഗാര്‍ബേജ് ഫ്രീ സിറ്റിക്കായി ഒരുങ്ങി തൃശൂർ
1497035
Tuesday, January 21, 2025 1:51 AM IST
തൃശൂര്‍: സീറോ വേസ്റ്റ്, മാലിന്യമുക്ത നവകേരള പദ്ധതി പ്രവര്‍ത്തനങ്ങൾ മുൻനിർത്തി തൃശൂർ കോർപറേഷനു ജിഎഫ്സി ഫൈവ്സ്റ്റാര്‍ റേറ്റിംഗ് (ജിഎഫ്സി) എന്‍ട്രി. ശുചിത്വത്തിനും മാലിന്യ സംസ്കരണത്തിനും ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്ന നഗരങ്ങൾക്കു നൽകുന്ന സർട്ടിഫിക്കേഷനാണ് ജിഎഫ്സി റേറ്റിംഗ്.
പദവി ലഭിക്കുന്നതിനായി കോര്‍പറേഷനില്‍ കഴിഞ്ഞ ഡിസംബര്‍ ഒന്നു മുതല്‍ എല്ലാ മേഖലയിലുമുള്ള ആളുകളെ ഉള്‍ക്കൊള്ളിച്ച് ബോധവത്കരണം ഉള്‍പ്പടെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരുന്നു. മാലിന്യം കുന്നുകൂടി കിടന്നിരുന്ന സ്ഥലങ്ങളും മലമൂത്ര വിസര്‍ജനം നടത്തിയിരുന്ന യെല്ലോ സ്പോട്ടുകളും പൊതുയിടങ്ങളില്‍ തുപ്പുന്ന റെഡ് സ്പോട്ടുകളും കണ്ടെത്തി അവിടങ്ങളിൽ പൂന്തോട്ടം നിർമിക്കുന്നത് ഇതിന്റെ ഭാഗമാണ്.
റെയില്‍വെ സ്റ്റേഷനുസമീപം വൃത്തിഹീനമായിക്കിടന്നിരുന്ന സ്ഥലം മനോഹരമാക്കിയത് ഇന്നലെ മേയര്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ അധ്യക്ഷത വഹിച്ചു.
ഇത്തരത്തിലുള്ള ഗാര്‍ബേജ് ഫ്രീ കോര്‍ണറുകള്‍ പോസ്റ്റോഫീസ് റോഡ് കോര്‍ണർ, ചേറ്റുപുഴ പാലത്തിനുസമീപം, സംസ്ഥാനപാതയുടെ വഴിയോരം എന്നിവിടങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ട്. അരണാട്ടുകര തോപ്പിന് മൂല മുതല്‍ ലാലൂര്‍ റോഡ് ഉള്‍പ്പടെ ചേറ്റുപുഴ വരെ ഗാര്‍ബേജ് ഫ്രീ റോഡായി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.