‘ഗാരേജ് റെയിൽവേ ഗേറ്റിൽ ഓവർ ബ്രിഡ്ജ് നിർമിക്കണം’
1423735
Monday, May 20, 2024 4:34 AM IST
ആലുവ: ദേശീയപാതയോടു ചേർന്നുള്ള ഗാരേജ് റെയിൽവേ ഗേറ്റിലെ ഗതാഗത തടസവും കുരുക്കും ഒഴിവാക്കാനായി ഓവർ ബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ട്രെയ്നുകളുടെ എണ്ണം വർധിച്ചതോടെ റെയിൽവേ ഗേറ്റ് ഭൂരിഭാഗം സമയവും അടഞ്ഞുകിടക്കുകയാണ്. ഇതേതുടർന്ന് ദേശീയ പാതയിലും ഗേറ്റിനപ്പുറത്തും വാഹനങ്ങളുടെ നീണ്ടനിരയാണ്.
തായിക്കാട്ടുകര ഗാരേജിൽ റെയിൽവേ ഗേറ്റ് കടന്നു പോകുന്ന സ്ഥലത്ത് റെയിൽവേ ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് ചൂർണിക്കര പഞ്ചായത്തംഗം കെ.കെ. ശിവാനന്ദൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് എംപിക്കും റെയിൽവേക്കും നിവേദനം നൽകി.
നിലവിൽ തീപിടുത്തമോ മറ്റോ ഉണ്ടായാൽ ഫയർ എൻജിനുകൾ അടഞ്ഞ് കിടക്കുന്ന റെയിൽവേ ഗേറ്റ് തുറക്കാൻ കാത്ത് നിൽക്കാതെ ആലുവ വഴിയാണ് മറുഭാഗത്ത് എത്തുന്നത്. ഭാരവണ്ടികൾക്കും റോഡിന്റെ വീതിക്കുറവ് കാരണം കടന്നു പോകാൻ കഴിയുന്നില്ല. ഇതിനെല്ലാം പരിഹാരമായി റെയിൽവേ ഓവർ ബ്രിഡ്ജ് നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.