ചാവറയിൽ ജോസഫ് വൈറ്റില അനുസ്മരണം
1494350
Saturday, January 11, 2025 4:32 AM IST
കൊച്ചി: സാഹിത്യത്തിനുവേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയാണു ജോസഫ് വൈറ്റിലയെന്നു നാടകകൃത്ത് ടി.എം. ഏബ്രഹാം അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ജോസഫ് വൈറ്റില ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലൂർ ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. സെബാസ്റ്റ്യൻ മിൽട്ടൻ കളപ്പുരക്കൽ അനുസ്മരണപ്രഭാഷണം നടത്തി. ജോസഫ് വൈറ്റിലയുടെ സ്മരണയ്ക്കു തൈക്കൂടം ഇടവക ലെയ്റ്റി കമ്മീഷൻ സംഘടിപ്പിച്ച ചെറുകഥാമത്സരത്തിലെ വിജയിയെ ചടങ്ങിൽ പ്രഖ്യാപിച്ചു.
വിമീഷ് മണിയൂർ (കോഴിക്കോട്) എഴുതിയ "മോനിയ ലല്ല' എന്ന കഥയ്ക്കാണ് 10000 രൂപ പുരസ്കാരം. ആർ.എസ്. കുറുപ്പ്, കെ. ജോർജ് ജോസഫ്, ചാവറ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, വി.ആർ. രാമകൃഷ്ണൻ, നെൽസൺ തിരുനിലത്ത് എന്നിവർ പ്രസംഗിച്ചു.