ബസിൽ നിന്ന് തെറിച്ചു വീണ് ബിരുദ വിദ്യാർഥിനിക്ക് തലയ്ക്ക് പരിക്ക്
1494332
Saturday, January 11, 2025 4:19 AM IST
ആലുവ: സ്വകാര്യ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് ബിരുദ വിദ്യാർഥിനിക്ക് തലയ്ക്ക് പരിക്ക്. എടയപ്പുറം നേച്ചർ കലക്ക് സമീപം തൈക്കട്ടിൽ പരേതനായ രാജീബിന്റെയും സോണിയയുടെയും മകൾ നയന(21) യ്ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 9.45 ന് നേച്ചർ കവലയ്ക്ക് സ്റ്റോപ്പിൽ നിന്ന് കയറി 50 മീറ്റർ മുന്നോട്ട് ബസ് പോയ ശേഷമാണ് അപകടം നടന്നത്. തിരക്കായതിനാൽ വാതിലിനോട് ചേർന്ന് പിടിച്ചു നിൽക്കുകയായിരുന്നു. ഹൈഡ്രോളിക്ക് വാതിൽ ഡ്രൈവർ അടക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്.
വളവ് തിരിഞ്ഞപ്പോഴേക്കും പിടിവിട്ട് നയന റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. വിദ്യാർഥിനിയെ ആലുവ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കി. തലയിൽ തുന്നലുണ്ട്. ആലുവ പോലീസ് കേസെടുത്തു.
എടയപ്പുറം വഴി ആലുവയിലേക്ക് സർക്കുലർ സർവീസ് നടത്തുന്ന കിസ്മത്ത് എന്ന സ്വകാര്യ ബസിലാണ് ക്ലാസിൽ പോകാനായി നയന കയറിയത്. കലൂർ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ്.