കൊച്ചി: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലക്ക് മികച്ച വിജയം. ഇത്തവണ 99.86 ആണ് ജില്ലയുടെ വിജയശതമാനം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ ജില്ല താഴേക്ക് പോയി. 99.92 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയം. 2022 ല്‍ 99.65 ശതമാനവും, 2021 ല്‍ 99.8 ശതമാനവും, 2020 ല്‍ 99.32 ശതമാനവുമായിരുന്നു ജില്ലയുടെ വിജയം. ജില്ലയിലെ 287 സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി.
ഈവര്‍ഷം ജില്ലയില്‍ 32,262 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഇതില്‍ 32,216 പേര് ഉപരിപഠനത്തിനുള്ള യോഗ്യത നേടി. 46 പേര് മാത്രമാണ് ഇത്തവണ ഉപരിപഠനത്തിനുള്ള യോഗ്യത നേടാതെ പോയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ ഇത്തവണ വര്‍ധനവുണ്ടായി.
5,919 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞവര്‍ഷം 5,669 പേര്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. എ പ്ലസിലെ കുത്തക ഇത്തവണയും പെണ്‍കുട്ടികള്‍ നിലനിര്‍ത്തി. 4,057 പെണ്‍കുട്ടികള്‍ മുഴുവന്‍ വിഷങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടി. കഴിഞ്ഞ വര്‍ഷം 3,817 പേര്‍ക്കായിരുന്നു ഈ നേട്ടം. 1,858 ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഇത്തവണ മുഴുവന്‍ എ പ്ലസ് സ്വന്തമാക്കാനായത്.
വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തില്‍ ഇത്തവണയും മൂവാറ്റുപുഴയാണ് മുന്നില്‍. 99.97 ആണ് മൂവാറ്റുപുഴ വിദ്യാഭ്യസ ജില്ലയുടെ വിജയശതമാനം. ആലുവ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ചത്. 2,239 പേര് ഇവിടെ വിജയിച്ചു. എറണാകുളം വിദ്യാഭ്യാസ ജില്ലയില്‍ 1,687, കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ 1,049, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 840 വിദ്യാര്‍ഥികളും വിജയിച്ചു.
287 സ്കൂളുകള്‍ക്ക് നൂറു ശതമാനം
നൂറു ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ നേരിയ കുറവ്. കഴിഞ്ഞവര്‍ഷം 299 സ്കൂളുകള്‍ നൂറു മേനി കൊയ്തപ്പോള്‍ ഇത്തവണ 287 സ്കൂളുകളായി കുറഞ്ഞു. 82 സര്‍ക്കാര്‍ സ്കൂളുകളാണ് ഇത്തവണ ജില്ലയില്‍ നൂറുമേനി വിജയം കൈവരിച്ചത്. 155 എയ്ഡഡ് സ്കൂളുകള്‍ക്കും 50 അണ് എയ്ഡഡ് സ്കൂളുകള്‍ക്കും നൂറ് ശതമാനം വിജയം നേടാനായി. കഴിഞ്ഞവര്‍ഷം 87 സര്‍ക്കാര്‍ സ്കൂളുകളും 163 എയ്ഡഡ് സ്കൂളുകളും 49 അണ് എയ്ഡഡ് സ്കൂളുകളുമാണ് നൂറു ശതമാനം നേടിയത്.
ലക്ഷദ്വീപില്‍ വിജയ ശതമാനത്തില്‍ കുറവ്
കൊച്ചി: എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ ലക്ഷദ്വീപിന്റെ വിജയശതമാനത്തില്‍ കുറവ്. 97.19 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞവര്‍ഷം ഇത് 97.92 ശതമാനമായിരുന്നു. പരീക്ഷയെഴുതിയ 285 പേരില്‍ 277 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. ലക്ഷദ്വീപില്‍ ഒമ്പത് സ്കൂളുകളില്‍ ആറ് സ്കൂളുകള്‍ നൂറു ശതമാനം വിജയം കൈവരിച്ചു.
ഷഹീദ് ജവാന് മുത്തുകോയ സ്മാരക സീനിയര്‍ സെക്കണ്ടറി സ്കൂള്‍, അമിനി, ഗവ.സര്‍ദാര്‍ പട്ടേല്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍, കല്‍പ്പേനി, ഗവ. എച്ച്എസ് മിനിക്കോയ്, ഗവ. എച്ച്എസ് അഗത്തി, ഗവ എച്ച്എസ് കട്മട്ട്, ഗവ എച്ച്എസ് ചേത്ത്ലത്ത് എന്നീ സ്കൂളുകളാണ് നൂറു ശതമാനം വിജയം നേടിയത്. മൂന്ന് വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചത്.
മൂവാറ്റുപുഴയ്ക്ക് ഇത്തവണയും നേട്ടം
വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ ഇത്തവണയും മൂവാറ്റുപുഴ തന്നെയാണ് മുമ്പില്‍. 99.97 ആണ് മൂവാറ്റുപുഴയുടെ വിജയശതമാനം. പരീക്ഷയെഴുതിയതില്‍ ഒരാള്‍ മാത്രമാണ് ഉപരിപഠനത്തിനുള്ള യോഗ്യത നേടാതെ പോയത്. ഇത്തവണ പരീക്ഷയെഴുതിയ 3,647 പേരില്‍ 3,646 പേരും യോഗ്യത നേടി.
കഴിഞ്ഞവര്‍ഷം പരീക്ഷയെഴുതിയ മുഴുവന്‍ പേരെയും വിജയിപ്പിച്ച് മൂവാറ്റുപുഴ ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. പരീക്ഷയെഴുതിയതില്‍ 1,864 ആണ്‍കുട്ടികളും 1,783 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയത്. ഇതില്‍ 840 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ആണ്‍കുട്ടികളില്‍ 278 പേരും പെണ്‍കുട്ടികളില്‍ 502 പേരും ഫുള്‍ എപ്ലസ് സ്വന്തമാക്കി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് നേടി സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാമതെത്തി.
12,062 പേര് പരീക്ഷയെഴുതിയ ആലുവ വിദ്യാഭ്യാസ ജില്ലയില്‍ 12,047 പേര് വിജയിച്ചു. 99.88 ആണ് വിജയശതമാനം. 2,339 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് സ്വന്തമാക്കി. കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ 5,519 പേര് പരീക്ഷയെഴുതി. 5,511 പേര് വിജയിച്ച് 99.86 വിജയശതമാനം നേടി. 1,049 പേര്‍ക്ക് ഫുള്‍ എപ്ലസ് ലഭിച്ചു. 11,034 പേര് പരീക്ഷയെഴുതിയ എറണാകുളം വിദ്യാഭ്യാസ ജില്ലയില്‍ 11,012 പേര് വിജയിച്ചു. 99.58 ആണ് വിജയശതമാനം. 1687 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.