കൊച്ചി വിമാനത്താവളത്തിൽ 2024ൽ 1.09 കോടി യാത്രക്കാർ
1494339
Saturday, January 11, 2025 4:19 AM IST
നെടുമ്പാശേരി: അഖിലേന്ത്യ തലത്തിൽ വ്യോമയാന മേഖലയിൽ പ്രതീക്ഷിക്കുന്ന വളർച്ചയ്ക്ക് അനുസരിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ വികസനം സാധ്യമാക്കുമെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. ഇതിനുള്ള പദ്ധതികൾ നടപ്പിലാക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
ദേശീയ തലത്തിൽ വ്യോമയാന മേഖലയിൽ 16 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2025 കലണ്ടർ വർഷത്തിൽ 1.25 കോടി യാത്രക്കാരെ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ കലണ്ടർ വർഷം 1,09,85,873 യാത്രക്കാരാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നു പോയത്. ഡിസംബറിൽ മാത്രം 10 ലക്ഷത്തിലധികം യാത്രക്കാർ ഉണ്ടായിരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ചരിത്രത്തിൽ ഒരു മാസം മാത്രം ഇത്രയും അധികം യാത്രക്കാർ വരുന്നത് ആദ്യമായിട്ടാണ്.
കഴിഞ്ഞ വർഷം കൂടുതൽ ആഭ്യന്തര യാത്രക്കാർ ആയിരുന്നു. 57, 65,943 ആഭ്യന്തര യാത്രക്കാരും 52,19,930 അന്താരാഷ്ട്ര യാത്രക്കാരും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി പോയിട്ടുണ്ട്. ഫെബ്രുവരി, മാർച്ച് , ജൂൺ ഒഴികെയുള്ള എല്ലാ മാസങ്ങളിലും യാത്രക്കാരുടെ എണ്ണം ഒന്പത് ലക്ഷത്തിലധികമായിരുന്നു.
കഴിഞ്ഞ കലണ്ടർ വർഷത്തിൽ 43,403 ആഭ്യന്തര സർവീസുകളും 31,473 അന്താരാഷ്ട്ര സർവീസുകളും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കൈകാര്യം ചെയ്തിട്ടുണ്ട്. കൊച്ചിയിൽ നിന്നും പുതുതായി അയർലൻഡ് വിമാന സർവീസ് ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. നിലവിൽ ഇംഗ്ലണ്ടിലേയ്ക്ക് ഇവിടെ നിന്നും എയർ ഇന്ത്യ സർവീസ് നടത്തുന്നുണ്ട്.
ജർമനി, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് നേരിട്ട് സർവ്വീസുകൾ നടത്തണമെന്ന് അവിടങ്ങളിലെ മലയാളി സമൂഹം ആവശ്യപ്പെട്ടിട്ടുണ്ട് .