ആരോഗ്യ നിലയില്‍ മികച്ച പുരോഗതി; ഉമ തോമസിനെ മുറിയിലേക്ക് മാറ്റി
1494058
Friday, January 10, 2025 4:43 AM IST
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ എറണാകുളം റിനൈ മെഡിസിറ്റിയില്‍ പ്രവേശിച്ച ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മുറിയിലേക്ക് മാറ്റിയ ഉമ ഇന്നലെ വോക്കറി സഹായത്തോടെ 15 അടിയോളം നടന്നു.
നല്ല രീതിയില്‍ സംസാരിക്കുന്നുമുണ്ട്. തലച്ചോറിനേറ്റ പരിക്ക് വേഗത്തില്‍ ഭേദമായി വരുന്നു. നെഞ്ചിന്റെ ഭാഗത്തെ മുറിവ് മുന്പത്തേ അപേക്ഷിച്ച് വളരെ ഭേദമായിട്ടുണ്ട്. അതേസമയം വാരിയെല്ലിനുണ്ടായ പരിക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്നും ഡോ.കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.
റസ്പറേറ്ററി തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്യൂപ്പേഷണല്‍ തെറാപ്പി എന്നിവയാണ് ഇപ്പോള്‍ നല്‍കിവരുന്ന ചികിത്സ. അപകട ദിവസത്തെ കാര്യങ്ങളൊന്നും എംഎല്‍എയ്ക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. അപകടത്തിന്റെ വീഡിയോ മകന് മൊബൈലില്‍ കാണിച്ചപ്പോള്‍ ഞെട്ടലോടെയാണ് ദൃശ്യങ്ങള്‍ കണ്ടത്. ഇത്രയുമൊക്കെ സംഭവിച്ചോ എന്ന് ചുറ്റും നിന്നവരോടായി എംഎല്‍എ ചോദിച്ചു.
ഇന്ഫെക്ഷന് ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അപകടത്തെ തുടര്‍ന്ന് വാരിയെല്ലിന്റെ ഭാഗങ്ങള്‍ തറച്ചുകയറി ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായിരുന്നു. അതിപ്പോള്‍ ഭേദമായിട്ടുണ്ട്. ഇനിയുമൊരു അണുബാധ സാധ്യത ഉണ്ടാകാതെ നോക്കേണ്ടതുണ്ട്.
ന്യൂമോണിയ പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകളും ഡോക്ടര്‍മാര്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒരാഴ്ചത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
വീണ്ടുമൊരു ഗുരുതര സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഏഴ് ദിവസത്തേക്ക് സന്ദര്‍ശനം ഒഴിവാക്കണമെന്ന് മകന് വിഷ്ണുവും അഭ്യര്‍ഥിച്ചു. അമ്മയെ കണ്ട് സുഖവിവരങ്ങള്‍ അന്വേഷിക്കുന്നതില്‍ സന്തോഷമുണ്ട്.
എന്നാലത് ഏഴ് ദിവസത്തേക്ക് നീട്ടിവയ്ക്കണമെന്നാണ് അഭ്യര്‍ഥന. അമ്മ അരോഗ്യനില വീണ്ടെടുത്ത് വരികയാണെന്നും എല്ലാവരെയും കാണുന്നതില്‍ അമ്മയ്ക്ക് സന്തോഷമാണെന്നും മകന് പറഞ്ഞു. ഏഴു ദിവസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷ ഡോക്ടര്‍മാരും പങ്കുവയ്ക്കുന്നു.