കട കുത്തിത്തുറന്നു മോഷണം
1423398
Sunday, May 19, 2024 4:44 AM IST
ആലങ്ങാട്: വെളിയത്തുനാട് പറേലിപള്ളത്ത് കമ്പിപ്പാര ഉപയോഗിച്ച് കട കുത്തിത്തുറന്നു മോഷണം. 20,000 രൂപയുടെ കടയിലെ സാധനങ്ങളും പെട്ടിയിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും നഷ്ടപ്പെട്ടു. വെളിയത്തുനാട് പറേലിപ്പള്ളത്തെ റഷീദിന്റെ കടയാണ് കുത്തിത്തുറന്നത്. ഇന്നലെ പുലർച്ചെ 3.50നായിരുന്നു മോഷണം നടന്നത്.
രാവിലെ കട തുറക്കാൻ ഉടമ എത്തിയപ്പോഴാണ് പൂട്ടു തകർത്ത നിലയിൽ കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് ആലങ്ങാട് പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.കമ്പിപ്പാര ഉപയോഗിച്ചാണ് പൂട്ട് തകർത്ത് അകത്തു കയറിയത്. ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടു യുവാക്കളാണു മോഷണം നടത്തിയതെന്നും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
പോലീസ് അന്വേഷണം ആരംഭിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായ റഷീദ് നാട്ടുകാരുടെ സഹായത്തോടെയാണു കട ആരംഭിച്ചത്. സാധനങ്ങൾ നഷ്ടമായതോടെ റഷീദിന്റെ കുടുംബം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. കുറച്ച് ദിവസങ്ങളിലായി ഇരുചക്രവാഹനത്തിൽ പരിചിതമല്ലാത്ത യുവാക്കൾ ഈ പ്രദേശത്ത് കറങ്ങുന്നതായി നാട്ടുകാർ പറഞ്ഞു.