ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1494341
Saturday, January 11, 2025 4:32 AM IST
തിരുവാങ്കുളം: ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവ കുന്നപ്പള്ളി ചെമ്മലപ്പള്ളിൽ സി.എൻ. ദേവരാജന്റെ മകൻ രാഹുൽ ദേവരാജ് (27) ആണ് മരിച്ചത്. ടാറിംഗിനെ തുടർന്ന് ഭൂനിരപ്പിൽനിന്നും ഒരടിയോളമുയർന്ന റോഡിന്റെ കട്ടിംഗിൽ, രാഹുൽ സഞ്ചരിച്ച ബൈക്ക് ചാടിയതോടെ റോഡിലേക്ക് വീണ രാഹുലിനെ പിന്നാലെ വന്ന മിനി വാൻ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. ബുധനാഴ്ച വൈകിട്ട് തിരുവാങ്കുളം പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമായിരുന്നു അപകടം.
ദേശീയപാത 85 ൽ തിരുവാങ്കുളം-കരിങ്ങാച്ചിറ റോഡ് റീടാറിംഗിനെ തുടർന്ന് ഭൂനിരപ്പിൽ നിന്നും റോഡ് ഒരടിയോളം ഉയർന്നതോടെ ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ റോഡ് വശങ്ങളിലെ ഈ കട്ടിംഗുകളിൽ വീണ് അപകടത്തിൽപ്പെട്ടതായി പറയുന്നു.
വീഡിയോ എഡിറ്റിംഗ് ചെയ്യുന്ന രാഹുൽ കാക്കനാടുള്ള സ്റ്റുഡിയോയിലെ ജോലിക്കുശേഷം മടങ്ങുന്പോഴായിരുന്നു അപകടം. സംസ്കാരം ഇന്നു 11ന് കുന്നപ്പള്ളിയിലെ വീട്ടുവളപ്പിൽ. അമ്മ: മിനി ദേവരാജൻ കടുത്തുരുത്തി പള്ളിയന്പിൽ കുടുംബാംഗം. സഹോദരി: മീര.