സ്വീഡനിൽ ജോലി: ലക്ഷങ്ങൾ തട്ടിയ പ്രതി തിരുവനന്തപുരത്ത് പിടിയിൽ
1494047
Friday, January 10, 2025 4:29 AM IST
മട്ടാഞ്ചേരി: സ്വീഡനിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതിയെ തിരുവനന്തപുരത്ത് നിന്ന് ഫോർട്ടുകൊച്ചി പോലീസ് പിടികൂടി. തിരുവനന്തപുരം കവടിയാർ അംബാല നഗർ മജ്നാസ് വില്ലയിൽ ഷാനവാസിനെയാണ് ഫോർട്ടുകൊച്ചി പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഫോർട്ടുകൊച്ചി സ്വദേശിയുടെ രണ്ടര ലക്ഷം രൂപ ഉൾപ്പെടെ നിരവധി പേരിൽ നിന്നായി പ്രതി ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശ പ്രകാരം മട്ടാഞ്ചേരി അസി. കമ്മീഷണർ പി.ബി. കിരണിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വിദേശത്ത് തൊഴിൽ, ഉയർന്ന ശമ്പളം എന്നിവ വാഗ്ദാനം ചെയ്ത് പലരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി തിരുവനന്തപുരം മണക്കാട് വച്ച് പോലീസിന്റെ വലയിൽ കുടുങ്ങിയത്.
എസ്ഐ ബി. സാബു, സിപിഒമാരായ അഗസ്റ്റിൻ, വിനു, മന്ദ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.