ബണ്ടില്‍ നില്‍പ്പുസമരം നടത്തി
1497032
Tuesday, January 21, 2025 1:51 AM IST
കാട്ടൂര്‍: മുനയത്ത് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കള്‍ മുനയത്തെ താത്കാലിക ബണ്ടില്‍ നില്‍പ്പുസമരം നടത്തി.
പാലം നിര്‍മാണത്തിന് ആവശ്യമായ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെന്‍ഡര്‍ നടപടി പൂര്ത്തീകരിക്കുകയുംചെയ്തിട്ട് എട്ടുവര്‍ഷത്തിലധികമായി. എന്നിട്ടും ബണ്ട് നിര്‍മിക്കാതെ വര്‍ഷംതോറും താത്കാലിക ബണ്ട് നിര്മാണംമാത്രമാണ് നടക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപടികള്‍ പൂര്‍ത്തീകരിച്ച പദ്ധതിയാണ് ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായത്. പദ്ധതിയുടെ പൂര്‍ത്തീകരണം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തുടര്‍ച്ചയായി നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ രണ്ടാംഘട്ടമായാണ് നില്‍പ്പുസമരം സംഘടിപ്പിച്ചത്.
കാട്ടൂര്‍, താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനയം ബണ്ട് കം ബ്രിഡ്ജ് നിര്‍മിക്കുന്നതുവരെ കേരള കോണ്‍ഗ്രസ് സമരം നടത്തുമെന്ന് നില്‍പ്പുസമരം ഉദ്ഘാടനംചെയ്ത് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് പറഞ്ഞു.
പ്രസിഡന്റ് അഷറഫ് പാലിയത്താഴത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, വൈസ് പ്രസിഡന്റ് കെ. സതീഷ്, മണ്ഡലം ഭാരവാഹികളായ എഡ്വേര്‍ഡ് ആന്റണി, ലിജോ ചാലിശേരി, അശോകന് പിഷാരടി, സി.ബി. മുജീബ് റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു.