ഭിന്നശേഷി പെൻഷൻ മുടങ്ങിയെന്ന പരാതി : സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം
1494360
Saturday, January 11, 2025 4:42 AM IST
കോതമംഗലം: ഇഞ്ചത്തൊട്ടി നിവാസികളും ഇരട്ട സഹോദരങ്ങളുമായ അനുമോൾ ഷാജി, അമൽ ഷാജി എന്നിവരുടെ ഭിന്നശേഷി വിഭാഗക്കാർക്കായുള്ള പെൻഷൻ മുടങ്ങിയ പരാതി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കുട്ടന്പുഴ പഞ്ചായത്ത് സെക്രട്ടറിയോട് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. കൂടാതെ പരാതി പരിഗണിച്ച് അടിയന്തിരമായി ഇവർക്ക് ഭിന്നശേഷി സൗഹൃദ ശുചിമുറി ഉടൻ നിർമിച്ചു നൽകാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സാമൂഹ്യ നീതി വകുപ്പിന്റെ പരിരക്ഷ പദ്ധതിയിലുൾപ്പെടുത്തി ധനസഹായം ലഭ്യമാക്കാൻ ജില്ലാ കളക്ടറെയും സാമൂഹ്യ നീതി ഓഫീസറെയും മന്ത്രി ചുമതലപ്പെടുത്തി. ഇഞ്ചത്തൊട്ടി വണ്ടാളം കുന്നേൽ ഷാജി സെബാസ്റ്റ്യന്റെയും സെലിന്റെയും മക്കളായ 28 വയസുകാരായ അമലും അനുമോളും യഥാക്രമം 72, 85 ശതമാനം വീതം ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്നവരാണ്. ഷാജി സെബാസ്റ്റ്യൻ കഐസ്ആർടിസി കണ്ടക്ടറാണ്.
2022 ജനുവരി മുതൽ ഈ വരുമാനത്തിന്റെ പേരിൽ ഇവരുടെ പെൻഷൻ മുടങ്ങി. മാസന്തോറും ഇവരുടെ ചികിത്സയ്ക്കായി നല്ലൊരു തുക വേണം. പ്രായമായ അമ്മയുൾപ്പെടെ ആറംഗ കുടുംബത്തിന്റെ ഏക ആശ്രയം ഷാജിയുടെ വരുമാനമാണ്.
ഒന്നര വർഷത്തിനുളളിൽ ഷാജി വിരമിക്കുന്നതോടെ ഇവരുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാകും. പെൻഷനും ഇല്ലാതായതോടെ ചികിത്സാ ചിലവും, മറ്റു ചെലവുകളും താങ്ങാനാകാത്ത സ്ഥിതിയാണ്. ഇളയ സഹോദരിയായ അനഘയാണ് അദാലത്തിൽ പരാതി നൽകിയത്.