ചൂർണിക്കര എഫ്എച്ച്സിയിലെ താത്കാലിക നിയമനം നിയമവിരുദ്ധം: സർക്കാർ
1423258
Saturday, May 18, 2024 4:39 AM IST
ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരനെ നിയമിച്ചത് നിയമവിരുദ്ധമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. നിയമനത്തിൽ ചട്ടവിരുദ്ധമായ നടപടികൾ നടന്നുവെന്ന് അസിസ്റ്റന്റ് ഡയറക്ടർ ചൂർണിക്കര പഞ്ചായത്ത് സെക്രട്ടറിക്ക് അയച്ച ഉത്തരവിൽ വ്യക്തമാക്കി.
പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ആബുലൻസ് ഡ്രൈവർ തസ്തികയിലെ താത്കാലിക നിയമനമാണ് വിവാദമായത്. നിലവിലെ ആംബുലൻസ് ഡ്രൈവർ ഹൃദ്രോഗത്തെത്തുടർന്ന് ദീർഘകാലം വിശ്രമത്തിൽ ആയതോടെയാണ് പുതിയ നിയമനം നടത്തിയത്.
ഒഴിവ് പൊതുജനങ്ങളെ അറിയിക്കാതെ അതീവ രഹസ്യമായി നടത്തിയതാണ് തിരിച്ചടിയായത്. സർക്കാരിനെ അറിയിക്കാതെയും, താത്കാലിക ഒഴിവുകൾ എംപ്ലോയ്മെന്റ് എക്ചേഞ്ചിൽ നിന്നാകണമെന്നുള്ള നിർദേശം പാലിക്കാതെയുമാണ് നിയമനം നടത്തിയിരിക്കുന്നത്.
വിവരാവകാശ പ്രവർത്തകൻ കെ.ടി. രാഹുൽ നൽകിയ വിവരാവകാശ രേഖകൾ പ്രകാരമാണ് നിയമനം നടന്ന വിവരം പുറത്തുവന്നത്. ഈ രേഖയുടെ അടിസ്ഥാനത്തിലാണ് നിയമനത്തിനെതിരേ സർക്കാരിന്റെ ഉത്തരവ്.