കൃഷിക്കൊപ്പം കളമശേരി; 327 കോടിയുടെ പദ്ധതി തയാർ
1423736
Monday, May 20, 2024 4:34 AM IST
ആലങ്ങാട്: സംസ്ഥാനത്ത് ആദ്യമായി ഒരു നിയമസഭാ മണ്ഡലത്തിന് വേണ്ടി മാത്രം 327 കോടി രൂപയുടെ കാർഷിക വികസന പദ്ധതി തയാറായി. മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ കളമശേരിയിൽ നടപ്പാക്കുന്ന ‘കൃഷിക്കൊപ്പം കളമശേരി' പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ടും ജലവിഭവ ഭൂപടവുമാണ് തയാറായത്.
മണ്ഡലത്തിലെ 4482 ഹെക്ടർ കൃഷിഭൂമിയുടെ ഉത്പാദനക്ഷമത പൂർണമായും ഉപയോഗപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇതിൽ 18 കോടി രൂപയുടെ പദ്ധതികൾ ഇതിനകം പൂർത്തിയാക്കി. 309.43 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കായി നിർദേശവും തയാറാക്കിയിട്ടുണ്ട്.
കൃഷി - ജലവിഭവ വകുപ്പുകൾ, തൊഴിലുറപ്പ് പദ്ധതി, കെഎൽഡിസി എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾ സംയോജിപ്പിച്ചാണ് കാർഷിക വികസന പദ്ധതി തയാറാക്കിയിട്ടുള്ളത്. മണ്ഡലത്തിലെ 4482 ഹെക്ടർ കൃഷിഭൂമി പൂർണമായും കൃഷിക്കായി തന്നെ ഉപയുക്തമാക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. കാർഷികാവശ്യത്തിനായുള്ള ജലസേചന സൗകര്യങ്ങൾ രേഖപ്പെടുത്തുന്ന ജലവിഭവ ഭൂപടവും തയാറാക്കിയിട്ടുണ്ട്.
ആലങ്ങാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മന്ത്രി പി. രാജീവ് ഡിപിആർ പ്രകാശനം ചെയ്തു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് അധ്യക്ഷനായി.