‘കരുതലും കൈത്താങ്ങും' : ജില്ലയില്‍ 1249 പരാതികള്‍ക്ക് പരിഹാരം
1494336
Saturday, January 11, 2025 4:19 AM IST
കൊച്ചി: ജില്ലയിലെ ‘കരുതലും കൈത്താങ്ങും' അദാലത്തിന് കോതമംഗലത്ത് സമാപനം. കണയന്നൂര്‍, പറവൂര്‍, ആലുവ, കൊച്ചി, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി നടന്ന അദാലത്തുകളില്‍ ആകെ 1767 പരാതികളാണ് പരിഗണിച്ചത്.
ഇതില്‍ 1249 അപേക്ഷകരെ മന്ത്രിമാര്‍ നേരില്‍ കണ്ട് പരാതികള്‍ തീര്‍പ്പാക്കി. അപേക്ഷകര്‍ ഹാജരാകാത്തതിനാല്‍ 518 പരാതികള്‍ മാറ്റി വച്ചു. ആകെ 780 പുതിയ അപേക്ഷകള്‍ ലഭിച്ചു. അവസാന അദാലത്ത് കോതമംഗലത്താണ് നടന്നത്.
മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ്, ആര്. ബിന്ദു, റോഷി അഗസ്റ്റിന്, വീണാ ജോര്‍ജ് എന്നിവര്‍ വിവിധയിടങ്ങളില്‍ നടന്ന അദാലത്തുകളില്‍ പങ്കെടുത്തു പരാതികള്‍ പരിഹരിച്ചു.അര്‍ഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ട മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍, ക്ഷേമപെന്‍ഷനുകള്‍, സ്കോളര്‍ഷിപ്പ് കുടിശിക, അതിര്‍ത്തി തര്‍ക്കം, വഴി തര്‍ക്കം, സ്വത്ത് തര്‍ക്കം തുടങ്ങി തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് മന്ത്രിമാര്‍ക്ക് മുന്നിലെത്തിയത്.
അദാലത്തില്‍ ഉയര്‍ന്നുവന്ന പൊതുപ്രശ്നങ്ങളില്‍ ചട്ട ഭേദഗതി ഉള്‍പ്പെടെയുള്ളവ സര്‍ക്കാര്‍ പരിഗണിക്കും. ഇതിനുള്ള നിര്‍ദേശങ്ങള്‍ മന്ത്രിമാര്‍ സമര്‍പ്പിക്കും. അദാലത്തില്‍ സ്വീകരിച്ച തീരുമാനങ്ങളുടെ നടപടി സംബന്ധിച്ച തുടര്‍ പരിശോധനകളും നടക്കും.
ഫെബ്രുവരി ആദ്യവാരം തുടര്‍ പരിശോധനയുടെ ഭാഗമായുള്ള അവലോകന യോഗം നടത്തും. 20 ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആദ്യ അവലോകന യോഗം ചേരും.