സ്വകാര്യ ബസ് ജീവനക്കാർ വയോധികന്റെ രക്ഷകരായി
1423264
Saturday, May 18, 2024 4:44 AM IST
കൂത്താട്ടുകുളം: സ്വകാര്യ ബസ് ജീവനക്കാർ വയോധികന്റെ രക്ഷകരായി. ഇന്നലെ രാവിലെ കൂത്താട്ടുകുളം സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസ് കയറാൻ എത്തിയ ഇടയാർ സ്വദേശി ഇഞ്ചത്താനത്ത് ജോസി(72)നു ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും സ്റ്റാൻഡിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു. വയോധികനെ ആശുപത്രിയിലെത്തിക്കാൻ മറ്റു വാഹനങ്ങൾ ഇല്ലാതെ വന്നതോടെ ബസ് ജീവനക്കാർ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
നിറയെ യാത്രക്കാരുമായി പാലായിക്ക് പുറപ്പെടാൻ ഒരുങ്ങിയ സെന്റ് റോക്കീസ് ബസിൽ നിന്നും യാത്രക്കാരെ ഇറക്കിയശേഷം, ബസ് വയോധികനുമായി കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
ബസ് ആശുപത്രി കോന്പൗണ്ടിൽ എത്തിയപ്പോഴേക്കും ജീവനക്കാർ സ്ട്രക്ച്ചറുമായി ഓടിയെത്തി. നിമിഷനേരം കൊണ്ട് രോഗിക്കു വേണ്ട പ്രാഥമിക ശുശ്രൂഷ ലഭിച്ചതിനാൽ രക്ഷപ്പെട്ടു. ജോസ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.