മെട്രോ യാത്രക്കാര്‍ക്കായി എസി ഇ-ഫീഡര്‍ ബസ് സർവീസ് അടുത്ത ആഴ്ച മുതല്‍
1494053
Friday, January 10, 2025 4:29 AM IST
കൊച്ചി: പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളില്‍ മെട്രോ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി എത്തിച്ചേരുന്നതിന് കെഎംആര്‍എല്‍ വാങ്ങിയ ഇ-ഫീഡര്‍ ബസുകള്‍ അടുത്ത ആഴ്ച സര്‍വീസ് ആരംഭിക്കും. ബസുകളുടെ പരീക്ഷണ ഓട്ടം പൂര്‍ത്തിയായി. റൂട്ടുകളും യാത്രാ നിരക്കും സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും.
ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള മെട്രോ സ്റ്റേഷനുകളും വാട്ടര്‍ മെട്രോ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്നതിന് 15 ഇലക്ട്രിക് ബസുകളാണ് കെഎംആര്‍എല്‍ സജ്ജമാക്കിയിരിക്കുന്നത്. 32 സീറ്റുകളുള്ള എസി ബസുകളാണിവ. യാത്രക്കാര്‍ ഏറെയുള്ള മെട്രോ സ്റ്റേഷനുകളില്‍ നിന്ന് പൊതുഗതാഗതം കുറവുള്ള റൂട്ടുകളിലേക്കാകും സര്‍വീസ് നടത്തുക.
ആലുവ- നെടുന്പാശേരി വിമാനത്താവളം, കളമശേരി - മെഡിക്കല്‍ കോളജ്, കാക്കനാട് വാട്ടര്‍ മെട്രോ ടെര്‍മിനൽ-ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളിലേക്കാണ് നിലവില്‍ റൂട്ടൂകൾ തീരുമാനിച്ചിട്ടുള്ളത്. മറ്റു റൂട്ടുകളും നിരക്കുകയും പരിഗണനയിലാണ്. കൊച്ചി നഗരം ചുറ്റിയുള്ള സര്‍വീസും ആലോചനയിലുണ്ട്.
12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ അഞ്ച് ബസുകള്‍ സര്‍വീസ് നടത്തും. നിലവില്‍ നാല് ബസുകള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. പുതിയ ബസുകള്‍ വരുന്നതോടെ 30 മിനിറ്റ് ഇടവേളയില്‍ നെടുമ്പാശേരിയിലേക്കും തിരിച്ചും അലുവ മെട്രോ സ്റ്റേഷന് കേന്ദ്രീകരിച്ച് ഫീഡര്‍ ബസ് സര്‍വീസ് ഉണ്ടാകും.
ബസുകളുടെ സര്‍വീസ് നടത്തിപ്പിനായി കെഎംആര്‍എലിന്റെ കീഴില്‍ ക്ലീന്‍ സ്മാര്‍ട്ട് ബസ് ലിമിറ്റഡ് (കെഎസ്ബില്) എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. വനിതകള്‍ ഉള്‍പ്പെടെ 25 പേരാകും ഡ്രൈവര്‍മാരായും കണ്ടക്ടര്മാരായും ഉണ്ടാകുക. ആവശ്യമായ ജീവനക്കാരെ കെഎസ്ബില് കരാർ വ്യവസ്ഥയില്‍ എടുത്തിട്ടുണ്ട്.
എസ്സിഎംഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്സ്പോര്ട്ടേഷൻ ഇവര്‍ക്ക് പരിശീലനം നല്കി. ബസുകള്‍ക്കായി പ്രത്യേക ഡിപ്പോ ഒരുക്കിയിട്ടുള്ളത് മുട്ടം യാര്‍ഡിലാണ്. ഇവിടെ ബസ് ചാര്‍ജ് ചെയ്യാനും അറ്റകുറ്റപ്പണികള്‍ നടത്താനും സൗകര്യമുണ്ട്. സ്ഥലസൗകര്യമുള്ള മെട്രോ സ്റ്റേഷനുകളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും ആലോചനയിലുണ്ട്.