മൂവാറ്റുപുഴ ഹെഡ് പോസ്റ്റ്ഓഫീസ് നവീകരണത്തിന് 41 ലക്ഷം
1494355
Saturday, January 11, 2025 4:42 AM IST
മുവാറ്റുപുഴ: മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസ് നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി. 41 ലക്ഷമാണ് പദ്ധതിക്ക് വേണ്ടി അനുവദിച്ചിരിക്കുന്നത്.
ഏറെ നാളായി അറ്റകുറ്റപ്പണികൾ നടത്താതെ ശോച്യാവസ്ഥയിലായിരുന്ന കെട്ടിടം നവീകരിക്കണമെന്ന് ആവശ്യപ്പെട്ടു എംപി തപാൽ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. ഇതേത്തുടർന്നാണ് നവീകരണ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചു തപാൽ വകുപ്പ് ഉത്തരവ് ഇറക്കിയത്.
സിവിൽ നിർമാണ പ്രവൃത്തികൾക്ക് 33 ലക്ഷവും ഇലക്ടിക്കൽ വിഭാഗത്തിൽ എട്ടു ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. കെട്ടിടത്തിന്റെ ചോർച്ചകൾ തടയാനുള്ള പണികളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. സിവിൽ വിഭാഗത്തിൽ ഉൾപ്പെടുത്തി നിലവിലുള്ള കെട്ടിടത്തിന്റെ ഓടുകൾ മാറ്റി മേൽക്കൂര നവീകരിക്കും. പിന്നീട് ഇടിഞ്ഞുവീണ ഭാഗങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്തും. അടർന്നു വീഴാറായ കോണ്ക്രീറ്റ് ഭാഗങ്ങൾ നീക്കം ചെയ്തു പുതുക്കി പണിയും. ദ്രവിച്ച ജനലുകൾ മാറ്റി പുതിയവ സ്ഥാപിക്കും. ശുചിമുറികളും ഇതോടൊപ്പം നവീകരിക്കും.
മൂന്നാം ഘട്ടമായി പെയിന്റിംഗ് ജോലികൾക്കും തുക വകയിരുത്തിയിട്ടുണ്ട്. കെട്ടിടത്തിൽ വയറിംഗ് മാറ്റി ലൈറ്റുകളും ഫാനുകളും മാറ്റി പുതിയവ സ്ഥാപിക്കും.
1955ൽ നിർമിച്ച കെട്ടിടത്തിലാണ് ഇപ്പോൾ ഹെഡ് പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നത്. അന്നു മുതൽ കെട്ടിടത്തിന് അറ്റകുറ്റപ്പണിയൊന്നും നടത്തിയിട്ടില്ല. 1975ലും 2010ലും കുറച്ചു ഭാഗങ്ങൾ പഴയ കെട്ടിടത്തോട് കൂട്ടി ചേർത്ത് നിർമിച്ചെങ്കിലും പഴയ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ല. 2010ന് ശേഷം ഇവിടെ യാതൊരുവിധ നവീകരണ പ്രവർത്തനങ്ങളും നടന്നിട്ടില്ല.
സബ് ഡിവിഷൻ ഇൻസ്പെക്ടർ ഓഫിസും പോസ്റ്റ് മാസ്റ്റർ ഓഫിസും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇരു ഓഫീസുകളിലുമായി 35 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. 13 സബ് ഓഫിസുകൾ ഇതിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നുണ്ട്.