കലൂര്‍ അപകടം : ജുഡീഷല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; രാഷ്ട്രീയ താല്പര്യമെന്ന് മേയര്‍
1494340
Saturday, January 11, 2025 4:19 AM IST
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കെത്തിയ ഉമ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് കോർപറേഷന് കൗണ്‍സിലില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. അപകടത്തില്‍ കോർപറേഷന് നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് ആരോപിച്ച പ്രതിപക്ഷം സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
ഉമ തോമസ് എംഎല്‍എ റിബണില്‍ തട്ടി വീണതിന്റെ സൂചകമായി റിബണ്‍ കെട്ടിയായിരുന്നു പ്രതിഷേധം. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയാത്ത മേയര്‍ രാജിവയ്ക്കണമെന്നും പതിപക്ഷം ആവശ്യപ്പെട്ടു.
അപകടത്തില്‍ ജിസിഡിഎയും കോർപറേഷനും പരസ്പരം പഴിചാരുകയാണ്. വിഐപികള്‍ അടക്കം പങ്കെടുക്കുന്ന പരിപാടിക്ക് പിപിആര്‍ ലൈസന്‍സ് ആവശ്യമില്ലെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുന്നതെന്ന് ദീപ്തി മേരി വര്‍ഗീസ് ചോദിച്ചു. 28നാണ് സംഘാടകര്‍ പരിപാടിക്ക് അപേക്ഷ നല്‍കുന്നത്.
എന്നാല്‍ പരിപാടി നടത്തിയ ശേഷം 30ന് പരിപാടിക്ക് അനുമതി നല്കി. സംഘാടകര്‍ നല്കിയ അപേക്ഷയില്‍ അവരുടെ ഒപ്പ് പോലും ഇല്ലാതെയാണ് കെ സ്മാര്ട്ടില് അപ്ലോഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയാണ് സസ്പെൻഡ് ചെയ്തതെന്നും ആവര് ആരോപിച്ചു.
കൗണ്‍സിലിനിടെ സംസാരിച്ചപ്പോള്‍ മേയര്‍ തനിക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതായി ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. സംഭവത്തില്‍ ദീപ്തിയുടെ വിഷമം എനിക്കറിയാമെന്ന് മേയര്‍ മൂന്ന് തവണ പറഞ്ഞു. ഇതിനെതിരെ പരാതി നല്കുന്ന കാര്യം തീരുമാനിക്കും.
ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താല്പര്യം: മേയര്‍
എംഎല്‍എയുടെ അപകടം കരുവാക്കി കോര്‍പറേഷനിലും പുറത്തും കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമെന്ന് മേയര്‍ എം. അനില്‍കുമാര്‍. പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് ജുഡീഷല്‍ അന്വേഷണം നടത്തുന്നത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പോലീസ് അന്വേഷണം തൃപ്തികരമെന്ന് വ്യക്തമാക്കിയിരുന്നു.
എന്നിട്ടും പ്രതിഷേധിക്കുകയാണ്. സംഭവത്തില്‍ വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. സ്റ്റേഡിയത്തിലെ പരിപാടിക്ക് കോര്പറേഷന് അനുമതി നല്‍കിയിട്ടില്ല. നൃത്തപരിപാടി നടത്തുന്നതിന്റെ ഭാഗമായി പിപിആര്‍ ലൈസന്‍സിന് സമര്‍പിച്ച അപേക്ഷ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിരസിച്ചിരുന്നു. എന്നാല്‍ സ്ഥലത്ത് പോയി പരിശോധന നടത്തിയില്ല. ഇതേ തുടര്‍ന്നാണ് അവരെ സസ്പെന്‍ഡ് ചെയ്തത്.
വിനോദ നികുതി സംഘാടകര്‍ അടച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അവര്‍ക്ക് നോട്ടീസ് നല്കി. ബുക്ക് മൈ ഷോ വഴി എത്ര ടിക്കറ്റ് വിറ്റെന്നുള്ള പരിശോധന നടക്കുകയാണ്. ജിസിഡിഎ ചെയര്‍മാനുമായി അഭിപ്രായവ്യത്യാസമില്ല. അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ കോര്പറേഷന് കര്‍ശന നടപടികള്‍ സ്വീകരിക്കും.