സർക്കാർ സംവിധാനങ്ങൾ ജനസൗഹൃദമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്
1494356
Saturday, January 11, 2025 4:42 AM IST
കോതമംഗലം: സർക്കാർ സംവിധാനങ്ങൾ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റം മാത്രമല്ല ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി ന്യായമായ നിയമപരമായ ഇടപെടൽ കാര്യക്ഷമമാക്കാനുമാണ് അദാലത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ആന്റണി ജോണ്, മാത്യു കുഴൽനാടൻ, നഗരസഭാധ്യക്ഷൻ കെ.കെ. ടോമി, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, മലയാറ്റൂർ ഡിഎഫ്ഒ കുറ ശ്രീനിവാസ്,
ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. നൗഷാദ്, ബ്ലോക്ക് പഞ്ചായത്തംഗം റഷീദ സലിം, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാതു, വാർഡംഗം ഷിബു കുര്യാക്കോസ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, മൂവാറ്റുപുഴ ആർഡിഒ പി.എം അനി, ഡെപ്യൂട്ടി കളക്ടർ കെ. മനോജ്, തഹസിൽദാർ എം. മായ എന്നിവർ പങ്കെടുത്തു.
തുടർപരിശോധനകൾ ഫെബ്രുവരി ആദ്യവാരം മുതലെന്ന് മന്ത്രി രാജീവ്
കരുതലും കൈത്താങ്ങും അദാലത്തിൽ ലഭിച്ച പരാതികളിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് തുടർ പരിശോധനകൾ അടുത്ത മാസം ആദ്യവാരം ജില്ലയിൽ ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ്.
കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക് അദാലത്ത് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. 20ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആദ്യ അവലോകന യോഗം ചേരും.
തുടർന്ന് മന്ത്രിതല അവലോകന യോഗം ചേരും. ഓരോ പത്ത് ദിവസം കഴിയുന്പോഴും തുടർനടപടികൾ സംബന്ധിച്ച് പരിശോധിക്കും.
129 മുൻഗണനാ റേഷൻ കാർഡുകൾ നൽകി
കോതമംഗലം : അദാലത്തിൽ 129 മുൻഗണനാ റേഷൻ കാർഡുകൾ നൽകി. ആദിവാസി മേഖലയിൽപ്പെട്ട റേഷൻ കാർഡ് ഇല്ലാത്ത 38 പേർക്കു മുൻഗണനാ കാർഡ് നൽകി.
അദാലത്തിൽ 11 പിഎച്ച്എച്ച് കാർഡുകളും 80 അന്ത്യോദയ അന്ന യോജന കാർഡുകളും എസ്ടി വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡില്ലാത്തവർക്ക് 38 കാർഡുമടക്കം 129 കാർഡുകളാണ് അദാലത്തിൽ വിതരണം ചെയ്തത്.
കുട്ടന്പുഴ പഞ്ചായത്തിലെ പന്തപ്ര പിണവൂർകുടി ആദിവാസി മേഖലയിലുള്ളവരാണ് മുൻഗണ കാർഡ് ലഭിച്ചവരിൽ ഭൂരിഭാഗവും പേരും.