കെ.ഇ. പൗലോസിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
1494077
Friday, January 10, 2025 4:58 AM IST
മൂവാറ്റുപുഴ: ഐഎംഎ സംസ്ഥാന ഘടകത്തിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് കെ.ഇ. പൗലോസ് അർഹനായി. പൗലോസിന് ഐഎംഎ മൂവാറ്റുപുഴ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്വീകരണവും അവാർഡ് ദാനവും ഇന്ന് വൈകുന്നേരം ഏഴിന് മൂവാറ്റുപുഴ റോട്ടറി ഹാളിൽ വച്ച് നൽകും. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ശ്രീവിലാസൻ അവാർഡ് ദാനം നിർവഹിക്കും. ഐഎംഎ ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
കെ.ഇ. പൗലോസ് 60 വർഷങ്ങൾക്ക് മുന്പ് മൂവാറ്റുപുഴയിലും സമീപപ്രദേശങ്ങളിലും ചികിത്സാസൗകര്യങ്ങൾ കുറവായിരുന്ന കാലഘട്ടത്തിൽ മൂവാറ്റുപുഴയുടെ ഹൃദയഭാഗത്ത് 40 കിടക്കകളോടുകൂടിയ കരുണ നഴ്സിംഗ് ഹോം ആരംഭിച്ചു.
കെ.ഇ. പൗലോസ് ഐഎംഎ മൂവാറ്റുപുഴ ശാഖയുടെ സ്ഥാപക അംഗവും പിന്നീട് സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. 1989-90 കാലഘട്ടത്തിൽ ഐഎംഎ സംസ്ഥാന പ്രസിഡന്റ്, 1995-96 ൽ ദേശീയ ഉപാധ്യക്ഷൻ, 20 വർഷം ദേശീയ ഐഎംഎ പ്രവർത്തക സമിതിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ കേരളത്തിൽ 15 പുതിയ ഐഎംഎ ശാഖകൾ സ്ഥാപിച്ച് ദേശീയ അവാർഡിന് അർഹനായി.
ദേശീയ ഉപാധ്യക്ഷനായിരുന്ന വർഷം ലക്ഷദ്വീപിൽ പുതിയ ശാഖ ആരംഭിച്ചു. കെ.ഇ. പൗലോസിന്റെ ആതുരശുശ്രൂഷരംഗങ്ങൾ, ഇതരസാമൂഹ്യ സേവനങ്ങൾ എന്നിവ കണക്കിലെടുത്താണ് അവാർഡ്.