കോതമംഗലം താലൂക്കിൽ ഡെങ്കിപ്പനി വ്യാപകം
1423405
Sunday, May 19, 2024 4:55 AM IST
കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വർധിക്കുന്നുണ്ട്.
നിരവധി പേരെ കിടത്തി ചികിത്സയ്ക്ക് വിധേയരാക്കി. രോഗവാഹികളായ കൊതുക് പെരുകാനുള്ള സാഹചര്യം പൊതുവേ ഉണ്ടെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ രോഗികളുടെ എണ്ണം വലിയതോതിൽ വർധിക്കാമെന്നാണ് റിപ്പോർട്ട്.
റബർ തോട്ടങ്ങളിലും പൈനാപ്പിൾ തോട്ടങ്ങളിലും കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിന് അനുകൂല സാഹചര്യമാണുള്ളത്. വീടുകളുടേയും സ്ഥാപനങ്ങളുടേയും പരിസരങ്ങളും കൃഷിയിടങ്ങളും നിരന്തരം നിരീക്ഷിച്ച് ഉറവിട നശീകരണം നടത്തണമെന്നും അധികൃതർ ആവശ്യപ്പെടുന്നു.
ജലജന്യരോഗമായ മഞ്ഞപ്പിത്തവും താലൂക്കിൽ പടർന്നുപിടിക്കാനുള്ള സാധ്യതയും ഏറെയാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. പാചകത്തിന് ഉപയോഗിക്കുന്നത് ശുദ്ധമായ വെള്ളമാണെന്നും ഉറപ്പാക്കണം. ഭക്ഷണപാനിയങ്ങൾ വിതരണം ചെയ്യുന്ന ഹോട്ടലുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളും ശുചിത്വം ഉറപ്പാക്കേണ്ടതുണ്ട്.
ഇത്തരം സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്താനാണ് അധികൃതർ ഒരുങ്ങുന്നത്. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം ശക്തമായ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.