ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു
1494357
Saturday, January 11, 2025 4:42 AM IST
മൂവാറ്റുപുഴ: നിർമല കോളജിൽ അരങ്ങു വഴികളും സമൂഹവും എന്ന വിഷയത്തിൽ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു.
ബനാറസ് ഹിന്ദു സർവകലാശാലയിലെ കഥക് വിഭാഗം മേധാവി ദ്വീപാന്വിത സിൻഹ റോയ്, ഡോ. സി.എസ്. ബിജു, കുക്കു പരമേശ്വരൻ, ഷേർളി സോമസുന്ദരം, ഡോ. പി. രാജേഷ് എന്നിവർ ക്ലാസുകൾ നയിച്ചു. സെമിനാറിനോടനുബന്ധിച്ച് പദ്മവിഭൂഷൺ പണ്ഡിറ്റ് ബിർജു മഹാരാജിന്റെ ശിഷ്യ ദീപാന്വിത സിൻഹ റോയിയുടെ കഥക് അവതരണവും അരങ്ങേറി.
കഥകളിയുടെ അരങ്ങ് അവതരണവും പ്രഭാഷണവും പീശപ്പിള്ളി രാജീവും സംഘവും നടത്തി. അരങ്ങറിവുകളെക്കുറിച്ചുള്ള പരിജ്ഞാനം വിദ്യാർഥികളിൽ വളർത്തുക എന്നതായിരുന്നു സെമിനാറിന്റെ ലക്ഷ്യം. കൂടാതെ വിവിധ വിഷയങ്ങളിൽ സംവാദവും സംഘടിപ്പിച്ചു.
കോളജ് മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ, പ്രിൻസിപ്പൽ റവ.ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, ബർസാർ ഫാ. പോൾ കളത്തൂർ, മലയാളം വിഭാഗം മേധാവി സീമാ ജോസഫ്, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ഡോ. പി.ബി സനീഷ്, ഡോ. ശോഭിത ജോയ് എന്നിവർ പ്രസംഗിച്ചു.