തിരുവൈരാണിക്കുളത്ത് പാർവതീദേവിയുടെ നടതുറപ്പ് മഹോത്സവം 12 മുതൽ
1494064
Friday, January 10, 2025 4:43 AM IST
കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ പാർവതീദേവിയുടെ നടതുറപ്പ് മഹോത്സവം 12 മുതൽ 23 വരെ ആഘോഷിക്കും. നടതുറപ്പ് ഉത്സവദിനങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യപൂർവം ദർശനം നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണൻ സെക്രട്ടറി എ.എൻ. മോഹനൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
നടതുറപ്പുത്സവത്തിന് പ്രാരംഭംകുറിച്ചുകൊണ്ടുള്ള തിരുവാഭരണഘോഷയാത്ര ഞായറാഴ്ച വൈകിട്ട് 4.30ന് ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട അകവൂർമനയിൽ നിന്ന് ആരംഭിക്കും. മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങൾ പൂക്കാവടി എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന തിരുവാഭരണഘോഷയാത്ര രാത്രി എട്ടിന് ക്ഷേത്രത്തിൽ പ്രവേശിച്ച് ആചാരപൂർവം നടതുറക്കും.
ഭക്തർ ദർശനം നടത്തിയശേഷം രാത്രി 10 ന് നട അടക്കും. തുടർന്ന് പൂത്തിരുവാതിര ചടങ്ങുകൾ നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ നാലു മുതൽ ഉച്ചയ്ക്ക് 1.30വരെയും വൈകിട്ട് നാലു മുതൽ രാത്രി ഒന്പതു വരെയും ക്ഷേത്ര ദർശനം സാധ്യമാകും.
ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ദർശനത്തിന് ക്യു നിൽക്കുന്നതിനായി അൻപതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള പന്തലുകളാണ് ഒരുക്കിയിട്ടുള്ളത്. സാധാരണ ക്യു കൂടാതെ ദർശന ദിവസവും സമയവും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി വെർച്വൽ ക്യു സംവിധാനം തയാറാക്കിയിട്ടുണ്ട്.www.thiruvairanikkulamtemple.org എന്ന വെബ്സെറ്റ് സന്ദർശിച്ച് ലളിതമായ നടപടി ക്രമങ്ങളിലൂടെ വെർച്വൽ ക്യു ബുക്ക് ചെയ്യാവുന്നതാണന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
അങ്കമാലി, ചാലക്കുടി ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ് സർവീസ് നടത്തും. തീർഥാടന പാക്കേജിൽ ഉൾപ്പെടുത്തി കെഎസ്ആർടിസിയുടെ ദീർഘദൂര സർവ്വീസുകളും ഉണ്ടാകും.
ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ആറ് പാർക്കിംഗ് ഗ്രൗണ്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടുകളും ഉണ്ടാകും.
വെർച്വൽ ക്യു ബുക്ക് ചെയ്തവർ പാർക്കിംഗ് ഗ്രൗണ്ടുകളായ കൈലാസം, സൗപർണ്ണിക എന്നിവിടങ്ങളിലേയും തിരുവൈരാണിക്കുളം ജംഗ്ഷനിലെ വേരിഫിക്കേഷൻ കൗണ്ടറിലും ബാർകോഡ് അടങ്ങിയ ബുക്കിംഗ് രസീത് കാണിച്ച് ദർശന പാസ് വാങ്ങാവുന്നതാണ്. വഴിപാട് സാധനങ്ങൾ, രസീതുകൾ എന്നിവ ലഭിക്കുന്നതിനായി രണ്ട് ക്യു ഗ്രൗണ്ടുകളിൽ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്ര ഊരാൺമ പ്രതിനിധി അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി.കെ. നന്ദകുമാർ, പബ്ലിസിറ്റി കൺവീനർ എം.എസ്. അശോകൻ, മാനേജർ എം.കെ. കലാധരൻ,ട്രസ്റ്റ് അംഗങ്ങളായ പി.ആർ. ഷാജികുമാർ, പി.കെ. വേണുഗോപാൽ, എൻ. ഷാജൻ, പി.വി. ദിലീപ്, എ.പി. സാജു, കെ.ജി. ശ്രീകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.