തൃക്കാക്കര നഗരസഭ : അയോഗ്യരാക്കപ്പെട്ട ഇടത് കൗൺസിലർമാർ കോടതിയിലേക്ക്
1494331
Saturday, January 11, 2025 4:19 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ രണ്ടു എൽഡിഎഫ് കൗൺസിലർമാരുടെ അയോഗ്യത പിൻവലിക്കണമെന്ന അപേക്ഷ തള്ളിയ നഗരസഭ കൗൺസിലിന്റെ നടപടിക്കെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കാൻ എൽഡിഎഫ് തീരുമാനം.
അയോഗ്യത പിൻവലിക്കണമെന്ന എൽഡിഎഫ് കൗൺസിലർമാരുടെ അപേക്ഷ തള്ളുകയും യുഡിഎഫ് കൗൺസിലർമാരുടെ അപേക്ഷ സ്വീകരിക്കുകയും ചെയ്തത് അനീതിയാണെന്നാണ് എൽഡിഎഫ് നിലപാട്.
അപേക്ഷ തള്ളിയ നിലപാടിനോട് യോജിപ്പില്ലെന്ന് നഗരസഭ സെക്രട്ടറിയും മിനിറ്റ്സിൽ കുറിച്ചിട്ടുണ്ട്. സിപിഎം കൗൺസിലർമാരായ മുൻ ചെയർപേഴ്സൺ ഉഷ പ്രവീൺ, സുനി കൈലാസൻ എന്നിവരുടെ അയോഗ്യത പിൻവലിക്കണമെന്ന അപേക്ഷയാണ് കഴിഞ്ഞയാഴ്ച നഗരസഭ കൗൺസിൽ തള്ളിയത്.
അയോഗ്യരാക്കപ്പെട്ടിരുന്ന കോൺഗ്രസ് കൗൺസിലർ രജനി ജീജന്റെയും മുൻ ചെയർപേഴ്സൺ അജിത തങ്കപ്പന്റെയും അയോഗ്യത കൗൺസിൽ പിൻവലിച്ചിരുന്നു.
ഒരേ കുറ്റത്തിന് അയോഗ്യരാക്കപ്പെട്ട നാലു കൗൺസിലർമാരിൽ രണ്ടു പേരെ മാത്രം തിരിച്ചെടുത്തത് നീതിയല്ലെന്ന വാദമുയർത്തിയാണ് എൽഡിഎഫ് കോടതിയെ സമീപിക്കുന്നത്.