ജില്ലയില്‍ മഴ കനക്കുന്നു; മൂന്ന് ദിവസം ഓറഞ്ച് അലര്‍ട്ട്
1423746
Monday, May 20, 2024 4:49 AM IST
കൊച്ചി: മഴ കനത്തതോടെ ജില്ലയില്‍ വരുന്ന മൂന്ന് ദിവസം കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. 22ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.
മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ജാഗ്രത പാലിക്കണം
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയാറാക്കപ്പെടുന്ന കാമ്പുകളിലേക്ക് മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വയ്ക്കണം.
അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക.