ജനസേവയ്ക്ക് അഭിമാന മുഹൂർത്തം
1423734
Monday, May 20, 2024 4:34 AM IST
ആലുവ: ജനസേവയുടെ അഭിമാനമായ ഫുട്ബോൾ താരം ബിബിൻ അജയന് വൈക്കത്തുനിന്ന് ജീവിത സഖി. വൈക്കം കുലശേഖരമംഗലം നാറാണത്ത്തിട്ട, തമ്പി - ശ്രീലത ദമ്പതികളുടെ മകൾ രോഹിതയാണ് വധു. രോഹിത ആസ്റ്റർ മെഡിസിറ്റിയിലെ നഴ്സാണ്.
വൈക്കം കാട്ടിക്കുന്ന് നാസ് കൺവൻഷൻ സെന്ററിൽ നടന്ന വിവാഹ ചടങ്ങിൽ ജനസേവ ചെയർമാൻ ജോസ് മാവേലി വരന്റെ പിതാവിന്റെ സ്ഥാനത്തുനിന്ന് നേതൃത്വം നൽകി. ജനസേവ പ്രസിഡന്റ് ചാർളി പോൾ അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.
ജനസേവ ശിശുഭവൻ ബിബിന്‍ സമ്മാനമായി നൽകിയ സ്ഥലത്ത് ഭവന നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കി ഇരുവരും അവിടേയ്ക്ക് താമസം മാറുമെന്ന് ജനസേവ ഭാരവാഹികൾ അറിയിച്ചു.
2022 ലെ സന്തോഷ് ട്രോഫി മത്സരത്തിൽ ബിബിൻ കേരളത്തിന് വേണ്ടി പൊരുതി ജയിച്ച് കേരളത്തിനും ജനസേവയ്ക്കും അഭിമാനമായി മാറിയിരുന്നു. 2008ല്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനസേവ സ്പോട്സ് അക്കാദമിയിലെ പരിശീലനത്തിലൂടെയാണ് ബിബിന്‍ ഫുട്ബോള്‍ കളി പഠിച്ചതും വളര്‍ന്നു വന്നതും.