എസിയാണ്, ഇലക്ട്രിക്കാണ്... കൊച്ചിയിൽ മെട്രോ കണക്ട് ബസ് റെഡിയാണ്
1494334
Saturday, January 11, 2025 4:19 AM IST
കൊച്ചി: കൊച്ചി നഗരയാത്രയ്ക്ക് ഇനി പുതിയ വൈബ്. ശീതീകരിച്ച ഇലക്ട്രിക് ബസിൽ നഗരഗതാഗതമേഖലയിലേക്കു പുതിയ മാനം പകരാൻ കൊച്ചി മെട്രോ റെയിൽ കോർപറേഷന്റെ "മെട്രോ കണക്ട്' ഇലക്ട്രിക് ബസുകൾ റെഡി.
വിവിധ മെട്രോ സ്റ്റേഷനുളിൽ നിന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അടുത്തയാഴ്ച ആരംഭിക്കുന്ന സർവീസുകളുടെ റൂട്ടും യാത്രാനിരക്കുകളും നിശ്ചയിച്ചു. ആദ്യഘട്ടത്തിൽ സർക്കുലർ ഉൾപ്പടെ ഏഴു റൂട്ടുകളിലാണ് ബസുകൾ സർവീസ് നടത്തുക.
കൊച്ചി മെട്രോ സ്റ്റേഷനിലേക്കുള്ള ഫസ്റ്റ് മൈല്‍ - ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണു "മെട്രോ കണക്ട്' ഇലക്ട്രിക് ബസുകൾ. ഇതിനായി കെഎംആർഎൽ 15 ഇലക്ട്രിക് ബസുകളാണ് വാങ്ങിയിട്ടുള്ളതെന്നു മനേജിംഗ് ഡയറക്ടർ ലോക് നാഥ് ബഹ്റ പറഞ്ഞു.
ആദ്യത്തെ മൂന്നു മാസം കെഎംആർഎൽ നേരിട്ടു സർവീസ് നടത്തും. യാത്രക്കാരുടെ പ്രതികരണവും സ്വീകാര്യതയും ലാഭവും കണക്കാക്കി തുടർന്നു സർവീസ് നടത്താനുള്ള ചുമതല ടെൻഡറിലൂടെ സ്വകാര്യ കന്പനിയെയോ വ്യക്തികളെയോ ഏൽപിക്കാനാണു പദ്ധതി.
നിരക്ക് 20 മുതൽ 80 വരെ
ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് എയര്പോര്ട്ടിലേക്കെത്താൻ 80 രൂപയാണു നിരക്ക്. മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപ. ഡിജിറ്റല്‍ പേമെന്റ് വഴിയാണ് ടിക്കറ്റിംഗ്. കാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യുപിഐ വഴിയും രൂപേ ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴിയും പേമെന്റ് നടത്താം.
പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസുകളാണു സർവീസ് നടത്തുന്നത്. കൊച്ചി മെട്രോയിലേതിനു സമാനമായ യാത്രാസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ബസുകളിൽ 33 സീറ്റുകളാണുള്ളതെന്നു കൊച്ചി മെട്രോ അഡീഷണൽ ജനറൽ മാനേജർ (അർബൻ ട്രാൻസ്പോർട്ട്) ടി.ജി. ഗോകുൽ പറഞ്ഞു.
രാവിലെ 6.45 മുതല്‍ രാത്രി 11 വരെ
ഇലക്ട്രിക് ബസുകളുടെ ആദ്യ സർവീസ് രാവിലെ 6.45 നാണ്. രാത്രി 11 ന് എയര്‍പോർട്ടില്‍ നിന്ന് ആലുവയിലേക്ക് അവസാന സര്‍വീസ്. എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും മറ്റു സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ട് സര്‍വീസുകള്‍ ഉണ്ടാകും. കളമശേരി-മെഡിക്കല്‍ കോളജ് റൂട്ടില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 7.30 വരെ 30 മിനിറ്റ് ഇടവിട്ടാണു സര്‍വീസ്.
കാക്കനാട് വാട്ടർ മെട്രോയിൽ നിന്നു കിൻഫ്രാ -ഇന്‍ഫോപാര്‍ക്ക് റൂട്ടുകളിൽ രാവിലെ എട്ടു മുതല്‍ വൈകുന്നേരം ഏഴു വരെ 25 മിനിറ്റ് ഇടവിട്ടു ബസുണ്ടാകും. കാക്കനാട് വാട്ടർ മെട്രോ -കളക്ടറേറ്റ് റൂട്ടില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം 7.30 വരെ 20 മിനിറ്റ് ഇടവിട്ട് ബസ് സർവീസുണ്ടാകും.
ഹൈക്കോര്‍ട്ട്-എംജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ടുള്ള സർവീസ് രാവിലെ 8.30 മുതല്‍ വൈകുന്നേരം 7.30 വരെ. കടവന്ത്രയിൽ നിന്നുള്ള സർക്കുലർ സർവീസ് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ഏഴു വരെ 25 മിനിറ്റ് ഇടവിട്ടുണ്ടാകും. മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിങ്ങനെ നാലിടങ്ങളിലാണ് ചാർജിംഗ് സ്റ്റേഷനുകളുള്ളത്.
റൂട്ടുകൾ ഇങ്ങനെ (ബസുകളുടെ എണ്ണം ബ്രാക്കറ്റിൽ)
1. ആലൂവ- നെടുന്പാശേരി വിമാനത്താവളം (നാല്)
2. കളമശേരി-മെഡിക്കല്‍ കോളജ് (രണ്ട്)
3. ഹൈക്കോര്‍ട്ട്- എംജി റോഡ് (സര്‍ക്കുലര്‍- മൂന്ന്)
4. കടവന്ത്ര- കെ.പി. വള്ളോന്‍ റോഡ്-പനമ്പിള്ളി നഗർ (സര്‍ക്കുലര്‍- ഒന്ന്)
5. കാക്കനാട് വാട്ടര്‍മെട്രോ- ഇന്‍ഫോപാര്‍ക്ക് (ഒന്ന്)
6. കാക്കനാട് വാട്ടര്‍മെട്രോ- കിന്‍ഫ്ര പാര്‍ക്ക് (ഒന്ന്)
7. കാക്കനാട് വാട്ടര്‍മെട്രോ- കളക്ടറേറ്റ് (ഒന്ന്)