മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 31ന് പൂര്‍ത്തിയാക്കും: മേയര്‍
1423396
Sunday, May 19, 2024 4:44 AM IST
കൊച്ചി: നഗരത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 31 നുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി തോടുകളിലെയും കാനകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങളും ചെളിയും പായലും നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. 31 ന് മുന്‍പായി ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങളില്‍ പൊതുജന സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പകര്‍ച്ച വ്യാധി പ്രതിരോധത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മസേന പ്രതിനിധികള്‍ എന്നിവരുടെ യോഗം ടൗണ്‍ഹാളില്‍ ചേര്‍ന്നിരുന്നു.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ. അഷ്റഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉറവിട കൊതുക് നശീകരണമുള്‍പ്പെടെയുള്ള കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ആശാ പ്രവര്‍ത്തകരും സംയുക്തമായി പ്രവര്‍ത്തിക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടു.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി തെര്‍മോമീറ്റര്‍, പള്‍സ് ഓക്സിമീറ്റര്‍, മാസ്ക്, രോഗപ്രതിരോധ സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ എന്നിവ ആശാപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു. ഹോട്ടലിനു മുന്നിലുമുള്ള കാനകള്‍ സ്വന്തം നിലയില്‍ വൃത്തിയാക്കണമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന വേസ്റ്റ് നീക്കം ചെയ്യുന്നതിന് 19 അംഗ താല്‍ക്കാലിക ടീമിനെ നിയോഗിച്ചതായും മേയര്‍ പറഞ്ഞു.
എല്ലാ ഡിവിഷനുകളിലും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലും പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും മേയര്‍ പറഞ്ഞു.
അന്തിമഘട്ടത്തിലെന്ന് സെക്രട്ടറി
കൊച്ചി: കോര്‍പറേഷന്റെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം സമയബന്ധിതമായി നടന്നുവരികയാണെന്ന് കോര്പറേഷന് സെക്രട്ടറി വി. ചെല്‍സാസിനി അറിയിച്ചു. കോര്പറേഷന് പരിധിയിലെ എല്ലാ കനാലുകളുടെയും തോടുകളിലെയും പോളയും പായലും നീക്കം ചെയ്തു.
243 ശുചീകരണ പ്രവൃത്തികളാണ് മാര്‍ച്ചില്‍ ആരംഭിച്ചത്. കാനകളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളും നീക്കം ചെയ്യുന്നുണ്ട്. വെള്ളപ്പൊക്ക ഭീഷണിയുള്ള 14 സ്ഥലങ്ങളില്‍ 25 എച്ച്പി വരെയുള്ള പമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കനാലുകളിലെ അധികജലം ഒഴുക്കി വിടുന്നതിന് പെട്ടി-പറ സംവിധാനവും ഏര്‍പ്പെടുത്തി. സിഎസ്എംഎല്‍ ഫണ്ട് ഉപയോഗപ്പെടുത്തി വാങ്ങിയ സക്ഷന്‍ കം ജെറ്റിംഗ് മെഷീന് ഉപയോഗിച്ച് എംജി റോഡിലെ കാനകളുടെ ശുചീകരിച്ചതായും സെക്രട്ടറി പറഞ്ഞു.