ബസുകൾ നിർത്തിയിടുന്നതിനു ഇന്നുമുതൽ മാറ്റം
1423700
Monday, May 20, 2024 1:48 AM IST
ഒറ്റപ്പാലം: അപകടങ്ങൾ നിത്യസംഭവമായി മാറിയ നഗരസഭ ബസ്റ്റാൻഡിനുള്ളിൽ ഇന്നുമുതൽ ബസുകൾ നിർത്തിയിടുന്നതിൽ മാറ്റം. ബസുകൾ ഇപ്പോൾ യാർഡിൽ നിർത്തിയിടുന്ന സംവിധാനത്തിനാണ് മാറ്റം വരുത്തിയത്.
ഇന്നുമുതൽ ബസുകൾ കെട്ടിടത്തിന് അഭിമുഖമായി നിർത്തിയിടാനാണ് തീരുമാനം. നഗരസഭാധ്യക്ഷ വിളിച്ചുചേർത്ത യോഗത്തിലാണു ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിൽ ബസുകൾ യാർഡിന് അഭിമുഖമായാണ് നിർത്തുന്നത്.
യാത്രക്കാർ യാർഡിലിറങ്ങി നടക്കുന്നതു വിലക്കാനും തീരുമാനിച്ചിട്ടുണ്ട്. കെട്ടിടത്തിനു അഭിമുഖമായി ബസ് നിർത്തുന്നതിനാൽ യാത്രക്കാർക്ക് വരാന്തയിൽകൂടി നടന്ന് ബസിനു മുൻവശത്തെ ബോർഡ് വായിക്കാം. ഇതിലൂടെ സ്റ്റാൻഡിൽ നടക്കുന്ന അപകടങ്ങൾ ഒഴിവാക്കാമെന്നാണ് കരുതുന്നത്.
അതേസമയം, ബസ്ബേകളിലെ കോൺക്രീറ്റ് തിട്ടുകൾ, ബസുകൾ കെട്ടിടത്തിന് അഭിമുഖമായി തിരിച്ചിടുന്നതിനു തടസമാകുമെന്നാണ് ബസുടമകളുടെ ആശങ്ക.
അങ്ങനെയെങ്കിൽ തിട്ടുകൾ പൊട്ടിക്കാനും ആവശ്യമായരീതിയിൽ സ്ഥലമൊരുക്കാനും തീരുമാനമായിട്ടുണ്ട്. നഗരസഭാ ബസ് സ്റ്റാൻഡിൽ ഇടക്കിടെയുണ്ടാകുന്ന അപകടങ്ങൾ പരിഗണിച്ചാണ് പരിഷ്കാരം നടപ്പാക്കുന്നത്. കഴിഞ്ഞ മാർച്ച് 31-ന് സ്റ്റാൻഡിനുള്ളിൽവച്ച് ബസിടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചിരുന്നു. തെറ്റായദിശയിൽ മത്സരിച്ചോടിയ സ്വകാര്യബസ് ഇടിച്ചായിരുന്നു മരണം. ഇതേത്തുടർന്ന് റബർനിർമിത ഹമ്പുകൾ സ്ഥാപിച്ചെങ്കിലും കഴിഞ്ഞദിവസം വീണ്ടും അപകടമുണ്ടായി.
സ്വകാര്യബസ് കമാനത്തിലിടിച്ച് ആറുപേർക്ക് പരിക്കേറ്റിരുന്നു. അതേ സമയം ബസ് കമാനത്തിലിടിച്ചത് ബ്രേക്ക് പോയതിനെത്തുടർന്നാണെന്നാണ് സൂചന. അപകടത്തെ സംബന്ധിച്ചുള്ള പോലീസ് റിപ്പോർട്ട് കിട്ടുന്നമുറയ്ക്ക് ഇന്ന് തന്നെ ബസ് പരിശോധിക്കുമെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ട ബസ് കമാനത്തിലിടിച്ച് നിർത്താൻ ശ്രമിക്കുകയായിരുന്നെന്നാണു വിവരം.
വെള്ളിയാഴ്ച വൈകീട്ടാണ് സ്വകാര്യബസ് കമാനത്തിലിടിച്ച് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ യാത്രക്കാരായ ആറുപേർക്ക് പരിക്കേറ്റിരുന്നു. പാലക്കാട് ഭാഗത്തേക്കു പോകുകയായിരുന്ന ബസ് കമാനത്തിലിടിച്ച് പിറകിലേക്കുവന്ന് മറ്റൊരു ബസിൽ ഇടിച്ചുനിൽക്കുകയായിരുന്നു.