അങ്കമാലിയിൽ മുദ്രപ്പത്രം കിട്ടാനില്ല; പൊതുജനം നെട്ടോട്ടത്തിൽ
1494343
Saturday, January 11, 2025 4:32 AM IST
അങ്കമാലി: അങ്കമാലിയിൽ കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രം കിട്ടാനില്ലെന്നു പരാതി. കുറഞ്ഞ വിലയിലുള്ള മുദ്രപ്പത്രങ്ങൾ കിട്ടാനില്ലാത്തതിനാൽ പലരും കൂടിയ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. അന്പതും നൂറും രൂപയുടെ മുദ്രപ്പത്രം വേണ്ടിടത്ത് അത്യാവശ്യക്കാർ ആയിരവും അതിനു മുകളിലുമുള്ള തുകയ്ക്കുള്ള മുദ്രപ്പത്രങ്ങൾ വാങ്ങേണ്ടിവരുന്നതായും പരാതിയുണ്ട്.
സ്കൂൾ സർട്ടിഫിക്കറ്റ്, വാടക കരാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ജനകീയാസൂത്രണ പദ്ധതി പ്രകാരം വീട് അറ്റകുറ്റ പ്രവൃത്തികൾക്ക് എഗ്രിമെന്റിലേർപ്പെടുന്നതിനും, ജോലികരാർ പുതുക്കൽ,
ബാങ്ക് ലോൺ എഗ്രിമെന്റ് മുതലായ അംഗീകൃത എഗ്രിമെന്റുകളിൽ ഏർപ്പെടുന്നതിനായി ഉപയോഗിച്ച് വരുന്ന 50,100, 200, 500 രൂപയുടെ ഇ -സ്റ്റാമ്പ്(മുദ്രപത്രങ്ങൾ)കിട്ടണമെങ്കിൽ പുലർച്ചെ മുതൽ ക്യു നിൽക്കേണ്ട അവസ്ഥയിലാണ് പൊതുജനങ്ങൾ.
അങ്കമാലിയിലെ മൂന്ന് സ്റ്റാമ്പ് വെണ്ടർമാരിൽ എക്സൈസ് ഓഫീസിന് സമീപമുള്ള സ്റ്റാമ്പ് വെണ്ടർ ഓഫീസിൽ മാത്രമാണ് ഇപ്പോൾ കുറച്ചെങ്കിലും മുദ്രപ്പത്രം കിട്ടുന്നത്.
പുലർച്ചെ ആറു മുതൽ മണിക്കൂറുകളോളം ക്യു നിൽക്കുന്നവരിൽ പ്രായമായവർ ഉൾപ്പെടെ പലരും ആവശ്യം നടത്താൻ കഴിയാതെ മടങ്ങുന്നതും സ്ഥിരക്കാഴ്ചയാണ്. 30 മുദ്രപത്രം മാത്രമേ ഒരു ദിവസം നൽകാൻ കഴിയു എന്നാണ് എക്സൈസ് ഓഫീസിന് സമീപത്തെ വെണ്ടർ പറയുന്നത്.
എന്നാൽ ട്രഷറിയിൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു നിബന്ധനയില്ല എന്നും പറയുന്നു. കാര്യങ്ങൾ മനസസിലാകാതെ സംശയം ചോദിച്ചാൽ തൃപ്തികരമായ മറുപടിയും ലഭ്യമല്ല. മറ്റ് രണ്ട് സ്റ്റാമ്പ് വെണ്ടർമാർ കൂടി മുദ്രപ്പത്ര വിതരണം നടത്തി പൊതുജനത്തിന്റെ ആവശ്യം നിറവേറ്റാൻ വേണ്ട നടപടി ബന്ധപെട്ട അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ആവശ്യപെട്ട് അങ്കമാലി നഗരസഭ എൽഡി എഫ് പാർലമെന്ററി പാർട്ടി വകുപ്പ് മന്ത്രി വി.എൻ. വാസവനെ ഇ-മെയിൽ സന്ദേശത്തിലൂടെ അറിയിച്ചു.