ജയചന്ദ്രന് പാടിയത് ഹൃദയത്തില്‍നിന്ന്: ഔസേപ്പച്ചന്
1497031
Tuesday, January 21, 2025 1:51 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സര്‍ഗജീവിതത്തെ അടയാളപ്പെടുത്തുകയും പാട്ടിന്റെ പാലാഴി തീര്‍ക്കുകയുംചെയ്ത ഭാവഗായകന് പി. ജയചന്ദ്രനെ അനുസ്മരിച്ച് ഇരിങ്ങാലക്കുടയുടെ പൗരാവലി.
ക്രൈസ്റ്റ് കോളജിലെ ഫാ. തെക്കന്‍ ഹാളില്‍ നടന്ന സര്‍വകക്ഷി അനുസ്മരണയോഗം സംഗീത സംവിധായകന് ഔസേപ്പച്ചന് ഉദ്ഘാടനംചെയ്തു. പാട്ടിനുവേണ്ടിമാത്രം ജീവിച്ച വ്യക്തിയായിരുന്നു ജയചന്ദ്രനെന്ന് ഔസേപ്പച്ചന് പറഞ്ഞു. വാക്കുകള്‍ക്കും അക്ഷരങ്ങള്‍ക്കും ജയചന്ദ്രന് നല്കിയ ഭാവം അനുകരിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. സംഗീതത്തേക്കാള്‍ ഭാവത്തിനാണ് ജയചന്ദ്രന് പ്രാധാന്യംനല്‍കിയത്. ഹൃദയത്തില്‍നിന്നാണ് അദ്ദേഹംപാടിയത്.
ജോണ്‍സനും താനുമൊക്കെ സംഗീത സംവിധായകരായതിന് പിന്നില്‍ ജയചന്ദ്രന്റെ ഇടപെടലുകളായിരുന്നുവെന്നും ഔസേപ്പച്ചന് പറഞ്ഞു. മന്ത്രി ആര്. ബിന്ദു അധ്യക്ഷതവഹിച്ചു. ഖാദര്‍ പട്ടേപ്പാടം അനുശോചനപ്രമേയം അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, എം.പി. ജാക്സന്, പി.കെ. ഭരതന്, ഡോ.സി.കെ. രവി, രേണു രാമനാഥ്, സി.കെ. ഗോപി, പ്രേംലാല്‍, ആനന്ദ് മധുസൂദനന് തുടങ്ങിയവര്‍ സംസാരിച്ചു.