കേരളത്തിലെ യുഡിഎഫ് സംവിധാനം തകരും: കെ.ജെ. ദേവസ്യ
1423440
Sunday, May 19, 2024 5:46 AM IST
കൽപ്പറ്റ: ലോകസഭാ തിരഞ്ഞെടുപ്പുഫലം വരുന്ന മുറയ്ക്ക് കേരളത്തിലെ യുഡിഎഫ് സംവിധാനം തകരുമെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ പ്രസ്താവനയിൽ പറഞ്ഞു.
യുഡിഎഫിന്റെ തകർച്ച മുന്നിൽക്കണ്ടാണ് കോണ്‍ഗ്രസ് നേതൃത്വം പാർട്ടി മുഖപത്രത്തിലൂടെ കേരള കോണ്‍ഗ്രസ്-എമ്മിനു മുകളിൽ കുതിരകയറിയത്.
കേന്ദ്ര, സംസ്ഥാന തലങ്ങളിൽ അടിപതറിയ കോണ്‍ഗ്രസിന്റെ കൂടാരത്തിലേക്ക് സാമാന്യബുദ്ധിയുള്ളവർ നയിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയും പോകില്ല. രാജ്യവ്യാപകമായി മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ പാർട്ടി വിട്ടു.
കേരളത്തിൽ ആർ. ശങ്കർ, കെ. കരുണാകരൻ, എ.കെ. ആന്റണി എന്നീ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ ബിജെപിയിൽ ചേർന്നു.
കേരള കോണ്‍ഗ്രസ്-എം നിലവിൽ എൽഡിഎഫിലെ പ്രമുഖ കക്ഷികളിൽ ഒന്നാണ്. തൃപ്തിയോടെയാണ് പാർട്ടിയും പ്രവർത്തകരും ഇടതുമുന്നണിയിൽ നിലകൊള്ളുന്നത്.
ജോസ് കെ. മാണിയെ വ്യക്തിപരമായി ചെറുതാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം ജനം അറിയുന്നുണ്ട്.
കേരള കോണ്‍ഗ്രസ്-എമ്മിനെ ഓർത്ത് കോണ്‍ഗ്രസിലെ ആരും വിലപിക്കേണ്ടതില്ല. ബിജെപിയിൽ ചേരാൻ അച്ചാരം വാങ്ങി കാത്തിരിക്കുന്നവരെക്കുറിച്ച് ചിന്തിച്ച് കോണ്‍ഗ്രസ് നേതാക്കൾ കരഞ്ഞാൽ മതിയെന്നും ദേവസ്യ പറഞ്ഞു.