കോതമംഗലം മാർ ബേസിലിന്റെ വിലക്ക് പിൻവലിക്കണം; മന്ത്രിക്ക് എംപി കത്ത് നൽകി
1494075
Friday, January 10, 2025 4:58 AM IST
കോതമംഗലം: സ്കൂൾ കായികമേളയിൽ കോതമംഗലം മാർ ബേസിൽ സ്കൂളിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി മന്ത്രി വി. ശിവൻ കുട്ടിക്ക് കത്ത് നൽകി. അതീവ ദുർഘട പ്രദേശങ്ങളിൽനിന്നും ആദിവാസിമേഖലകളിൽ നിന്നുമുൾപ്പെടെ സംസ്ഥാനത്ത് നൂറുകണക്കിന് കായിക താരങ്ങളെ സൃഷ്ടിച്ച വിദ്യാലയമാണ് മാർ ബേസിൽ.
സ്കൂളിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് നിലവിൽ അധ്യയനം നടത്തുന്നവരും ഭാവിയിലെ വാഗ്ദാനങ്ങളുമായ നിരവധി കായിക പ്രതിഭകൾക്കും തിരിച്ചടിയാണ്. കായികമേളയ്ക്കിടെ അവിചാരിതമായുണ്ടായ സംഭവങ്ങളിൽ സ്കൂൾ അധികൃതർ ഖേദം പ്രകടിപ്പിക്കുകയും ആ വിവരം മന്ത്രിയെ അറിയിക്കുകയും ചെയ്ത കാര്യം എംപി കത്തിൽ ഓർമിപ്പിച്ചു.
സ്കൂളിന്റെ കായിക ചരിത്രവും സ്കൂൾ സംസ്ഥാനത്തിനും രാജ്യത്തിനും നൽകിയിട്ടുള്ള സംഭാവനകളും പരിഗണിച്ച് കോതമംഗലം മാർ ബേസിൽ സ്കൂളിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് നീക്കുന്നതിന് അടിയന്തിര നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.
വിലക്ക് എത്രയും വേഗം പിൻവലിക്കുന്നതിനു നടപടി കൈക്കൊള്ളണമെന്നു ഫോണിലൂടെ മന്ത്രിയോട് അഭ്യർഥിച്ചതായും ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും എംപി അറിയിച്ചു.