ഭൂമി തരംമാറ്റം : തൃക്കാക്കര കൃഷിഭവനിൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നു
1423730
Monday, May 20, 2024 4:34 AM IST
കാക്കനാട്: ബിടിആറിൽ നിലമായി കിടക്കുന്നതും 2008ന് മുമ്പ് നികത്തിയതുമായ ഭൂമികൾ തരം മാറ്റുന്നതിനുള്ള ആദ്യ നടപടി ക്രമമെന്ന നിലയിൽ ഡാറ്റാ ബാങ്കിൽനിന്ന് നീക്കം ചെയ്യുന്നതിനായി ഫോർട്ടുകൊച്ചി ആർഡിഒ ഓഫീസിൽ നൽകിയതും റിപ്പോർട്ടിനായി തൃക്കാക്കര കൃഷിഭവനിലേക്ക് കൈമാറിയതുമായ അപേക്ഷകൾ കെട്ടിക്കിടക്കുന്നു. 2021 മുതലലുള്ള ഓഫ്ലൈനായും ഓൺലൈനായുമുള്ള ഫോം-5 അപേക്ഷകളാണ് കൃഷി ഓഫീസറുടെയും എൽഎൽഎംസി കമ്മറ്റിയുടെയും തീരുമാനത്തിനായി കെട്ടികിടക്കുന്നത്.
ഫോം-5 പ്രകാരമുള്ള അപേക്ഷകൾ തീർപ്പുകൽപ്പിച്ച് ഡാറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കിയാൽ മാത്രമേ ഫോം-6 പ്രകാരമുള്ള അപേക്ഷ നൽകി ഭൂമി തരം മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. തൃക്കാക്കര കൃഷി ഓഫീസിൽ അന്വേഷിച്ചു ചെല്ലുന്ന അപേക്ഷരോട് കോടതി ഉത്തരവുകൾ ഉള്ള അപേക്ഷകൾ മാത്രമേ പരിഗണിക്കുന്നുള്ളുവെന്നും കോടതി ഉത്തരവുമായി വരുവാനുമാണ് കൃഷിഭവൻ ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ വൻകിട ഭൂമാഫിയകളുടെയും സ്വാധീനമുള്ളവരുടെയും അപേക്ഷകൾ ഉടനടി തീർപ്പുകൽപ്പിച്ചുകൊടുക്കുന്നുമുണ്ട് കണയന്നൂർ താലൂക്കിൽ ഓഫ്ലൈൻ അപേക്ഷകൾ ഏറ്റവും കൂടുതൽ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നത് തൃക്കാക്കര കൃഷി ഓഫീസിലാണ്.