എഴുത്തുകാരനെപ്പോഴും ഓർമിക്കാൻകഴിയുന്ന കാര്യങ്ങൾ ചെയ്യണം: സി.എൽ. ജോസ്
1497027
Tuesday, January 21, 2025 1:51 AM IST
തൃശൂർ: എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ജീവിച്ചിരിക്കുന്പോൾ ഓർമിക്കത്തക്കത് എന്തെങ്കിലും എഴുതുകയോ എഴുതുവാനുതകുന്ന എന്തെങ്കിലും പ്രവർത്തിക്കുകയോ വേണമെന്ന് നാടകകൃത്ത് സി.എൽ. ജോസ് പറഞ്ഞു. സർഗസ്വരത്തിൻറെ ആഭിമുഖ്യത്തിൽ എഴുത്തിന്റെ അന്പതു വർഷങ്ങൾ പിന്നിടുന്ന കാവിൽ രാജിനെ ആദരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങിൽ സുദർശനം സുകുമാരൻ അധ്യക്ഷനായി.
പ്രഫ. വി.കെ. ലക്ഷ്മണൻ നായർ കാവിൽ രാജിനെ പൊന്നാടയണിയിച്ചു. സർഗസ്വരം ട്രഷറർ സതീഷ് മാന്പ്ര പ്രസ്തിപത്രം സമർപ്പിച്ചു. കാവിൽ രാജ് എഴുതിയ പുസ്തകം നാടകജ്വരം പ്രഫ. സാവിത്രി ലക്ഷ്മണനു നൽകി സി.എൽ. ജോസും മലയാള ചലച്ചിത്രഗാനങ്ങളിലൂടെ എന്ന പുസ്തകം പ്രഫ.ഐ. ഷണ്മുഖദാസ് എം.എൻ.ആർ. നായർക്കു നൽകിയും ചടങ്ങിൽ പ്രകാശനം ചെയ്തു.
കാവിൽ രാജിനെപ്പറ്റിയുള്ള ഡോക്യുമെൻററിയുടെ പ്രദർശനോദ്ഘാടനം സി.ആർ. ദാസ് നിർവഹിച്ചു. അരവിന്ദൻ വല്ലച്ചിറ, ശ്രീദേവി അന്പലപുരം, വി.എം. സുലൈമാൻ, പി.കെ. ഷാഹുൽ ഹമീദ്, ബേബി മൂക്കൻ, വിജേഷ് എടക്കുന്നി, കലാമണ്ഡലം പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു.