താലൂക്ക് ലൈബ്രറി കൗൺസിൽ ‘വായനക്കൂട്ട’ങ്ങൾ രൂപീകരിക്കും
1423742
Monday, May 20, 2024 4:49 AM IST
മൂവാറ്റുപുഴ: വായനയെ കൂടുതൽ ജനകീയമാക്കി വീണ്ടെടുക്കുവാൻ വർഷത്തിൽ 500 വായനാ സദസുകൾ സംഘടിപ്പിക്കുവാൻ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ വാർഷിക പൊതുയോഗത്തിന്റെ തീരുമാനം.
ഓരോ ഗ്രന്ഥശാലാ പരിസരത്തുമുള്ള വീടുകൾ കേന്ദ്രീകരിച്ച് കുടുംബാംഗങ്ങളും പരിസരവാസികളും സുഹൃത്തുക്കളും ഉൾപ്പെടുന്ന വായനക്കൂട്ടം രൂപീകരിക്കുകയും അവിടെ പ്രതിമാസം പുസ്തക വായനയും ചർച്ചയും കലാപരിപാടികളും നടത്തും.
500 വായനക്കൂട്ടങ്ങളാണ് താലൂക്കിൽ രൂപീകരിക്കുക. കൂടാതെ ഗ്രന്ഥശാലകൾക്ക് ഉയർന്ന ഗ്രേഡ് നേടാനുള്ള പദ്ധതി തയാറാക്കും. എല്ലാ ഗ്രന്ഥശാലകളിലും ബാലവേദി, വനിതാവേദി, യുവജനവേദി പ്രവർത്തനം സജീവമാക്കും.
ഡിജിറ്റൽ സാധ്യകൾ ഗ്രന്ഥശാലകളിൽ ഉപയോഗിക്കും. കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ സാംസ്കാരിക സംഗമങ്ങൾ നടത്തും. കുടുംബശ്രീയുമായി യോജിച്ച് റീജണൽ വുമൺ കോൺക്ലേവുകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
മൂവാറ്റുപുഴ അർബൻ ബാങ്ക് ഹാളിൽ നടന്ന താലൂക്ക് ലൈബ്രറി സംഗമം സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.