കുടിവെള്ള ക്ഷാമം: കോൺഗ്രസ് പ്രതിഷേധിച്ചു
1494346
Saturday, January 11, 2025 4:32 AM IST
ആലങ്ങാട്: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായി തുടരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ആലങ്ങാട് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു.
കൊങ്ങോർപ്പിള്ളി, ഒളനാട്, കരിങ്ങാം തുരുത്ത്, തിരുമുപ്പം, നീറിക്കോട്, കോട്ടപ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ കുടിവെള്ളക്ഷാമം മൂലം ദുരിതത്തിലായിരിക്കുകയാണ്.
കൃത്യമായ ആസൂത്രണമില്ലാതെ തുടർച്ചയായി അറ്റകുറ്റപ്പണികൾ നടത്തുന്ന ജല അഥോറിറ്റിയുടെ പ്രവർത്തികളാണു കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണമെന്നു പ്രതിഷേധക്കാർ പറഞ്ഞു.
സ്ഥലം എംഎൽഎയും മന്ത്രിയുമായ പി.രാജീവിനോട് ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും യാതൊരുവിധപരിഹാരവും ഉണ്ടാകുന്നില്ലെന്നു പ്രതിഷേധക്കാർ പറഞ്ഞു. അതിനാൽ കലക്ടർ ഇടപെട്ടു ടാങ്കറുകളിൽ എത്തിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിയാഖത്തലി മുപ്പൻ അധ്യക്ഷനായി.
ഡിസിസി അംഗം പി.കെ.സുരേഷ് ബാബു, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ വി.എം.സെബാസ്റ്റ്യൻ, സന്തോഷ് പി.അഗസ്റ്റിൻ, റഷീദ്, ബ്ലോക്ക് സെക്രട്ടറി സുരേഷ് മുണ്ടോളിൽ, ജോഷി വേവുകാട്ട്,
നസീർ വേളപ്പിള്ളി, ബാബു തീയാടി, റോജിൻ ദേവസി, സാബു പണിക്കശ്ശേരി, സലാം സി.മീതിയൻ, ബെന്നി, ബിജു മുല്ലൂർ, റെജു മെൻഡസ് എന്നിവർ പ്രസംഗിച്ചു.