ആലുവയിലെ ഗതാഗതക്കുരുക്ക്: കൗൺസിലർമാർ സമരമുഖത്തേക്ക്
1423402
Sunday, May 19, 2024 4:55 AM IST
ആലുവ: ആലുവ മേഖലയിൽ ദേശീയ പാതയിലടക്കം അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കൗൺസിലംഗങ്ങൾ സമര മുഖത്തേക്ക്.
ആലുവയുടെ വളർച്ചയേയും വികസനത്തേയും മുരടിപ്പിലേക്ക് നയിക്കുന്ന ഗതാഗതക്കുരുക്കിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
24ന് മന്ത്രി ഗണേഷ് കുമാർ ഗതാഗതക്കുരുക്ക് നേരിട്ട് മനസിലാക്കാൻ ആലുവ, അങ്കമാലി, കാലടി മേഖലകൾ സന്ദർശിക്കുന്നുണ്ട്. പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനും നഗരസഭ ശ്രമിക്കും.
ഇന്നലെ ചേർന്ന ആലുവ മുനിസിപ്പൽ കൗൺസിലാണ് പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ തീരുമാനിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടി കൗൺസിൽ അംഗങ്ങളുടെ സത്യഗ്രഹ പരിപാടി സംഘടിപ്പിക്കും.
ബഹുജന പങ്കാളിത്തത്തോടെയുള്ള തുടർ പ്രക്ഷോഭപരിപാടികൾ നടത്തുമെന്നും ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു.